കൊച്ചി∙ കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ നിർമാണത്തിന് ആവശ്യമായ അനുമതി വാങ്ങണമെന്നു കോർപറേഷൻ ജിസിഡിഎയ്ക്കു നിർദേശം നൽകി. കാരണക്കോടം തോടിന്റെ സംരക്ഷണഭിത്തിയുടെ മുകളിലായി, സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ നിർമിക്കുന്നതിനെതിരെ യുഡിഎഫ് രംഗത്തെത്തിയിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ മേയർ, കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയറെ ചുമതലപ്പെടുത്തി. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ജിസിഡിഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ സ്ഥലപരിശോധന നടത്തി.
നിർമാണം തൽക്കാലത്തേക്കു നിർത്തിവയ്ക്കാനും കോർപറേഷന്റെ അനുമതി വാങ്ങിയ ശേഷം തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
വശങ്ങളിൽ ഇത്രയും ഉയരത്തിൽ ചുറ്റുമതിൽ നിർമിക്കുന്നതു മൂലം തോട്ടിലെ ചെളി കോരി മാറ്റാൻ കഴിയില്ലെന്നാണു യുഡിഎഫ് ആക്ഷേപം. വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന കനാൽ തീരനിയന്ത്രിത മേഖലയിൽ (സിആർസെഡ്) ഉൾപ്പെടുന്നതാണെന്നും കോർപറേഷന്റെ എൻഒസിയും അനുമതിയുമില്ലാതെയാണു നിർമാണം നടക്കുന്നതെന്നും കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു. അതേസമയം നിർമാണം നടക്കുന്ന സ്ഥലം സിആർസെഡ് പരിധിയിൽ വരുന്നതല്ലെന്നാണു കോർപറേഷന്റെ നിലപാട്.
സ്റ്റേഡിയം ലിങ്ക് റോഡിലുണ്ടാകുന്ന വെള്ളക്കെട്ടിന്റെ പ്രധാന കാരണം കാരണക്കോടം തോടിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടുന്നതാണ്. ചെളി കോരി വയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ ദുരന്ത നിവാരണ നിയമ പ്രകാരം ഇടപെട്ടാണു പലപ്പോഴും തോട്ടിലെ ചെളി നീക്കുന്നത്.
സ്റ്റേഡിയത്തിനു ചുറ്റുമതിൽ കെട്ടിയാൽ പിന്നീട് തോട്ടിലെ ചെളി കോരി മാറ്റാൻ കഴിയാതെ വരുമെന്നും യുഡിഎഫ് ആരോപിച്ചു.
എന്നാൽ തോട്ടിലെ ചെളി കോരി മാറ്റാനായി ചുറ്റുമതിലിൽ നിശ്ചിത ഇടവേളകളിൽ വിടവുകൾ ഇടാമെന്നാണു ജിസിഡിഎ അധികൃതർ ചർച്ചകളിൽ കൊച്ചി കോർപറേഷൻ അധികൃതരെ അറിയിച്ചത്. ഇത്രയും ഉയരത്തിൽ ചുറ്റുമതിൽ നിർമിക്കാമോ, തോടിന്റെ സംരക്ഷണ ഭിത്തിയുടെ ചുമതല കോർപറേഷനാണോ, അതോ ചെറുകിട
ജലസേചന വകുപ്പിനാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തിയ ശേഷമേ നിർമാണാനുമതി നൽകുന്നതിൽ അന്തിമതീരുമാനമെടുക്കൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

