ഇരിട്ടി ∙ സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിൽ സംശയിക്കുന്ന പുലി സാന്നിധ്യം പ്രതിരോധിക്കാൻ സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് അയ്യൻകുന്ന് പാറയ്ക്കാമലയിൽ നാട്ടുകാർ വനപാലക സംഘത്തെ 6 മണിക്കൂർ തടഞ്ഞുവച്ചു. വന്യജീവിയെ പിടികൂടാൻ കൂട് വയ്ക്കുമെന്നും ക്യാമറകൾ സ്ഥാപിക്കുമെന്നും സ്ഥലത്തെത്തിയ കൊട്ടിയൂർ റേഞ്ചർ ടി.നിതിൻരാജ് ഉറപ്പു നൽകിയതിനെ തുടർന്നാണു പ്രതിഷേധക്കാർ പിന്തിരിഞ്ഞത്. പാറയ്ക്കാമലയിൽ കഴിഞ്ഞ ദിവസം വീണ്ടും പുലിയെ പ്രദേശവാസികൾ നേരിൽ കണ്ടതായി പരാതി ഉയർന്നിരുന്നു.
ഇതേത്തുടർന്ന് അന്വേഷണത്തിനായി സ്ഥലത്തെത്തിയ ഇരിട്ടി സെഷൻ ഫോറസ്റ്റ് ഓഫിസർ സി.സുനിൽകുമാർ, ബിഎഫ്ഒമാരായ കെ.രാഹുൽ, വി.ടി.ഉത്തര, എം.അമൽ എന്നിവരെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്. 2 ആഴ്ചയായി മേഖലയിൽ പശുവിനെയും വളർത്തു നായയെയും കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.
സ്വകാര്യ വ്യക്തി സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഇത് പരിശോധിക്കാതെ വീണ്ടും ക്യാമറ വയ്ക്കാനുള്ള നീക്കം തടഞ്ഞുകൂടിയാണു നാട്ടുകാർ പ്രതിഷേധിച്ചത്. കൊട്ടിയൂർ റേഞ്ചറുടെ നേതൃത്വത്തിൽ കൂടുതൽ വനപാലകർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയശേഷം വൈകിട്ട് 5.30ന് ആണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഉറപ്പുകൾ പ്രകാരം വന്യമൃഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയ മേഖലയിൽ 5 ക്യാമറകൾ ഉടൻ സ്ഥാപിക്കും. 2 ദിവസത്തിനുള്ളിൽ കൂടും സ്ഥാപിക്കും.
വനപാലക സംഘവും ആർആർടിയും സ്ഥലത്ത് ക്യാംപ് ചെയ്യും. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്ഥിര സമിതി അധ്യക്ഷ സീമ സനോജ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി കോട്ടയിൽ, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സെലീന ബിനോയി, സജി മച്ചിത്താന്നി, വാണിയപ്പാറത്തട്ട് ഉണ്ണീശോ പള്ളി വികാരി ഫാ.
ഗിൽബർട്ട് കൊന്നയിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

