മൂന്നാർ ∙ ജില്ലാ പഞ്ചായത്ത് ഡിവിഷനായ മൂന്നാറിലും ദേവികുളത്തും സ്ഥാനാർഥികളെല്ലാം ‘സെറ്റ്’. യുഡിഎഫിന്റെ ചർച്ചകൾ തീരുമാനമാകാതെ തുടരുമ്പോഴാണ് അതിനെയെല്ലാം മറികടന്നു മൂന്നാറിൽ എല്ലാം മൂന്ന് സ്ഥാനാർഥികളും പ്രചാരണം തുടങ്ങിയത്.
ദേവികുളത്തും യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ പര്യടനം ആരംഭിച്ചു. മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഉറപ്പിലാണ് കോർ കമ്മിറ്റിയുടെ തീരുമാനത്തിന് മുൻപ് തന്നെ പ്രചാരണം തുടങ്ങാൻ സാധിച്ചതെന്നാണ് പ്രവർത്തകർ പറയുന്നത്.
മൂന്നാർ ഡിവിഷനിൽ യുഡിഎഫിലെ സി.നെൽസണും സിപിഐയിലെ ജി.മോഹൻകുമാറുമാണ് സ്ഥാനാർഥികൾ.
ഇരുവരുടെയും സ്ഥാനാർഥിത്വം ദിവസങ്ങൾക്ക് മുൻപ് തീരുമാനമായെന്നാണ് പ്രവർത്തകർ പറയുന്നത്. വോട്ടർമാരെ വീടുകളിലെത്തി കണ്ടും വോട്ടഭ്യർഥിച്ചു തുടങ്ങി.
നെൽസൺ മൂന്നാർ പഞ്ചായത്തിലും ദേവികുളം ബ്ലോക്കിലും മത്സരിച്ചു ജയിച്ചിട്ടുളള പരിചയസമ്പന്നനാണ്. സിപിഐ ജില്ല കൗൺസിലംഗമായ ജി.മോഹൻകുമാർ രണ്ടു തവണ ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗമായി വിജയിച്ച് ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
ദേവികുളം ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ 2015-20 കാലഘട്ടത്തിൽ ഇതെ ഡിവിഷനിൽ നിന്നു വിജയിച്ച് ജില്ല പഞ്ചായത്തംഗമായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ ആർ.ഈശ്വരൻ സിപിഎം മൂന്നാർ ഏരിയ സെക്രട്ടറിയായിരിക്കെയാണ് സ്ഥാനാർഥിയായത്. ഇരുവരും തോട്ടം മേഖലയടക്കമുള്ള പ്രദേശങ്ങളിൽ പ്രചാരണം നടത്തി വരികയാണ്.
സ്ഥാനാർഥിയാകുമെന്ന ഉറപ്പിൽ ഒരാഴ്ചയായി ഡി.കുമാർ പ്രചാരണത്തിലാണ്.
വെള്ളത്തൂവൽ ഡിവിഷനിൽ യുഡിഎഫ് പ്രതിസന്ധിയിൽ
അടിമാലി ∙ ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച വെള്ളത്തൂവൽ ഡിവിഷനിൽ യുഡിഎഫിൽ സ്ഥാനാർഥി നിർണയത്തിനുള്ള പ്രതിസന്ധി തുടരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഒരു പടി മുന്നിലെത്തി എൽഡിഎഫ്.
പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഡിവിഷനിൽ കൊന്നത്തടി പഞ്ചായത്ത് അംഗമായിരുന്ന ചിന്നാർ വാർഡിൽ നിന്നുള്ള സിപിഎമ്മിലെ കെ.കൃഷ്ണൻകുട്ടിയാണ് എൽഡിഎഫ് സ്ഥാനാർഥി. ഇദ്ദേഹത്തിനു വേണ്ടിയുള്ള പ്രചാരണവും തുടങ്ങി.
യുഡിഎഫിൽ കോൺഗ്രസിലെ 3 പേരുടെ പേരുകളാണ് സ്ഥാനാർഥി പട്ടികയിൽ സജീവമായുള്ളത്. ശനിയാഴ്ച നടന്ന പാർട്ടിയുടെ ജില്ലാതല കോർ കമ്മിറ്റിയിൽ ഒറ്റപ്പേരിലേക്ക് സ്ഥാനാർഥി നിർണയം എത്താനാകാതെ തീരുമാനം അടുത്ത ദിവസം നടക്കുന്ന കോർ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
സ്ഥാനാർഥി നിർണയം നീളുന്നതിൽ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

