എടത്വ ∙ നെല്ല് സംഭരണത്തിലെ പ്രതിസന്ധിക്ക് അയവു വന്നു. സംഭരണത്തിന് 5 മില്ലുകൾ ആയതോടെ കൂടുതൽ പാടശേഖരങ്ങളിൽ നിന്നും നെല്ല് സംഭരിച്ചു തുടങ്ങി.
അമ്പലപ്പുഴ നോർത്ത്, സൗത്ത്, പുറക്കാട് എന്നിവിടങ്ങളിൽ കൊയ്തു കൂട്ടിയ നെല്ല് ഇന്നുമുതൽ സംഭരിക്കുകയും ചെയ്യും. അതേസമയം മില്ല് ഓണേഴ്സ് അസോസിയേഷൻ സംഭരണത്തിൽ നിന്ന് ഇപ്പോഴും വിട്ടു നിൽക്കുകയാണ്. ഇതിനോടകം 18.04 ഏക്കറിലെ വിളവെടുപ്പു കഴിഞ്ഞു.
4502.7 ടൺ നെല്ല് സംഭരിക്കുന്നതിനായി അലോട്ട് ചെയ്തതിൽ 3327 ടൺ നെല്ല് സംഭരിച്ചു. 24 പാടശേഖരങ്ങളിൽ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്.
കരുവാറ്റ, നെടുമുടി, പുന്നപ്ര സൗത്ത്, നോർത്ത്, പുറക്കാട്, ചമ്പക്കുളം എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്.
സംഭരിച്ച നെല്ലിന്റെ വില എന്നു ലഭിക്കും എന്ന കാര്യത്തിൽ കർഷകരുടെ ആശങ്കയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല. കർഷകർക്കു വില കൊടുത്തു തുടങ്ങി എന്ന മട്ടിൽ മന്ത്രി വായ്പ കൊടുക്കുന്നതിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും ഒന്നര മാസം മുൻപ് പിആർഎസ് ലഭിച്ച കർഷകർ പോലും ബാങ്കുകളിൽ കയറി ഇറങ്ങുകയാണ്.
ഇതു സംബന്ധിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണു ബാങ്ക് അധികൃതർ പറയുന്നത്. ഇക്കുറി 9700 ഹെക്ടറിലേറെ പാടത്ത് കൃഷി ചെയ്തെങ്കിലും ആരംഭത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ഒട്ടേറെ പാടശേഖരങ്ങളിൽ മട
വീണും, വെള്ളം കയറിയും കൃഷി നശിച്ചതിനാൽ വിളവെടുപ്പിനു ബാക്കിയായത് 7782 ഹെക്ടറിലെ കൃഷി മാത്രമാണ്.
ഇതിനിടെ പുഞ്ചക്കൃഷി (രണ്ടാം വിള) ആരംഭിച്ചു കഴിഞ്ഞു. 30000 ഹെക്ടറിൽ കൃഷി നടക്കുമെന്നാണു കൃഷി വകുപ്പ് പ്രതീക്ഷിക്കുന്നത്.
കൃഷിയുടെ ആരംഭത്തിൽ തന്നെ, വിത്ത് ലഭിക്കുന്നതിന് ഉണ്ടായിട്ടുള്ള തടസ്സം, വിത കൂലി കൂടുതൽ വാങ്ങുന്നതിന്റെ പ്രശ്നം എന്നിവയെല്ലാം കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. കൃഷി ആരംഭിച്ച സാഹചര്യത്തിൽ കൊയ്ത്ത്, സംഭരണം എന്നിവയുടെ കാര്യത്തിൽ വേണ്ട മുൻകരുതൽ എടുത്താൽ കാലങ്ങളായി കൊയ്ത്തു വേളയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും.
ഇക്കാര്യത്തിൽ നേരത്തെ തന്നെ കലക്ടറുടെ ഇടപെടൽ ഉണ്ടാകണമെന്നു കർഷകർ ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

