പന്തളം ∙ തീർഥാടനകാലത്ത് വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലും പരിസരങ്ങളിലും ഇക്കുറി ശക്തമായ സുരക്ഷയൊരുക്കാൻ അവലോകനയോഗത്തിൽ തീരുമാനം. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ശബരിമല സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, കലക്ടർ എസ്.പ്രേംകൃഷ്ണൻ തുടങ്ങിയവരെത്തി. ക്ഷേത്ര പരിസരത്തും മറ്റുമുള്ള കടകളിലെ ജീവനക്കാർക്ക് പിസിസി നിർബന്ധമാക്കും.
സുരക്ഷ ഏകോപിപ്പിക്കുന്നതിനായി പൊലീസ് പ്രത്യേകം ഗൂഗിൾ ഷീറ്റ് തയാറാക്കും.
ക്ഷേത്രത്തിൽ സുരക്ഷാച്ചുമതലയുള്ള പൊലീസുകാരെ ഉൾപ്പെടുത്തിയാകും ഇത്. നിലവിലുള്ള സിസിടിവികളുടെ കൺട്രോൾ പൊലീസിനും ലഭ്യമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
പ്രധാന റോഡിലടക്കം കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. 16നുള്ളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
യോഗത്തിൽ പങ്കെടുക്കാതിരുന്ന വകുപ്പ് പ്രതിനിധികളെ അടിയന്തരമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പുലർച്ചെ 5 മുതൽ രാത്രി 8 വരെയാണ് സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനം. ഡോക്ടർ ഉൾപ്പെടെ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കും.
സ്കൂബ അടക്കം അഗ്നിരക്ഷാസേനാ യൂണിറ്റ് സേവനത്തിനുണ്ടാകും. കൈപ്പുഴയിലെ കുടുംബശ്രീ പ്രീമിയം കഫേയിൽ തീർഥാടനകാലത്ത് വെജിറ്റേറിയൻ ഭക്ഷണം മാത്രമാക്കും.
ഇവിടെ തീർഥാടകർക്ക് പാർക്കിങ്ങിനും അനുമതിയുണ്ട്. അന്നദാനമണ്ഡപത്തിലേക്ക് 150 മേശ, 500 കസേര എന്നിവയെത്തിച്ചു.
തീപിടിത്തമൊഴിവാക്കാൻ ഫയർ എക്സ്റ്റിംഗ്വിഷർ സ്ഥാപിക്കും. എക്സൈസ് സംഘവും ലീഗൽ മെട്രോളജിയും പരിശോധന ശക്തമാക്കും.
തീർഥാടകർക്ക് വിരിവയ്ക്കാൻ പായ നഗരസഭാ അധികൃതർ സ്പോൺസർഷിപ്പിലൂടെ ക്രമീകരിക്കും.
പന്തളത്തേക്ക് ഇരുപതും കുളനടയ്ക്ക് പത്തും വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കും. എല്ലാ ദിവസവും രാത്രി 9ന് കെഎസ്ആർടിസി പന്തളം–പമ്പ സർവീസ് നടത്തും.
തീർഥാടകർക്ക് സൗജന്യമായി വിരിവയ്ക്കാനും ഉദ്യോഗസ്ഥർക്കുള്ള താമസസൗകര്യവും അന്നദാനമണ്ഡപത്തിൽ നഗരസഭ ഒരുക്കും. ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ് കുമാർ, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ.സുരേഷ് വർമ, ഡപ്യൂട്ടി കലക്ടർ ആർ.രാജലക്ഷ്മി, ആർഡിഒ എം.ബിപിൻ കുമാർ, ഉപദേശകസമിതി പ്രസിഡന്റ് വിനു നരേന്ദ്രൻ, വാർഡ് കൗൺസിലർ പി.കെ.പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.
കുളനടയിലെ ശ്രീവത്സം മൈതാനം ഏറ്റെടുത്ത് തീർഥാടകർക്ക് സൗജന്യ പാർക്കിങ് ഒരുക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം ട്രഷറർ എൻ.ദീപാവർമ അറിയിച്ചു.
പാർക്കിങ്ങിനുള്ള തീർഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനമെന്നും അവർ പറഞ്ഞു. എഴുപതോളം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാം.
ഇവിടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ക്രമീകരണം വേണം. ഇത്തവണ സുരക്ഷ ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

