ആലപ്പുഴ∙ എറണാകുളം– കായംകുളം പാസഞ്ചർ ട്രെയിനിലെ സ്ത്രീകളുടെ കോച്ചിൽ വടിവാളുമായി കയറിയയാൾ യാത്രക്കാരെ ഭീഷണിപ്പെടുത്തി. സ്ത്രീകൾ ബഹളം വച്ചെങ്കിലും ഇയാൾ പിന്മാറിയില്ല.
സംഭവമറിഞ്ഞു റെയിൽവേ പൊലീസ് എത്തിയപ്പോഴേക്കും മറ്റൊരു കോച്ചിലേക്കു മാറിക്കയറി ഇയാൾ കടന്നുകളഞ്ഞു. വൈകിട്ട് 6.25ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന പാസഞ്ചറിൽ (56319) ഒരാഴ്ച മുൻപ് നടന്ന സംഭവം തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ യാത്രക്കാരി നേരിട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു പുറത്തറിയുന്നത്. ട്രെയിൻ ഏഴരയോടെ കലവൂരിൽ എത്താറായപ്പോഴാണ് മാരകായുധവുമായി യുവാവ് കോച്ചിലേക്കു വന്നതെന്നു വനിതാ യാത്രക്കാർ പറഞ്ഞു.
കോച്ചിൽ അപ്പോൾ പകുതിയോളം യാത്രക്കാരെ ഉണ്ടായിരുന്നുള്ളൂ.
വടിവാൾ പോലുള്ള ആയുധം കണ്ടു പേടിച്ച സ്ത്രീകൾ ബഹളം വച്ചപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തി. തുമ്പോളി സ്റ്റേഷൻ എത്തിയപ്പോൾ ഇയാൾ ഇറങ്ങി മറ്റൊരു കോച്ചിൽ കയറി. യാത്രക്കാർ അറിയിച്ചതനുസരിച്ചു പൊലീസും റെയിൽവേ പൊലീസും ട്രെയിനിലും തുമ്പോളി റെയിൽവേ സ്റ്റേഷനിലും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കിട്ടിയില്ല.
മാരകായുധങ്ങളുമായി ട്രെയിനിൽ ഗുണ്ടകൾ കയറുന്നതു യാത്രാസുരക്ഷ സംബന്ധിച്ച ആശങ്ക ഉയർത്തിയിട്ടുണ്ട്.
പുരുഷ അതിഥിത്തൊഴിലാളികളും വനിതാ കോച്ചിൽ
ട്രെയിനിൽ തിരക്കാകുന്നതോടെ ചില പുരുഷ അതിഥിത്തൊഴിലാളികൾ സ്ത്രീകളുടെ കോച്ചിൽ കയറി മോശമായി പെരുമാറുന്നതായി വ്യാപക പരാതി. ‘‘വാതിലുകൾക്കു സമീപത്താണ് ഇവർ നിൽക്കുക.
ജനറൽ കോച്ചിലേക്കു പോകണമെന്നു പറഞ്ഞാൽ ഒന്നും മനസ്സിലാകാത്തതു പോലെ നിൽക്കും. സ്റ്റേഷനുകളിൽ സ്ത്രീകൾ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ ഇവർ മാറിത്തരില്ല.
പ്രതികരിക്കുന്ന സ്ത്രീകളെ തള്ളിമാറ്റാനും ദേഹത്തു പിടിക്കാനും ശ്രമിക്കും. പേടിച്ച് പരമാവധി ഒഴിഞ്ഞുമാറി പോകുകയാണ്’’– ഒരു യാത്രക്കാരി പറഞ്ഞു.
സിസി ടിവി വേണം
റെയിൽവേ സ്റ്റേഷനുകളിൽ സിസിടിവി ഇല്ലാത്തതു സുരക്ഷയെ കാര്യമായി ബാധിക്കുന്നെന്നു യാത്രക്കാർ പറയുന്നു.
മാരകായുധവുമായി ട്രെയിനിൽ കയറാൻ സാധിക്കുന്നത് ഇതുകൊണ്ടാണ്. രാത്രി സ്ത്രീകളുടെ കോച്ചിൽ തിരക്കു കുറയുന്നതോടെ ചില മദ്യപന്മാർ ഇവിടേക്കു കയറുന്നതു പതിവാണ്.
പൊലീസുകാരും കുറവ്
ആർപിഎഫിലും റെയിൽവേ പൊലീസിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതു പട്രോളിങ്ങിനെ ബാധിക്കുന്നു.
ട്രെയിനുകളിലെ ബീറ്റ് ഡ്യൂട്ടിക്കു പുറമേ സ്റ്റേഷനുകളിലെയും ട്രാക്കുകൾക്കു സമീപത്തെയും നിയമലംഘനങ്ങളും ഇതേ പൊലീസ് സംഘം പരിശോധിക്കേണ്ടതുണ്ട്. രാത്രി 8നു ശേഷം സർവീസ് നടത്തുന്ന പല ട്രെയിനുകളിലും തിരക്ക് കുറവായതിനാൽ മദ്യപാനവും അസഭ്യം പറച്ചിലും സ്ഥിരമാണ്.
എന്നാൽ അംഗബലം കുറവായതിനാൽ ട്രെയിനുകളിൽ പൊലീസ് സാന്നിധ്യം കുറവാണ്. വനിതാ കോച്ചുകളിൽ പോലും എപ്പോഴും പൊലീസ് ഉണ്ടാകില്ല.
പൊലീസിന്റെ അംഗബലം കൂട്ടി സുരക്ഷ ഉറപ്പാക്കണമെന്നതു യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

