പുന്നയൂർ ∙ പഞ്ചായത്തിൽ ഏറെക്കാലത്തെ ആവശ്യമായ ആധുനിക ശ്മശാനം യാഥാർഥ്യമാകുന്നു. ആലാപ്പാലത്തെ പഴയ ശ്മശാന ഭൂമിയിൽ നിർമിച്ച വാതക ശ്മശാനം `സ്മൃതി പഥം` ഇന്ന് വൈകിട്ട് 6.30 ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.
എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷനാകും. 50 സെന്റ് ഭൂമിയിൽ 1.45 കോടി രൂപ ചെലവിട്ടാണ് ശ്മശാനം നിർമിച്ചത്. മൃതദേഹം ദഹിപ്പിക്കുന്ന യന്ത്രത്തിനു മാത്രം 38 ലക്ഷം രൂപയാണ് ചെലവ്.
2470 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം, ചുറ്റുമതിൽ, പടിപ്പുര ഉൾപ്പെടെയുള്ള നിർമാണം പഞ്ചായത്ത് എൻജിനീയറിങ് വിഭാഗമാണ് നടത്തിയത്.
സർക്കാർ ഏജൻസിയായ റെയ്ഡ്കോയാണ് മൃതദേഹം സംസ്കരിക്കുന്ന ചേംബർ സ്ഥാപിച്ചത്. പ്രൈമറി ചേംബറിൽ 850 ഡിഗ്രി സെന്റി ഗ്രേഡിലും സെക്കൻഡറി ചേംബറിൽ 1050 ഡിഗ്രി സെന്റി ഗ്രേഡിലുമാണ് സംസ്കരിക്കുക.
ഇത്രയും താപം ഉപയോഗിക്കുന്നതിനാൽ വായു, പരിസര മലിനീകരണം ഉണ്ടാവില്ലെന്ന് റെയ്ഡ്കോ ടെക്നിക്കൽ കൺസൽറ്റന്റ് ടി.വി.വിദ്യാരാജൻ പറഞ്ഞു. പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങൾക്ക് ശ്മശാനത്തിൽ ഫീസ് ഈടാക്കില്ല. പഞ്ചായത്തിലുള്ള മറ്റുള്ളവർക്ക് 2500 രൂപയും പുറത്ത് നിന്നു വരുന്ന മൃതദേഹം സംസ്കരിക്കാൻ 4000 രൂപയും ഇൗടാക്കും.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മൃതദേഹം സ്വീകരിക്കും.
യന്ത്രത്തിന്റെ പരീക്ഷണ പ്രവർത്തനത്തിനു ശേഷം 21 മുതൽ ശ്മശാനം പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ, സുഹറ ബക്കർ, ഷമീം, എ.കെ.വിജയൻ, ഷൈബ എന്നിവർ അറിയിച്ചു. 10 വർഷം മുൻപ് അന്നത്തെ ഭരണസമിതി ശ്മശാന നിർമാണം തുടങ്ങിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പ് മൂലം നിർത്തിയിരുന്നു. ഭൂമി തരം മാറ്റം, അനുമതി ലഭ്യമാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ ഭരണ സമിതി ചെയ്തതോടെയാണ് നിർമാണം ആരംഭിക്കാനായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

