കണ്ണൂർ ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെക്കുറിച്ചു തർക്കമില്ലാത്തൊരു തിരഞ്ഞെടുപ്പ് കഴിഞ്ഞ 20 വർഷത്തിനിടെ കേരളത്തിൽ ഉണ്ടായിട്ടില്ല. എതിർ സ്ഥാനാർഥി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന ആരോപണവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തിറങ്ങാറുണ്ട്.
എന്താണു പെരുമാറ്റചട്ടമെന്നും എന്തൊക്കെയാണു തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിൽ വരുന്നതെന്നും അറിഞ്ഞാൽ തർക്കങ്ങൾ ഒഴിവാക്കാം. അക്കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ വ്യക്തമാക്കുന്നു.
? എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം
∙ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും അനുവർത്തിക്കേണ്ട
മാർഗനിർദേശമാണു മാതൃകാ പെരുമാറ്റച്ചട്ടം
? ഇതു നടപ്പാക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ റോൾ
∙ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോ എന്നു കമ്മിഷൻ ഉറപ്പ് വരുത്തും. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ, കള്ളവോട്ട്, പണം നൽകി വോട്ടർമാരെ സ്വാധീനിക്കൽ ഇതെല്ലാം തടയുന്നതിനു നടപടി സ്വീകരിക്കും.
? പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തു മാത്രമാണോ, ഉദാഹരണത്തിനു മട്ടന്നൂർ നഗരസഭയിൽ പെരുമാറ്റച്ചട്ടം ബാധകമാണോ
∙ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
? മന്ത്രിക്കോ തദ്ദേശഭരണ സ്ഥാപന ഭാരവാഹിക്കോ ഔദ്യോഗിക സന്ദർശനവും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനുള്ള യാത്രയും ഒരുമിച്ചു നടത്താൻ കഴിയുമോ
∙ ഒരിക്കലുമില്ല
? ഔദ്യോഗിക വാഹനം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമോ
∙ അനുവദനീയമല്ല
? തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റമോ
∙ ഒരാളെയും സ്ഥലം മാറ്റാൻ പാടില്ല. സ്ഥലംമാറ്റം അനിവാര്യമാണെന്നു തോന്നിയാൽ സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതി വാങ്ങണം
? തിരഞ്ഞെടുപ്പ് വേളയിൽ മന്ത്രിക്കോ തദ്ദേശസ്ഥാപന ഭാരവാഹിക്കോ ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ ചർച്ചയ്ക്കു വിളിക്കാമോ
∙ പാടില്ല
? തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന മന്ത്രിയെ ഉദ്യോഗസ്ഥർക്ക് സന്ദർശിക്കാമോ
∙ പാടില്ല. അങ്ങനെ ചെയ്താൽ ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടങ്ങൾ അനുസരിച്ചു നടപടി സ്വീകരിക്കും
? മന്ത്രിമാർക്ക് ബീക്കൺ ലൈറ്റോടെയുള്ള പൈലറ്റ് വാഹനം ഉപയോഗിക്കാമോ
ഇല്ല.
സെക്യൂരിറ്റി സുരക്ഷയുള്ള മന്ത്രിമാർക്ക് തിരഞ്ഞെടുപ്പ് വേളയിൽ ഇത്തരം വാഹനം അനുവദനീയമല്ല.
? മന്ത്രിമാർക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാമോ
∙ ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാം
? മേയർ, നഗരസഭാധ്യക്ഷൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കോ
∙ ഇവർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം
? വികസന നേട്ടങ്ങളെക്കുറിച്ച് സർക്കാരോ തദ്ദേശഭരണ സ്ഥാപനമോ ഭരിക്കുന്ന പാർട്ടിയെ സഹായിക്കും വിധം പരസ്യം നൽകാമോ
∙ പാടില്ല. ? നേരത്തേ ഇത്തരത്തിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്യേണ്ടതുണ്ടോ
∙ ഉണ്ട്.
പൊതുപണമുപയോഗിച്ചു സ്ഥാപിച്ച എല്ലാ ബോർഡുകളും പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണം
? പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം മന്ത്രിമാർക്കോ തദ്ദേശ സ്ഥാപന അധ്യക്ഷർക്കോ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ചു സാമ്പത്തിക സഹായം അനുവദിക്കാമോ
∙ പാടില്ല
? സർക്കാരിന്റെയോ തദ്ദേശഭരണ സ്ഥാപനത്തിന്റെയോ നിർമാണാനുമതി ലഭിച്ച പദ്ധതികൾ ആരംഭിക്കാമോ
∙ പാടില്ല. എന്നാൽ നിർമാണം ആരംഭിച്ച ജോലികൾ നിർത്തിവയ്ക്കേണ്ടതില്ല.
? എംപിമാരുടെയോ എംഎൽഎമാരുടെയോ പ്രദേശിക വികസന ഫണ്ടിൽ നിന്നു പണം അനുവദിക്കാമോ
∙ പാടില്ല
? കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച വിവിധ ഗ്രാമ, നഗര വികസന പദ്ധതികളുടെ നടത്തിപ്പിൽ നിയന്ത്രണമുണ്ടോ
∙ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ), (നഗരം), ലൈഫ് ഭവന പദ്ധതി, പിഎം – ജന്മൻ പദ്ധതി പ്രകാരം അനുവദിച്ച് നിർമാണം ആരംഭിച്ച വീടുകൾക്ക് സാമ്പത്തികസഹായം നൽകുന്നതിനു തടസ്സമില്ല.
എന്നാൽ പുതിയ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും സാമ്പത്തിക സഹായം ആരംഭിക്കുന്നതിനും നിർമാണം ആരംഭിക്കുന്നതിനും തടസ്സമുണ്ട്.
റോഡ് നിർമാണം, അമൃത് പദ്ധതി സ്മാർട് സിറ്റി എന്നിവയിൽ തുടർപദ്ധതി അനുവദിക്കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനും തടസ്സമില്ല. സ്വയംതൊഴിൽ പദ്ധതി, പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡർ ആത്മനിർഭർ പദ്ധതി എന്നിവയിൽ സബ്സിഡിയോ ഗ്രാന്റോ ലഭിച്ച ഗ്രൂപ്പുകൾക്കു ശേഷിക്കുന്ന ഗഡു നൽകാം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം തൊഴിലുറപ്പ് പദ്ധതി കൂടുതൽ ജില്ലകളിലേക്കു വ്യാപിപ്പിക്കാൻ പാടില്ല. തൊഴിൽ കാർഡ് ലഭിച്ചിട്ടുള്ളവർക്കു ജോലി നൽകാം.
? തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പുതുതായി സാമ്പത്തിക സഹായം അനുവദിക്കാനോ വാഗ്ദാനം നൽകാനോ ശിലാസ്ഥാപനം നൽകാനോ മന്ത്രിമാർക്കോ തദ്ദേശ ഭരണ ഭാരവാഹികൾക്കോ അനുവാദമുണ്ടോ, ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചേർന്നു ഘോഷയാത്ര നടത്താനോ പാടുണ്ടോ
∙ പാടില്ല. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ ശുദ്ധജല പദ്ധതി പോലുള്ളവ ആരംഭിക്കേണ്ടി വന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങണം.
അനിവാര്യമായ ഘട്ടത്തിൽ ഉദ്യോഗസ്ഥർക്കു ശിലാസ്ഥാപനം പോലുള്ള ചടങ്ങ് നടത്താം. എന്നാൽ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുക്കാൻ പാടില്ല.
? രക്തസാക്ഷിത്വ ദിനം, സദ്ഭാവനാദിനം, പ്രധാന നേതാക്കളുടെ ജന്മദിനാചരണം പോലുള്ള ചടങ്ങുകളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ പങ്കെടുക്കാൻ പാടില്ലേ
∙ പങ്കെടുക്കുന്നതിൽ വിലക്കില്ല.
അവരുടെ പ്രസംഗം ചടങ്ങിനു കാര്യമായ വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കണം.
? സർവകലാശാലയിലെയോ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയോ ബിരുദസമർപ്പണ ചടങ്ങുകളിൽ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കു പങ്കെടുക്കാമോ
∙ ഗവർണർക്കു മാത്രം പങ്കെടുക്കാം.
? തടവുപുള്ളികൾക്കു പരോൾ അനുവദിക്കാമോ
∙ പരോൾ അനുവദിക്കുന്നത് അനിവാര്യമാണെന്നു സർക്കാരിനു ബോധ്യമായാൽ തിരഞ്ഞെടുപ്പു കമ്മിഷനുമായി ആലോചിച്ച് തീരുമാനമെടുക്കാം
? കാർഷികോൽപന്നങ്ങൾക്കു താങ്ങുവില അനുവദിക്കാമോ
∙ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയ്ക്ക് അയയ്ക്കണം
? തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ സർക്കാരിനോ തദ്ദേശഭരണ സ്ഥാപനത്തിനോ ചെയ്യാവുന്നത് എന്തൊക്കെ
∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടാം. പൾസ് പോളിയോ പോലുള്ളവയ്ക്കു ബോധവൽക്കരണ പ്രചാരണം, കോടതി നിർദേശമുണ്ടെങ്കിൽ ആശ്രിത നിയമനം, ഒരു ഉദ്യോഗസ്ഥന് മറ്റൊരു ഉദ്യോഗസ്ഥന്റെ അധിക ചുമതല നൽകൽ, ദുരന്തമുണ്ടായാൽ പ്രകൃതിദുരന്ത ഫണ്ടിൽനിന്നു പണം എടുക്കുന്നതും ഉദ്യോഗസ്ഥസംഘത്തെ
നിയമിക്കുന്നതും, ജീവനക്കാരുടെ വിരമിക്കൽ, ഡപ്യൂട്ടേഷൻ കാരണമുണ്ടായ ഒഴിവുകളിൽ ഡിപിസി യോഗം ചേരൽ, പൊതുസ്ഥാപനങ്ങളുടെ (ജലവിതരണം ഉൾപ്പെടെ) അറ്റകുറ്റപ്പണി, കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തൽ, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനം തുടങ്ങിയവ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

