പത്തനംതിട്ട ∙ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് മെംബർ സ്ഥാനം രാജിവച്ചു.
സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയാണു രാജി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ്.
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായ നാൾ മുതൽ പാർട്ടിയിലെ ചില ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടായ വാക്കുകളും പ്രവൃത്തികളും മാനസികമായി സമ്മർദം സൃഷ്ടിച്ചു. ആത്മഹത്യാ പ്രേരകമായ വ്യക്തിഹത്യ വരെയുണ്ടായി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി നൽകിയിട്ടും അദ്ദേഹം മൗനം പാലിച്ചു.
‘പദവികളെ അലങ്കാരമാക്കി’ നിലകൊള്ളുന്ന നേതൃനിരയുടെ നിശബ്ദതയാണ് രാജി വയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ശ്രീനാദേവി പറഞ്ഞു. സ്ഥാനമാനങ്ങൾ നിലനിർത്താൻ വെമ്പൽ കൊള്ളുകയാണ് നേതൃനിര.
സിപിഐ നേതൃത്വത്തിന്റേതു കപട ആദർശമാണെന്നും ശ്രീനാദേവി വിമർശിച്ചു. തനിക്ക് അർഹതപ്പെട്ട
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ നിഷേധിക്കപ്പെട്ടത്, പാർട്ടി മുൻ ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയത് കാരണമാണെന്നത് പരസ്യമായ രഹസ്യമാണെന്നും ശ്രീന ആരോപിച്ചു. പാർട്ടിയിലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന ഒരാളുടെ അഴിമതി ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതി വിവിധ തലങ്ങളിൽ അന്വേഷിച്ച് ശരിയെന്ന് കണ്ടെത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്തതാണ്.
ഇതിനു ശേഷം പാർട്ടി പരിപാടികളിൽ പങ്കെടുപ്പിച്ചിട്ടില്ല. പൊതുപരിപാടികളിൽ അനൗദ്യോഗിക വിലക്കേർപ്പെടുത്തി.
പാർട്ടി അംഗത്വവും നിഷേധിക്കപ്പെട്ടു. രേഖാമൂലം നിരവധി പരാതികൾ നൽകിയിട്ടും നേതൃത്വം ഉദാസീനത തുടർന്നതിനാലാണ് രാജി തീരുമാനം കൈക്കൊണ്ടതെന്നും ശ്രീനാദേവി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനുമാണ് രാജി സമർപ്പിച്ചത്.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗത്വവും രാജിവച്ചിട്ടുണ്ട്. കോൺഗ്രസിൽ ചേരുമോയെന്ന ചോദ്യത്തോട് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മറുപടി.
എന്നാൽ, പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി ശ്രീനാദേവി മത്സരിക്കാനുള്ള സാധ്യത കോൺഗ്രസ് നേതൃത്വം തള്ളുന്നില്ല. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നും തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്നും ശ്രീനാദേവി നേരത്തെ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടത് സിപിഐയിൽ എതിർപ്പിനു കാരണമായിരുന്നു.
ശ്രീനാദേവി പാർട്ടിയിൽ നിലവിൽ അംഗമല്ലെന്നാണ് സിപിഐ ജില്ലാ നേതാക്കൾ വ്യക്തമാക്കിയത്.
ശ്രീനയുടെ രാജി സിപിഐ പ്രതീക്ഷിച്ചത്; തുടർ തീരുമാനം നിർണായകം
പത്തനംതിട്ട∙ ജില്ലാ പഞ്ചായത്ത് മെംബർ സ്ഥാനത്ത് നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ രാജി സിപിഐ ജില്ലാ നേതൃത്വത്തിന് അപ്രതീക്ഷിതമായിരുന്നില്ല. പാർട്ടിക്ക് ജില്ലാ പഞ്ചായത്തിൽ 2 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
പള്ളിക്കൽ ഡിവിഷനിൽ നിന്നു ശ്രീനയും ആനിക്കാട് നിന്നും രാജി പി.രാജപ്പനും. യുഡിഎഫിനെ ഞെട്ടിച്ചാണ് ജില്ലാ പഞ്ചായത്തിൽ ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്.
രാജി പി.രാജപ്പന് ആദ്യടേമിൽ വൈസ് പ്രസിഡന്റ് സ്ഥാനവും ഭരണസമിതിയുടെ കാലയളവിൽ ഒരു വർഷം ശ്രീനയ്ക്ക് പ്രസിഡന്റ് സ്ഥാനവും നൽകുമെന്നായിരുന്നു മുന്നണിയിലെ ധാരണ. 2020 ഡിസംബറിൽ രാജി വൈസ് പ്രസിഡന്റായി ചുമതലയേറ്റു.
ഇതിനിടെ, സിപിഐയിൽ രൂപം കൊണ്ട
ശക്തമായ വിഭാഗീയതയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. അന്നത്തെ സിപിഐ ജില്ലാസെക്രട്ടറി എ.പി.ജയനെതിരെ മറുപക്ഷം നിലകൊണ്ടു.
ജയനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയും ഉയർന്നു. ശ്രീന നൽകിയ പരാതിയിൽ 2023 നവംബറിൽ ജയനെതിരെ പാർട്ടി നടപടിയെടുത്തു.
ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായി. ഇരുവിഭാഗവും ബലാബലത്തിനിറങ്ങുന്ന നാളുകളാണ് പിന്നീടു ദൃശ്യമായത്.
ശ്രീനയ്ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന തീരുമാനം നടപ്പായില്ല. വൈസ് പ്രസിഡന്റായിരുന്ന രാജി പി.രാജപ്പൻ 2024 മാർച്ചിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത് ചേരിപ്പോരിന്റെ തെളിവായി.
സിപിഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയാകാനും ശ്രീനയ്ക്ക് അവസരം കിട്ടിയില്ല.
എഐവൈഎഫിന്റെ സംസ്ഥാനകമ്മിറ്റിയിൽ നിന്നും 2025 ജനുവരിയിൽ പുറത്താക്കപ്പെട്ടു. 2 മാസത്തിനുശേഷം തിരിച്ചെടുക്കപ്പെട്ടു.
വൈകാതെ പാർട്ടി അംഗത്വവും നഷ്ടമായി. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന് ശ്രീന സമൂഹമാധ്യമത്തിൽ നടത്തിയ പ്രതികരണത്തിനെതിരെ സിപിഐയിൽ ഒരു വിഭാഗം രംഗത്തെത്തി.
ശ്രീന പാർട്ടിയിലെ ആരുമല്ലെന്നായിരുന്നു നേതാക്കളിൽ ഒരാളുടെ നിലപാട്. ഈ പ്രതികരണം പാർട്ടിക്ക് പുറത്തേക്കുള്ള വഴി തനിക്ക് ചൂണ്ടിക്കാട്ടുന്നതിന് തുല്യമാണെന്ന് ബോധ്യമായതായി ശ്രീന ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കി.
തന്നെ തിരഞ്ഞെടുത്ത വോട്ടർമാരോടുളള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് രാജി പ്രഖ്യാപനം വൈകിയത്.
ശ്രീനയ്ക്കൊപ്പം അമ്മ എസ്.ഗിരിജാ ദേവി, എഐവൈഎഫ് ഭാരവാഹി വി.ആർ.ഉണ്ണിക്കൃഷ്ണൻ, ആദിത്യദേവൻ എന്നിവരുമുണ്ടായിരുന്നു. വലിയ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ പള്ളിക്കൽ വാർഡിൽ ശ്രീന വിജയിച്ചത്.
എന്നാൽ രാജി പ്രഖ്യാപനത്തെ ഗൗരവത്തിലെടുക്കേണ്ടെന്ന നിലപാടാണ് സിപിഐ ജില്ലാ നേതൃത്വം സ്വീകരിച്ചത്. പള്ളിക്കൽ ഡിവിഷനിൽ സിപിഐക്ക് ശക്തമായ അടിത്തറയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു.
കോൺഗ്രസ് അനുകൂല തീരുമാനമെടുത്താൽ വരുന്ന തിരഞ്ഞെടുപ്പിൽ പള്ളിക്കലിൽ ശ്രീനാദേവി സ്ഥാനാർഥിയായേക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

