കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തി പരസ്യമാക്കി കൊച്ചി ഡെപ്യൂട്ടി മേയർ പാർട്ടി വിട്ടു. ഡെപ്യൂട്ടി മേയർ കെ.എ അൻസിയയാണ് സിപിഐയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്.
നിലവിൽ സിപിഐയുടെ മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ കൗൺസിലറാണ് അൻസിയ. അനർഹർക്ക് സീറ്റ് നൽകിയെന്ന് ആരോപിച്ചാണ് രാജി.
പാർട്ടി വിട്ടെങ്കിലും ഇടതുപക്ഷത്തോടൊപ്പം തുടരുമെന്ന് അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലീഗിന്റെ ശക്തികേന്ദ്രത്തിൽ നിന്നാണ് താൻ വിജയിച്ചത്.
പല വിഷയങ്ങളും പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും അൻസിയ വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ ആറാം ഡിവിഷനാണ് സിപിഐക്ക് ലഭിച്ചത്.
താൻ മത്സരിക്കാനില്ലെന്നും മഹിളാ സംഘത്തിലെ യോഗ്യരായ രണ്ടുപേരുടെ പേരുകൾ പരിഗണിക്കണമെന്നും പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടി അംഗത്വം പോലുമില്ലാത്ത, അർഹതയില്ലാത്ത ഒരാളെയാണ് സ്ഥാനാർത്ഥിയാക്കിയത്.
പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങിപ്പോകുന്നുവെന്നും അവർ കുറ്റപ്പെടുത്തി. നിലവിൽ മഹിളാ സംഘം മണ്ഡലം സെക്രട്ടറി കൂടിയാണ് അൻസിയ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

