അമേരിക്കക്കാരുടെ ‘കാപ്പികുടി’ മുട്ടിച്ച സ്വന്തം തീരുമാനത്തിൽ വിട്ടുവീഴ്ചയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാപ്പിക്ക് മുറമേ ഇനി വാഴപ്പഴവും ബീഫും ‘ഇഷ്ടംപോലെ’ അമേരിക്കക്കാരുടെ തീന്മേശയിലെത്തും.
ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഓർഡർ ട്രംപ് ഇന്നലെ പുറത്തിറക്കി. കഴിഞ്ഞ ഏപ്രിലിൽ വാശിയോടെ പ്രഖ്യാപിച്ച പകരംതീരുവ തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്താണ് ട്രംപിന്റെ പുത്തൻ ഉത്തരവ്.
അമേരിക്കയിൽ കാര്യമായ ഉൽപാദനമില്ലാത്ത നിരവധി കാർഷിക ഉൽപന്നങ്ങളുടെയും ബീഫിന്റെയും തീരുവ കുറയ്ക്കാനാണ് പുതിയ തീരുമാനം.
ഓറഞ്ച്, കൊക്കോ, തക്കാളി, സുഗന്ധവ്യഞ്ജനങ്ങൾ, ചിലയിനം വളം, തേയില, അവക്കാഡോ എന്നിവയ്ക്കും തീരുവയിളവുണ്ട്. ട്രംപിന്റെ തീരുവകൾ അമേരിക്കയിൽ മിക്ക നിത്യോപയോഗ ഉൽപന്നങ്ങളുടെയും ചില്ലറവില കുത്തനെ കൂടാൻ ഇടയാക്കിയിരുന്നു.
ഇതോടെ, ‘ട്രംപ് വിരുദ്ധ തരംഗം’ അലയടിക്കാനും തുടങ്ങി. യുഎസിലെത്തുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ 74 ശതമാനത്തിനും താരിഫ് ആഘാതമേറ്റിരുന്നു.
ന്യൂയോർക്കിൽ ഉൾപ്പെടെ നടന്ന മേയർ തിരഞ്ഞെടുപ്പിലടക്കം ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികൾ ദയനീയമായാണ് തോറ്റത്.
സമീപകാല സർവേകളിൽ ട്രംപിനെ അനുകൂലിക്കുന്നവരുടെ അനുപാതം (അപ്രൂവൽ റേറ്റിങ്) 56 ശതമാനത്തിൽനിന്ന് 41 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗവൺമെന്റ് ഷട്ട്ഡൗണിന് ഉത്തരവാദി ട്രംപും അദ്ദേഹത്തിന്റെ പാർട്ടിയുമാണെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരും കരുതുന്നതെന്ന റിപ്പോർട്ടുകളും തിരിച്ചടിയായിരുന്നു.
നേട്ടം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക്
ട്രംപ് കാർഷിക ഉൽപന്നങ്ങൾക്കും ബീഫിനും മറ്റും തീരുവ കുറച്ചെങ്കിലും എല്ലാ രാജ്യങ്ങൾക്കും അതു ബാധകമല്ല.
അർജന്റീന, ഗ്വാട്ടിമാല, എൽ സാൽവദോർ, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കാണ് ഇളവ്.
ഇതിൽ എൽ സാൽവദോർ, അർജന്റീന, ഗ്വാട്ടിമാല എന്നിവയ്ക്ക് ട്രംപ് നിലവിൽ ചുമത്തുന്ന 10%, ഇക്വോഡോറിനുള്ള 15% എന്നിങ്ങനെ ഇറക്കുമതി തീരുവ തുടരും. അതേസമയം, കാപ്പിയും പഴവും ബീഫും ഉൾപ്പെടെ ഇവിടങ്ങളിൽ നിന്നുള്ള ചില ഇറക്കുമതിക്ക് മാത്രമാണ് പുതിയ ഉത്തരവുപ്രകാരം ഇളവ് കിട്ടുക.
തീരുമാനത്തെ ഈ രാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്.
ബ്രസീലിൽ നിന്നാണ് അമേരിക്ക ഏറ്റവുമധികം ബീഫും കാപ്പിയും ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, ട്രംപുമായി രാഷ്ട്രീയ ഭിന്നത നിൽക്കുന്നതിനാൽ ബ്രസീലിനുമേൽ 50% തീരുവ അദ്ദേഹം ചുമത്തിയത് ഇപ്പോഴും തുടരുകയാണ്.
ബ്രസീലുമായി യുഎസ് അധികൃതർ വൈകാതെ ചർച്ച നടത്തുന്നുണ്ട്. തീരുവ കുത്തനെ കുറയ്ക്കാനുള്ള സാധ്യതയേറെയാണ്.
അമേരിക്കക്കാർക്ക് ഒഴിച്ചുകൂടാനാവാത്തതാണ് കാപ്പിയും ബീഫും.
അതുകൊണ്ടുതന്നെ, ഇവയ്ക്ക് കനത്ത തീരുവ ചുമത്തിയത് ട്രംപിനെതിരായ വികാരം ശക്തമാക്കാനും ഇടയാക്കിയിരുന്നു. കാപ്പിവില തീരുവക്കാറ്റിനെ തുടർന്ന് 20 ശതമാനത്തിലധികമാണ് യുഎസിൽ കൂടിയത്.
1990ന് ശേഷമുള്ള ഏറ്റവും വലിയ വർധന.
കരകയറ്റത്തിലേക്ക് യുഎസ് ഓഹരികൾ
എഐ അധിഷ്ഠിത കമ്പനികളുടെ ഓഹരികളിലുണ്ടായ കനത്ത ലാഭമെടുപ്പിനെ തുടർന്ന് കഴിഞ്ഞദിവസം വൻ നഷ്ടം നേരിട്ട യുഎസ് ഓഹരി സൂചികകൾ ഇന്നലെ റിവേഴ്സ് ഗിയറിട്ടു.
ടെക് കമ്പനികൾക്ക് പ്രാമുഖ്യമുള്ള നാസ്ഡാക് 0.13% നേട്ടമുണ്ടാക്കി. എസ് ആൻഡ് പി500 സൂചിക 0.05 ശതമാനത്തിലേക്ക് നഷ്ടം നിജപ്പെടുത്തി.
അതേസമയം ഡൗ ജോൺസ് 0.65% നഷ്ടം നേരിട്ടു.
എൻവിഡിയയും ഓറക്കിളും നേട്ടത്തിന്റെ ട്രാക്ക് പിടിച്ചത് ഗുണം ചെയ്തു. ഡൗ ജോൺസ് 800 പോയിന്റ് നഷ്ടമായിരുന്നു വ്യാഴാഴ്ച നേരിട്ടത്.
48,200 എന്ന സർവകാല ഉയരത്തിൽ നിന്ന് സൂചിക 47,400 നിലവാരത്തിലേക്ക് താഴുകയും ചെയ്തിരുന്നു. നാസ്ഡാക് 500 പോയിന്റും എസ് ആൻഡ് പി500 സൂചിക 114 പോയിന്റും ഇടിയുകയും ചെയ്തു. ഷട്ട്ഡൗൺ അവസാനിച്ചെങ്കിലും അതുവരുത്തിവച്ച ആഘാതം മാഞ്ഞിട്ടില്ലെന്നതും യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും എഐ കമ്പനികളുടെ ഓഹരികളിലുണ്ടായ കനത്ത വിൽപന സമ്മർദവുമായിരുന്നു ഓഹരി വിപണികൾക്ക് തിരിച്ചടിയായത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

