റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനി കൂടുതൽ കുരുക്കിലേക്ക്. ബാങ്കിൽ നിന്ന് വായ്പ എടുത്ത് തിരിമറി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ ഇടങ്ങളിലായി റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട
40ലേറെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. അദ്ദേഹത്തിന്റെ മുംബൈ പാലി ഹില്ലിലെ ആഡംബര വസതി ഉൾപ്പെടെ മൊത്തം 3,084 കോടിയുടെ വസ്തുവകകൾ ഇതിലുൾപ്പെടും.
പണം തിരിമറി തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഡൽഹി, നോയിഡ, മുംബൈ, ഗാസിയാബാദ്, പൂനെ, താനെ, ചെന്നൈ, വിശാഖപട്ടണം, കാഞ്ചീപുരം, ഹൈദരാബാദ്, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ ഓഫിസ് സമുച്ചയങ്ങൾ, ഭവന സമുച്ചയങ്ങൾ, സ്ഥലം എന്നിവയാണ് ഇ.ഡി കണ്ടുകെട്ടിയത്.
2017-19 കാലത്ത് യെസ് ബാങ്കിൽനിന്ന് അനധികൃതമായി റിലയൻസിന്റെ ഉപകമ്പനികളായ റിലയൻസ് ഹോംഫിനാൻസ്, റിലയൻസ് കൊമേഴ്സ് ഫിനാൻസ് എന്നിവയിലേക്ക് വായ്പ തരംപെടുത്തിയെന്നും മറ്റൊരു കമ്പനിയായ റിലയൻസ് നിപ്പോൺ മ്യൂച്വൽഫണ്ടിൽ പൊതുനിക്ഷേപകർ നിക്ഷേപിച്ച പണം ഇതിനു പ്രത്യുപകാരമായി യെസ് ബാങ്കിന്റെ നിക്ഷേപപദ്ധതികളിലേക്ക് മാറ്റിയെന്നും ഉൾപ്പെടെയുള്ള ചട്ടലംഘനങ്ങളാണ് കേസിന് ആധാരം.
സെബിയുടെ ചട്ടങ്ങൾ കാറ്റിൽപ്പറത്തി അനിൽ അംബാനിയും യെസ് ബാങ്കിന്റെ അന്നത്തെ പ്രമോട്ടർമാരും ചേർന്ന് നടത്തിയ പണംതിരിമറികളാണിതെന്നായിരുന്നു ആരോപണങ്ങൾ. നിക്ഷേപങ്ങൾ പലതും കിട്ടാക്കടമായി മാറിയത് കുരുക്ക് മുറുകാനിടയാക്കി.
ഇതിനെല്ലാം പുറമേ, എസ്ബിഐയിൽ നിന്നുൾപ്പെടെ എടുത്ത 14,000 കോടിയുടെ വായ്പ തിരിമറി നടത്തിയതിന് ഇ.ഡിക്ക് പുറമേ സിബിഐയുടെ അന്വേഷണവും നടക്കുന്നുണ്ട്.
വസ്തുവകകൾ കണ്ടുകെട്ടിയ ഇ.ഡിയുടെ നടപടിക്ക് പിന്നാലെ, അനിലിന്റെ റിലയൻസ് ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരിവില ഇന്ന് തകർന്നടിഞ്ഞു. മുഖ്യകമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ ബിഎസ്ഇയിൽ 5% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ 203.85 രൂപയിലാണുള്ളത്.
ഈ വർഷം ജൂൺ 27ന് 52-ആഴ്ചത്തെ ഉയരമായ 425 രൂപയായിരുന്ന ഓഹരിവിലയാണ് ഇപ്പോൾ പാതിയോളം ഇടിഞ്ഞുനിൽക്കുന്നത്. മറ്റൊരു കമ്പനിയായ റിലയൻസ് പവറിന്റെ ഓഹരികളും ഇന്ന് വ്യാപാരം അവസാന സെഷനിലേക്ക് കടക്കുമ്പോഴുള്ളത് 5.26% ഇടിഞ്ഞ് 43.98 രൂപയിൽ.
കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയ 76.49 രൂപയാണ് 52-ആഴ്ചത്തെ ഉയരം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

