നെടുമ്പാശേരി ∙ പൊതുവേ കാർഷിക മേഖലയായാണ് കുന്നുകര ഗ്രാമ പഞ്ചായത്ത് അറിയപ്പെടുന്നത്. ജില്ലയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാൻ പോലും പോന്ന വിധത്തിൽ വിശാലമായ നെൽവയലുകൾ പഞ്ചായത്തിൽ ഉണ്ട്.
മിക്ക പാടശേഖരങ്ങളിലും നെൽക്കൃഷിയാണ് സജീവം. കുറ്റിയാൽ–കൊല്ലാറ പാടശേഖരങ്ങൾ ജില്ലയിലെ തന്നെ വിശാലമായ പാടശേഖരങ്ങളിലുൾപ്പെടുന്നു. വാഴക്കൃഷിയും കൊണ്ടൽ കൃഷിയും പഞ്ചായത്തിൽ സുലഭമാണ്.
ചെറിയ തേയ്ക്കാനം ഭാഗങ്ങളിലൊക്കെ കൃഷി ചെയ്യുന്ന വാഴക്കുലകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്.
കയറ്റുമതി സംരംഭകരും കുന്നുകരയിൽ നിന്ന് കാർഷികോൽപന്നങ്ങൾ സംഭരിക്കുന്നുണ്ട്. 37.5 ഏക്കറിൽ സംസ്ഥാന സർക്കാർ നിർമിക്കുന്ന ഭക്ഷ്യ സംസ്കരണ പാർക്ക് കുന്നുകര പഞ്ചായത്തിന്റെ കാർഷിക മേഖലയുടെ ഭാവി വളർച്ചയ്ക്ക് സഹായമാകും. വിവിധ കാർഷിക വിളകളുടെ സംഭരണം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, കയറ്റുമതി തുടങ്ങിയവ കാർഷിക പഞ്ചായത്തായ കുന്നുകരയ്ക്ക് വലിയ പിന്തുണയാകും. 15 അംഗ ഭരണസമിതിയിൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ആറും സീറ്റുണ്ട്.
ബിജെപിക്ക് ഒരംഗമുണ്ട്. വാർഡ് പുനർ വിഭജനത്തിൽ 16 വാർഡുകളായി.
സൈന ബാബു
(പഞ്ചായത്ത് പ്രസിഡന്റ്)
തുടർച്ചയായി 2 വർഷം മികവിനുള്ള മഹാത്മ പുരസ്കാരം പഞ്ചായത്ത് നേടി.
2020–21ൽ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും നേടി. 2024–25ൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ചതിന് കൃഷിഭവൻ ഒന്നാം സ്ഥാനം നേടി.
കില സംസ്ഥാന തലത്തിൽ പല മാതൃകാ പദ്ധതികൾക്കും കുന്നുകരയെ തിരഞ്ഞെടുത്തു. ലൈഫ് പദ്ധതിയിൽ ഒന്നര ഏക്കർ ഭൂമി കണ്ടെത്തി 50 വീടുകൾ പൂർത്തിയാക്കി. 206 ലൈഫ് വീടുകൾ അനുവദിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രം കുടംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ക്ഷീരകർഷകർക്ക് പാലിനും കാലിത്തീറ്റയ്ക്കും സബ്സിഡി നൽകി.
മത്സ്യത്തൊഴിലാളികൾക്ക് വഞ്ചിയും വലയും നൽകി.
എല്ലാ അങ്കണവാടികളും സ്മാർട് ആക്കി. എൽപി സ്കൂളുകൾക്ക് 80 ലക്ഷം രൂപ അനുവദിച്ചു.
എല്ലാ സ്കൂളുകളിലും ഐടി ലാബ് സ്ഥാപിച്ചു. ബഡ്സ് സ്കൂളിന് പുതിയ കെട്ടിടവും ബസും സജ്ജമാക്കി.
ജൽജീവൻ പദ്ധതിക്കായി കുഴിച്ച റോഡുകൾ പ്രത്യേക അനുമതി വാങ്ങി പുനർനിർമിച്ചു. റോഡുകൾക്ക് 11 കോടി ചെലവഴിച്ചു.
ആധുനിക ഗ്യാസ് ക്രിമറ്റോറിയം സജ്ജമാക്കി. വനിതകൾക്ക് ഫിറ്റ്നസ് സെന്റർ, ഓപ്പൺ ജിം, യോഗ പരിശീലനം എന്നിവ നടപ്പാക്കി. മുഴുവൻ പ്രദേശങ്ങളിലും ശുദ്ധജല കണക്ഷൻ എത്തിച്ചു.
വെള്ളമെത്താത്ത 5 വാർഡുകളിൽ പഞ്ചായത്ത് നേരിട്ട് ശുദ്ധജലമെത്തിച്ചു. തൊഴിലുറപ്പു പദ്ധതിയിൽ 4 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.
സുധ വിജയൻ
(എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ)
യുഡിഎഫ് 15 വർഷം തുടർച്ചയായി ഭരിച്ചിട്ടും എടുത്തു പറയാവുന്ന ഒരു പദ്ധതിയും ചൂണ്ടിക്കാണിക്കാനില്ല.
മന്ത്രി പി.രാജീവിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചു പോലും അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികൾ നടപ്പാക്കിയില്ല. പഞ്ചായത്തിന്റെ തനതു വരുമാനം ഉണ്ടാക്കാനോ കാർഷിക മേഖലയിലോ കാര്യമായ പദ്ധതികൾ ഇല്ല.
തരിശു കൃഷി പ്രോത്സാഹന പദ്ധതികളൊന്നുമില്ല. നെൽക്കൃഷിക്കാരോട് തികഞ്ഞ അവഗണന.
പഞ്ചായത്തിലെ തകർന്ന റോഡുകൾ അങ്ങനെ തന്നെ തുടരുന്നു.
കുന്നുകര കവലയിലെ ഓപ്പൺ സ്റ്റേജ് പദ്ധതി അട്ടിമറിച്ചു. ലൈഫ് പദ്ധതിയിൽ നിർമിച്ച 50 വീടുകൾ അശാസ്ത്രീയ നിർമാണം മൂലം വാസയോഗ്യമല്ലാതായി. മിക്ക അങ്കണവാടികളും വാടകക്കെട്ടിടത്തിലാണ്.
ഇവർക്ക് സ്ഥലം കണ്ടെത്തി കെട്ടിടം പണിയാൻ നടപടി സ്വീകരിച്ചില്ല. കോളനികളുടെ നവീകരണത്തിന് ഒന്നും ചെയ്തില്ല.
പദ്ധതി വിഹിതം അനുവദിക്കുമ്പോൾ പ്രതിപക്ഷ വാർഡുകൾക്ക് കടുത്ത അവഗണന. യുവാക്കൾക്കായി പ്രത്യേക പദ്ധതികളില്ല.
കലാ, കായിക മത്സരങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയോ പഞ്ചായത്തിൽ കളി സ്ഥലമോ ഇല്ല. പഞ്ചായത്തിൽ പുതിയ വ്യവസായങ്ങളും തുടങ്ങാനായില്ല.
പി.ജെ.സൈജു
(അധ്യാപകൻ, ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ)
നേട്ടം : കുന്നുകര ഗവ.
ജെബി സ്കൂളിലും മറ്റ് എൽപി സ്കൂളുകളിലും മികച്ച വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടത്തുന്നത്.
കോട്ടം : റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കപ്പെട്ടില്ല. മിക്കവാറും റോഡുകളിൽ ഇപ്പോഴും കുഴികൾ തന്നെ.
അത്താണി–പറവൂർ റോഡിന് തീരെ വീതിയില്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അപകടത്തിൽപെടുന്നു.
എൻ.ബി.നാസർ
(സാമൂഹിക പ്രവർത്തകൻ)
നേട്ടം : ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, ഭവന പദ്ധതി എന്നീ മേഖലകളിൽ നല്ല മുന്നേറ്റമുണ്ടായി.
കോട്ടം : കൃഷി, അനുബന്ധ വ്യവസായങ്ങൾ എന്നിവയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.
എ.വി.പ്രദീപ്
(ഗ്രന്ഥശാലാ പ്രവർത്തകൻ, നേതൃസമിതി കൺവീനർ)
നേട്ടം : നികുതികളും സെസ്സുകളും 100 ശതമാനവും പിരിച്ചെടുക്കാനായത് വൻ നേട്ടമായി.
കോട്ടം : ഗ്രന്ഥശാലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഒന്നും ചെയ്തില്ല. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ജന്മനാടായിട്ടും ഉചിതമായ സ്മാരകം ഉണ്ടാക്കിയില്ല.
അപ്പു നാരായണൻ
(യുവ കർഷകൻ)
നേട്ടം : കൃഷിഭവന്റെ പ്രവർത്തനം കാര്യക്ഷമമായി.
കാർഷിക വിള നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കി. കാർഷിക പദ്ധതികൾക്കായുള്ള ജില്ലാ പഞ്ചായത്ത് ഫണ്ട് മുഴുവനായി വിനിയോഗിച്ചു.
കോട്ടം : ഗ്രാമസഭകൾ വഴിയുള്ള പദ്ധതികളിൽ തെങ്ങ്, ജാതി കർഷകർക്ക് പാടേ അവഗണന. അഗ്രോ സർവീസ് സെന്റർ പ്രവർത്തനം നിലച്ചു. കാർഷിക യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു.
സാജു പി.ഡേവിഡ്
(വിദ്യാർഥി)
നേട്ടം : വിദ്യാഭ്യാസ, ആരോഗ്യ, പശ്ചാത്തല മേഖലകളിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടന്നു.
കോട്ടം : ലൈഫ് ഭവനങ്ങൾ സുരക്ഷിതമല്ല.
പഞ്ചായത്തിൽ ഇതു വരെ പൊതു കളിസ്ഥലം ഇല്ല. റോഡുകൾ തകർന്നു കിടക്കുന്നു. പകൽ വീട് അടച്ചിട്ടിരിക്കുന്നു.
വായനശാലയിൽ റഫറൻസ് ഗ്രന്ഥങ്ങൾ വേണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

