ഷൊർണൂർ ∙ ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെ 125 വർഷം പഴക്കമുള്ള നടപ്പാലം ഓർമയാകുന്നു. കഴിഞ്ഞ ദിവസം പഴയ പാലം പൂർണമായും പൊളിച്ചു നീക്കി.
കൂടുതൽ സൗകര്യങ്ങളുള്ള പുതിയ നടപ്പാലം അതേ സ്ഥലത്ത് ഉടൻ നിർമിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും സാംസ്കാരിക നായകരുടെയും കാലടികൾ പതിഞ്ഞ നടപ്പാലമാണു സ്റ്റേഷനിൽ നിന്നു നീക്കം ചെയ്തത്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായാണു 125 വർഷം പഴക്കം ചെന്ന പാലം പൊളിച്ചു നീക്കിയത്.
റെയിൽവേ ബ്രിജസ് വിഭാഗം നടത്തിയ പരിശോധനയിൽ പാലത്തിന്റെ കാലപ്പഴക്കം കണ്ടെത്തിയതിനെ തുടർന്നു പൊളിച്ചു നീക്കാൻ വർഷങ്ങൾക്ക് മുൻപാണു തീരുമാനിച്ചത്. ചില ഭാഗങ്ങൾ മുൻ മാസങ്ങളിൽ തന്നെ പൊളിച്ചുമാറ്റിയിരുന്നു.
അവശേഷിക്കുന്ന ഇരുമ്പു തൂണുകളിൽ പുതിയ നടപ്പാത ഘടിപ്പിക്കാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, പരിശോധനയിൽ പാലത്തിന്റെ ഇരുമ്പു തൂണുകൾക്കു ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പൊളിച്ചു നീക്കിയത്.
6 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കാനാണ് റെയിൽവേയുടെ തീരുമാനം.
കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഷൊർണൂരിൽ 7 പ്ലാറ്റ്ഫോമുകളിലേക്കും നിലവിൽ ആകെയുള്ളത് ഒരു നടപ്പാത മാത്രമാണ്. പുതുതായി വരുന്ന പാലത്തിൽ 7 പ്ലാറ്റ്ഫോമുകളിലേക്ക് ലിഫ്റ്റ് സൗകര്യം ഉണ്ടാകും.
സമീപത്തായി എസ്കലേറ്ററും പരിഗണനയിലുണ്ട്. സ്റ്റേഷൻ നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും പുതിയ പാലം നിർമാണം പൂർത്തിയാക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

