മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിയേക്കുറിച്ചും അതിന്റെ മോശം സംഘാടനത്തേക്കുറിച്ചും ഉയർന്ന പരാതികളിലും വിമർശനങ്ങളിലും മാപ്പുപറഞ്ഞ് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. സംഭവിച്ച വിഷയങ്ങളിൽ താൻ വളരെയേറെ അസ്വസ്ഥനാണെന്ന് ദ ഹിന്ദുവിനോട് അദ്ദേഹം പ്രതികരിച്ചു. ആരുടെയും നേരെ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ടീം വിവരങ്ങൾ ശേഖരിക്കുന്നമുറയ്ക്ക് ഒരു സസ്പെൻസ് പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘മറക്കുമാ നെഞ്ചം’ സംഗീതപരിപാടി വിവാദത്തിൽ സംഘാടകർ മാപ്പുപറഞ്ഞതിന് പിന്നാലെയാണ് വിഷയത്തിൽ റഹ്മാനും പ്രതികരണവുമായെത്തിയത്. തങ്ങൾക്ക് കൈകാര്യം ചെയ്യാനാവുന്നതിനുമപ്പുറമുള്ള ജനങ്ങളുടേയും സ്നേഹത്തിന്റേയും സുനാമിക്കാണ് ഞായറാഴ്ച സാക്ഷിയായതെന്ന് എ.ആർ. റഹ്മാൻ പറഞ്ഞു. ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ, തന്റെ ജോലി ഗംഭീരമായ ഒരു ഷോ നൽകുക എന്നതുമാത്രമായിരുന്നു. കഴിഞ്ഞതവണത്തേപ്പോലെ മഴ പെയ്യരുത് എന്ന് മാത്രം ചിന്തിച്ച്, പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉള്ളിൽ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു ഞാൻ. നല്ല ഉദ്ദേശത്തോടെയാണ് എല്ലാം ചെയ്തത്. പക്ഷേ പ്രതികരണം എല്ലാവരുടേയും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ, ഞങ്ങൾ ഭയങ്കര അസ്വസ്ഥരാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഉള്ളതിനാൽ സുരക്ഷയായിരുന്നു പ്രധാന പ്രശ്നം. ആരുടെയും നേരെ വിരൽ ചൂണ്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ നഗരം വികസിക്കുകയാണെന്നും സംഗീതവും കലയും ആസ്വദിക്കാനുള്ള അഭിനിവേശവും വികസിക്കുകയാണെന്നും നാം മനസ്സിലാക്കണം. ഞങ്ങൾ വിവരങ്ങളെല്ലാം ശേഖരിക്കുകയാണ്. ഉടൻ തന്നെ ഒരു സർപ്രൈസ് ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. സംഘാടകർ വേദിയിൽ ഏകദേശം 46,000 കസേരകൾ ഒരുക്കിയിരുന്നു. ചിലഭാഗങ്ങളിൽ എല്ലാവരും ഒരു വശത്ത് ഇരുന്നു. അവർ മറുവശത്തേക്ക് നീങ്ങിയിരുന്നില്ല. ഇത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വേദി നിറഞ്ഞെന്ന് കരുതി അടപ്പിച്ചു. ഈ സമയം, ഷോ ഇതിനകം അകത്ത് ആരംഭിച്ചിരുന്നു.” അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഞങ്ങൾ ആസൂത്രണം ചെയ്യാത്ത ഒരു ചുഴലിക്കാറ്റ് പോലെയായിരുന്നു ഇത്. ഞങ്ങൾ കഴിഞ്ഞ വർഷം യുഎസിൽ 20 സംഗീതകച്ചേരികൾ നടത്തി. എല്ലാം സുഗമവും പ്രശ്നരഹിതവുമായിരുന്നു. കാരണം ഞങ്ങൾ അവിടത്തെ സിസ്റ്റത്തെ വിശ്വസിച്ചിരുന്നു. ഇന്ത്യയിൽ ഇന്നുവരെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഷോയാണ് ‘മറക്കുമാ നെഞ്ചം’. അത് മികച്ചതാണ്. എന്നാൽ യഥാർത്ഥ സംഗീതക്കച്ചേരിയെക്കാൾ നമ്മൾ ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നത് പ്രധാനമാണ്.”
‘മറക്കുമാ നെഞ്ചം 90 ശതമാനം വിജയവും 10 ശതമാനം നഷ്ടവുമാണ്’ എന്ന് റഹ്മാൻ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ സന്തോഷത്തോടെ കച്ചേരി കേൾക്കുന്നുണ്ടായിരുന്നു. ചെന്നൈയിലെ ഊർജ്ജവും സ്നേഹവും അതിരുകടന്നതാണ്. നിങ്ങൾ അമിതമായി സ്നേഹിച്ച എന്തെങ്കിലും അകന്നുപോകുന്നതുപോലെയാണ് ഇവിടെ കഴിഞ്ഞദിവസം സംഭവിച്ച കാര്യങ്ങൾ. അതാണ് ഇവിടെ സംഭവിച്ചതെന്ന് താൻ കരുതുന്നു. ആരുടെയും നേരെ വിരൽ ചൂണ്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ആളുകൾ എനിക്കായി കച്ചേരികൾക്ക് വരുമെന്ന് എനിക്കറിയാം, അല്ലാതെ സംഘാടകർ ആരാണെന്നല്ല അവർ നോക്കുന്നതെന്നും എ.ആർ. റഹ്മാൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന സംഗീത പരിപാടി കാണാൻ ടിക്കറ്റെടുത്തിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിച്ചിരുന്നു. സ്ത്രീകളെ അപമാനിക്കാൻ ശ്രമം നടന്നെന്നും അനുവദനീയമായതിലും കൂടുതൽപ്പേരെ പ്രവേശിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വിമർശനമുയർന്നു. എ.ആർ. റഹ്മാൻ മാപ്പുപറയണമെന്നും ആവശ്യമുയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]