കോതമംഗലം∙ പെരിയാറും ഭൂതത്താൻകെട്ടും ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലയാണു പിണ്ടിമന പഞ്ചായത്ത്. പ്രകൃതിരമണീയ ഗ്രാമം.
പെരിയാർവാലി കനാലുകളാൽ ജലസമ്പുഷ്ടം. അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് മനോഹരം.
എന്നാൽ, ടൂറിസം സാധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്താനായിട്ടില്ലെന്നാണു പരാതി. വനാതിർത്തി പങ്കിടുന്നത് ഒരു വാർഡാണെങ്കിലും 5 വാർഡുകളിൽ വന്യമൃഗശല്യം രൂക്ഷമാണ്.
13 വാർഡുകൾ ഇക്കുറി 14 ആയി.
തുടർച്ചയായി മൂന്നാംവട്ടവും യുഡിഎഫ് ഭരണം. 13 ൽ 9 സീറ്റും നേടിയാണു നിലവിലെ ഭരണം.
3 സീറ്റ് എൽഡിഎഫിനു ലഭിച്ചപ്പോൾ ഒരെണ്ണം ബിജെപിക്കുമുണ്ട്. പ്രസിഡന്റ് സ്ഥാനം നിലവിൽ വനിതാ സംവരണമായ ഇവിടെ അടുത്ത തവണ ജനറലാണ്.
കോട്ട കാക്കാൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും കച്ചമുറുക്കി.
പഞ്ചായത്ത് ഭരണത്തിലെ വിലയിരുത്തലുകൾ.
ജെസി സാജു, പഞ്ചായത്ത് പ്രസിഡന്റ്]
കഴിഞ്ഞ 5 വർഷവും പദ്ധതി വിഹിതം ചെലവഴിക്കലും നികുതിപിരിവും 100% നടത്തി സംസ്ഥാന സർക്കാരിന്റെ അംഗീകാരം നേടി. പച്ചക്കറി, ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. വീടുകളിൽ പച്ചക്കറി വ്യാപനത്തിനു നടപടിയുണ്ടായി.
പച്ചക്കറി ക്ലസ്റ്ററും കാർഷിക നഴ്സറിയും തുടങ്ങി. കാർഷിക വിപണന കേന്ദ്രം തുറന്നു.
പ്രാഥമികാരോഗ്യകേന്ദ്രം അടിസ്ഥാന സൗകര്യം വർധിപ്പിച്ചു കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയപ്പോൾ 3 ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി.
പാലിയേറ്റീവ് പ്രവർത്തനം നഴ്സിന്റെ സഹായത്തോടെ കാര്യക്ഷമമാക്കി. വൃക്കരോഗികൾക്കു ഡയാലിസിസിന് സഹായം നൽകിവരുന്നു.
ജലവിതരണം കാര്യക്ഷമമാക്കാൻ ചെറുകിട
പദ്ധതികൾ നടപ്പാക്കി. ജലജീവൻ പദ്ധതിയിൽ 1600 കുടുംബങ്ങൾക്കു ശുദ്ധജലമെത്തിച്ചു.
അമ്മച്ചിനഗർ ജലപദ്ധതി ഏറ്റെടുത്തു നടപ്പാക്കിവരുന്നു. 16 അങ്കണവാടികളും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി സ്മാർട്ടാക്കി.
സ്കൂളുകളിൽ യോഗ, കായിക പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർഥികൾക്കു നീന്തൽ പരിശീലനത്തിനു കരിങ്ങഴ തോട്ടിൽ പദ്ധതി നടപ്പാക്കി വരുന്നു.
ഗ്രാമീണ റോഡുകളുടെ നവീകരണം ഫണ്ട് ലഭ്യതയ്ക്കനുസരിച്ചു പൂർത്തിയാക്കി.
എസ്.എം. അലിയാർ, എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ്
കഴിഞ്ഞ 5 വർഷം നൂതന പദ്ധതികളൊന്നുമില്ല.
പഞ്ചായത്തിനു തനതു ഫണ്ട് കണ്ടെത്താനുള്ള പദ്ധതികളൊന്നും ആസൂത്രണം ചെയ്തു നടപ്പാക്കുകയോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്തില്ല. കേന്ദ്ര, സംസ്ഥാന സർക്കാർ ഫണ്ടുകൾ വികസനത്തിനും ക്ഷേമത്തിനും ഉപയോഗിക്കാതെ പാഴാക്കി.
8 മുതൽ 11 വരെ വാർഡുകൾ ഉൾപ്പെടുന്ന പഞ്ചായത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിയോളം വരുന്ന ജനസാന്ദ്രതയേറിയ പ്രദേശത്ത് ആരോഗ്യ ഉപകേന്ദ്രമില്ല.
അയിരൂർപാടം സ്റ്റേഡിയം വികസനത്തിനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതിക്കു നിരാക്ഷേപപത്രം നൽകിയില്ല. ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം പദ്ധതികൾ അട്ടിമറിച്ചു.
സ്ഥലവും ഫണ്ടുമുണ്ടായിട്ടും പൊതുശ്മശാനം നിർമിച്ചില്ല. കാർഷിക വിപണന കേന്ദ്രം അടഞ്ഞുകിടക്കുന്നു.
ഫലഭൂയിഷ്ഠമായ മണ്ണും പെരിയാർവാലി കനാലുകളിലെ ജലസമ്പത്തും പ്രയോജനപ്പെടുത്തി തരിശുനിലങ്ങളിൽ കൃഷി പ്രോൽസാഹിപ്പിക്കുകയോ ഫാം ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുകയോ ചെയ്തില്ല. വ്യവസായ വിപണന കേന്ദ്രവും ഭൂതത്താൻകെട്ടിലെ പകൽവീടും തുറന്നില്ല.
പാലിയേറ്റീവ് പ്രവർത്തനം അവതാളത്തിലാണ്.
ശുദ്ധജലക്ഷാമം പരിഹരിക്കാൻ പദ്ധതികൾ വികസിപ്പിച്ചില്ല. ലൈഫ് പദ്ധതി ലിസ്റ്റിലുള്ളവർക്കു വീട് നൽകിയില്ല.
ഗ്രാമീണ റോഡുകൾ ശോച്യാവസ്ഥയിലാണ്. വഴിവിളക്കുകൾ പ്രകാശിപ്പിക്കാനോ ആനശല്യമുള്ള പ്രദേശങ്ങളിലും കനാൽബണ്ട് റോഡുകളിലും കാട് വെട്ടിത്തെളിക്കാനോ സാധിച്ചില്ല.
ഭൂതത്താൻകെട്ട് ടൂറിസം വികസനത്തിനും ചേലാട് സ്റ്റേഡിയം നിർമാണത്തിനും തടസ്സങ്ങൾ നീക്കാൻ രാഷ്ട്രീയ കാരണങ്ങളാൽ പിന്തുണ നൽകിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

