നാദാപുരം∙ വോട്ട് ചേർക്കലുമായി ബന്ധപ്പെട്ട തർക്കം നാദാപുരം പഞ്ചായത്ത് ഓഫിസിൽ ഇന്നലെയും കയ്യാങ്കളിയിലും പൊലീസ് ഇടപെടലിലും കലാശിച്ചു.
വോട്ട് ചേർക്കാൻ അപേക്ഷ നൽകിയവർക്ക് അപേക്ഷ സ്വീകരിച്ചെന്ന രസീത് ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസറായ (ഇആർഒ) പഞ്ചായത്ത് സെക്രട്ടറി എം.പി.റെജുലാൽ നൽകാതിരുന്നതിനെ യുഡിഎഫുകാർ ചോദ്യം ചെയ്തു. ഓഫിസറെ അനുകൂലിച്ചു സിപിഎമ്മുകാരും രംഗത്തെത്തിയതോടെ, താൽക്കാലികമായി ഓഫിസ് പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഹാളിൽ ഉന്തും തള്ളും കസേരയേറും വരെ നടന്നു.
ഒടുവിൽ, പൊലീസ് എത്തി നടപടി നിർത്തി വയ്പിച്ചു. ഒട്ടേറെ പേർ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണു സംഘർഷം.
പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷരായ ജനീദ ഫിർദൗസ്, സി.കെ.നാസർ, മെംബർ കണേക്കൽ അബ്ബാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി.റിനീഷ് തുടങ്ങിയവർ സെക്രട്ടറിയുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചപ്പോൾ സിപിഎം നേതാക്കളായ സി.എച്ച്.മോഹനൻ, എ.ദിലീപ്കുമാർ, എരോത്ത് ഫൈസൽ, പി.പി.ബാലകൃഷ്ണൻ തുടങ്ങിയവർ എതിർപക്ഷത്തും നിലയുറപ്പിച്ചു.
വോട്ട് ചേർക്കാനുള്ള ഹിയറിങ്ങിന് കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകൾ അടക്കമുള്ളവർ സംഘർഷം കണ്ടു ഭയന്നു. പൊലീസ് എല്ലാവരെയും ഹാളിൽനിന്നു പുറത്താക്കി.
കലക്ടർ പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്തിറങ്ങിയതോടെ എല്ലാവർക്കും രസീത് നൽകാൻ തയാറായി. സിപിഎമ്മുകാർക്ക് ചില സീറ്റുകൾ ലഭിക്കാൻ വിടുവേല ചെയ്യുകയാണ് ഇആർഒ എന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി കുറ്റപ്പെടുത്തി.
ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

