കുമ്പള ∙ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ കേസും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങലുമായി പഞ്ചായത്തംഗം. വാർഡിലെ ശ്മശാനം നവീകരണത്തിനായി കാടു വെട്ടിത്തെളിച്ചപ്പോൾ മരവും മുറിച്ചുവിറ്റതാണ് പഞ്ചായത്തംഗത്തിന് കുരുക്കായത്.
കുമ്പള പഞ്ചായത്തിൽ മഡുവ ഏഴാം വാർഡിലെ അംഗമായ കോൺഗ്രസിലെ കെ.എസ്.രവിരാജിനെതിരെ(38) ആണ് കുമ്പള പൊലീസ് കേസെടുത്തത്.
സംഭവം ഇങ്ങനെ: തന്റെ വാർഡിൽ കിദൂർ കുണ്ടാങ്കാരടുക്കയിൽ എസ്സി വിഭാഗത്തിനുള്ള ശ്മശാനത്തിൽ കെട്ടിടം ഉൾപ്പെടെ നിർമിക്കുന്നതിനായി 5 ലക്ഷം രൂപ പഞ്ചായത്ത് ഭരണസമിതി അനുവദിച്ചു. ഇതിന്റെ നിർമാണ പ്രവൃത്തികൾക്കായി കരാറും നൽകി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ നിർമാണ പ്രവൃത്തി തുടങ്ങിയാൽ തന്റെ വികസന നേട്ടങ്ങളിൽ ഉൾപ്പെടുത്താമെന്ന് മെംബറും കരുതി.
കാട് വെട്ടിത്തെളിക്കാൻ ആരെയും കിട്ടാത്തതിനാൽ ശ്മശാനത്തിലെ കാടുകൾ ഉൾപ്പെടെ വെട്ടിത്തെളിക്കാൻ കരാറുകാരൻ അംഗത്തിനോട് അഭ്യർഥിച്ചു. തിരഞ്ഞെടുപ്പിനു മുൻപേ നിർമാണം തുടങ്ങേണ്ടതാണെന്നതിനാൽ അംഗവും ഇതിനു സമ്മതിച്ചു.
അംഗവും ചിലരും ചേർന്ന് ശ്മശാനത്തിലെ കാട് വെട്ടിത്തെളിച്ചു. ഇതിനിടെ വിറകിനും മറ്റുമായി ഉപയോഗിക്കാനാവുന്ന വിവിധ മരങ്ങളും മുറിച്ചു എന്നാണു പറയുന്നത്.
ഇതു വിറ്റാൽ കാട് വെട്ടിത്തെളിച്ചവർക്കും മറ്റുമായി വേതനവും നൽകാമെന്നു കരുതി.
ഇതിനിടെ രാഷ്ട്രീയ എതിരാളികൾ മരം മുറിച്ചു കടത്തിയെന്ന പരാതിയുമായി പഞ്ചായത്തിലെത്തിയതോടെയാണ് അംഗത്തിന് ‘പണി’ കിട്ടിയത്. ബിജെപി പ്രവർത്തകരാണ് പരാതി നൽകിയതെന്ന് യുഡിഎഫ് പറഞ്ഞു.
പരാതിയെത്തുടർന്ന് പഞ്ചായത്തിന്റെ അധീനതയിലുള്ള കിദൂർ കുണ്ടങ്കാരടുക്കയിലെ എസ്സി ശ്മശാന ഭൂമിയിൽ നിന്ന് വിവിധ ഇനത്തിൽപ്പെട്ട ചെറുതും വലുതുമായ 124 മരങ്ങൾ മുറിച്ചു കടത്തി എന്നു കാണിച്ചു പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി.
ഇതോടെ കുമ്പള പൊലീസ് കഴിഞ്ഞ 8ന് മോഷണക്കുറ്റം ചുമത്തി കേസെടുത്തു.
2 ലക്ഷം രൂപ വിലമതിക്കുന്ന മരങ്ങളാണ് കഴിഞ്ഞ 6നു 7നും ഇടയിലുള്ള സമയത്ത് മുറിച്ച് കടത്തിയതെന്നാണ് പൊലീസിൽ നൽകിയ പരാതിയിലുള്ളത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പഞ്ചായത്ത് അംഗമായ കെ.എസ്.രവിരാജിനെതിരെ മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ഇത്തവണ ഈ അംഗത്തിന് കോൺഗ്രസ് സീറ്റു നൽകിയിരുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

