കണ്ണൂർ ∙ കാഴ്ചയിൽ ശാന്തമായ തീരം. ആർക്കും കടലിൽ ഇറങ്ങാൻ തോന്നും.
പക്ഷേ ചുഴി (റിപ് കറന്റ്സ് – തിരമാലയൊഴുക്ക്) ഉള്ള സ്ഥലം. പയ്യാമ്പലം ബീച്ചിന്റെ വടക്ക് രണ്ട് കിലോമീറ്റർ ദൂരത്തിന് അപ്പുറമുള്ള പള്ളിയാംമൂല ബീച്ചിന്റെ അവസ്ഥയാണിത്.
വിദ്യാർഥികൾ തിരമാലയൊഴുക്കിൽ പെട്ടതായിരിക്കാമെന്നാണു വിദഗ്ധരുടെ നിഗമനം.
എന്താണ് തിരമാലയൊഴുക്ക്?
തിരമാലകൾ കരയിലേക്കുവന്നു തിരികെ കടലിലേക്ക് ഒഴുകിപ്പോകുമ്പോൾ ഉണ്ടാകുന്ന ശക്തമായ ഒഴുക്കാണ് കടൽപ്രവാഹം എന്ന് കൂടി അറിയപ്പെടുന്ന തിരമാലയൊഴുക്ക്. ആഴം കുറഞ്ഞ ഭാഗങ്ങളിൽനിന്ന് ആഴക്കടലിലേക്കു ശക്തമായി ഒഴുകുന്ന ഒരു തരം കടൽപ്രവാഹമാണിത്.
ഇത് ആളുകളെയും വസ്തുക്കളെയും പെട്ടെന്ന് ആഴത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. വലിയ തിരമാലകളുള്ളപ്പോൾ ഈ കടൽ പ്രവാഹം കൂടുതൽ ശക്തമാകും.
ഇത്തരത്തിൽ ആഴക്കടലിലേക്കു ശക്തമായ ഒഴുക്കുണ്ടാകുമ്പോൾ ഇവിടെനിന്നു മണലും വർധിച്ച തോതിൽ ഒഴുകിപ്പോകും.
തിരമാലകൾ ശക്തമായി തിരിച്ചൊഴുകുന്ന സമയത്ത് ഒരാൾ തിരയിലിറങ്ങുമ്പോൾ കടലിലേക്ക് ശക്തമായ തള്ളൽ ഉണ്ടാകും. ഈ സമയത്ത് മണൽ കൂടി ഒലിച്ചുപോകുന്നതിനാൽ, ആഴംകുറഞ്ഞ തീരത്താണ് നിൽക്കുന്നതെങ്കിലും കടലിലേക്ക് ഒഴുകിപ്പോകും.ന്യൂനമർദവും മൊൻത ചുഴലിക്കാറ്റിന്റെയും പ്രഭാവവും ഉണ്ടാക്കിയ തിരമാലയൊഴുക്കിന്റെ ശക്തി പൂർണമായും കുറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നു ലൈഫ് ഗാർഡുമാരും പറയുന്നു.
അവരറിഞ്ഞില്ല, അപകടത്തിന്റെ ആഴം
കണ്ണൂർ ∙ തീരത്ത് കുളിക്കാൻ അനുവാദമുണ്ടോ എന്ന് റിസോർട്ട് ജീവനക്കാരോട് യുവാക്കൾ ചോദിച്ചിരുന്നു.
ജാഗ്രത പാലിക്കണമെന്നും കടൽച്ചുഴികൾ നിറഞ്ഞ പ്രദേശമാണ് പയ്യാമ്പലമെന്നും ജീവനക്കാർ അപ്പോൾ തന്നെ യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി. ചുഴി സംബന്ധിച്ച മുന്നറിയിപ്പ് ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുമുണ്ട്.
എന്നാൽ കടൽച്ചുഴിയെക്കുറിച്ച് ധാരണയില്ലാത്ത യുവാക്കൾ ശാന്തമായി തോന്നിയ തീരത്ത് ഉല്ലസിക്കാൻ ഇറങ്ങി. അഞ്ചു പേർ തീരത്തോട് ചേർന്ന് തന്നെയുണ്ടായിരുന്നു.
ഈ സമയമാണ് മറ്റു മൂന്നു പേർ കഴുത്തറ്റം വെള്ളത്തിലാണുള്ളതെന്ന് ഒപ്പമുള്ളവർ മനസ്സിലാക്കിയത്. ഇവരെ രക്ഷിക്കാൻ ഒപ്പമുള്ളവർ ഇറങ്ങാൻ തുടങ്ങും മുൻപ് തന്നെ മൂവരും മുങ്ങിത്താണു.
സുരക്ഷ അറബിക്കടലിൽ
കണ്ണൂർ ∙ ബീച്ചുകളിലേക്കു സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ കൊണ്ടുവരുമ്പോഴും സന്ദർശകരുടെ സുരക്ഷയ്ക്കുവേണ്ട
നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ജില്ലയിലെ ബീച്ചുകളിൽ ആവശ്യത്തിനുള്ള ലൈഫ് ഗാർഡുമാരില്ല. ഇന്നലെ അപകടംനടന്നു 15 മിനിറ്റ് കഴിഞ്ഞശേഷമാണ് ലൈഫ് ഗാർഡെത്തിയത്.
പയ്യാമ്പലം ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈ ലൈഫ് ഗാർഡ് 2 കിലോമീറ്റർ ഓടിയെത്തുകയായിരുന്നു.
മുൻപ് പയ്യാമ്പലം ബീച്ചിന്റെ 200 മീറ്റർ ഭാഗത്തു മാത്രമാണു മുൻപ് സന്ദർശകർ ഇറങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ ബീച്ചു കഴിഞ്ഞ് വടക്കോട്ട് പള്ളിയാംമൂല–നീർക്കടവ് ഭാഗം വരെയുള്ള 4 കിലോ മീറ്റർ തീരത്ത് സന്ദർശകർ കടലിൽ ഇറങ്ങുന്നുണ്ട്.
ഈ ഭാഗത്ത് ഏറെ റിസോർട്ടുകളുമുണ്ട്. ഒരു കിലോമീറ്ററോളം നടപ്പാതയുണ്ട്. ബീച്ചിന്റെ ഓരോ 200 മീറ്റർ പരിധിക്കുള്ളിലും 2 ലൈഫ് ഗാർഡുകൾ വേണമെന്നാണ് വ്യവസ്ഥ.
എന്നാൽ 4 കിലോമീറ്റർ തീരത്ത് സന്ദർശകർ ഇറങ്ങുന്ന പയ്യാമ്പലത്ത് നിലവിൽ 4 ലൈഫ് ഗാർഡുമാർ മാത്രമാണ് ഉള്ളത്. ഇതാണെങ്കിൽ രാത്രി 2 പേർ, പകൽ 2 പേർ എന്ന ഷിഫ്റ്റ് സമ്പ്രദായത്തിലുമാണ്.
അഞ്ച് കിലോമീറ്ററുള്ള മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ അഞ്ച് ലൈഫ് ഗാർഡുകൾ മാത്രമാണുള്ളത്.
ഏറെപ്പേർ എത്തുന്ന ധർമടം, എട്ടിക്കുളം, ചൂട്ടാട്, വയപ്ര ബീച്ചുകളിലും വേണ്ടത്ര ലൈഫ് ഗാർഡുകളില്ല. ഏഴര, കിഴുന്ന, തോട്ടട
ബീച്ചുകളിൽ ലൈഫ് ഗാർഡുമാരേയില്ല.
മുന്നറിയിപ്പിന് പുല്ലുവില
∙ പള്ളിയാംമൂല തീരത്തു ചുഴിയുള്ള സ്ഥലങ്ങളിൽ വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ ഇതു കണക്കിലെടുക്കാറേയില്ലെന്ന് പരിസരവാസികൾ പറയുന്നു. പ്രത്യേകിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ മുന്നറിയിപ്പുകളൊന്നും വകവയ്ക്കാതെ കടലിലിറങ്ങും.
ഇന്നലെ അപകടത്തെത്തുടർന്നു തിരച്ചിൽ നടത്തുമ്പോഴും, കുട്ടികളടക്കമുള്ള മറ്റൊരു ഇതരസംസ്ഥാന കുടുംബം ജാഗ്രതാമുന്നറിയിപ്പുകൾ വകവയ്ക്കാതെ തിരയിൽ കുളിക്കുന്നുണ്ടായിരുന്നു. നാട്ടുകാരാണു കുടുംബത്തെ നിർബന്ധിച്ച് കരയിലേക്കു കയറ്റിയത്.കഴിഞ്ഞ ജൂലൈ 11ന് പയ്യാമ്പലം കടലിലേക്കിറങ്ങിയ ഇതരസംസ്ഥാനക്കാരൻ തിരയിൽ പെട്ട് മരിച്ചിരുന്നു.
2011ൽ ജില്ലയിൽനിന്നു തന്നെയെത്തിയ പത്തംഗ സംഘത്തിലെ 3 പേർ തിരയിൽപെട്ട് മരിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

