ന്യൂഡൽഹി ∙ ഒക്ടോബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 10 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 0.25 ശതമാനമായപ്പോഴും കേരളത്തിലേത് 8.56% എന്ന ഉയർന്ന നിരക്കിൽ. ഇക്കുറിയും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത് കേരളത്തിലാണ്.
മറ്റെല്ലാ സംസ്ഥാനങ്ങളിലും വിലക്കയറ്റത്തോത് വെറും രണ്ടരശതമാനത്തിനു താഴെയാണ്. രണ്ടാം സ്ഥാനത്തുള്ള കർണാടകയിലെ നിരക്ക് 2.34% മാത്രം.
12 സംസ്ഥാനങ്ങളിൽ നിരക്ക് നെഗറ്റീവിലുമാണ്.
മാസങ്ങളായി വിലക്കയറ്റത്തോത് സംബന്ധിച്ച പട്ടികയിൽ കേരളമാണ് ഒന്നാമത്. സെപ്റ്റംബറിൽ കേരളത്തിലെ നിരക്ക് 9.05 ശതമാനമായിരുന്നത് ഒക്ടോബറിൽ 8.56 ശതമാനമായി കുറഞ്ഞെങ്കിലും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്കുകൾ ആശ്വാസം പകരുന്നതല്ല.
ജിഎസ്ടി നിരക്കിലെ ഇളവ്, ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവ് അടക്കമുള്ളവയാണ് രാജ്യമാകെയുള്ള നിരക്കിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുറവും (ഹൈ ബേസ് ഇഫക്ട്) കാരണമായിട്ടുണ്ട്.
സെപ്റ്റംബറിൽ രാജ്യമാകെയുള്ള നിരക്ക് 1.54 ശതമാനമായിരുന്നു.
ഇക്കൊല്ലം ഇത് മൂന്നാം തവണയാണ് നിരക്ക് 2 ശതമാനത്തിനു താഴെയാകുന്നത്. അനുകൂല ഘടകങ്ങൾ പരിഗണിച്ച് റിസർവ് ബാങ്ക് നടപ്പുസാമ്പത്തികവർഷത്തെ വിലക്കയറ്റത്തോത് സംബന്ധിച്ച അനുമാനം 3.1 ശതമാനമായിരുന്നത് 2.6 ശതമാനമായി കുറച്ചിരുന്നു.
തുടർച്ചയായി നിരക്കു കുറയുന്ന പശ്ചാത്തലത്തിൽ ഡിസംബറിൽ പലിശ കുറയ്ക്കാനുള്ള സാധ്യതയുമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

