കണ്ണൂർ ∙ പയ്യാമ്പലം പള്ളിയാംമൂലയിൽ തിരയിൽപെട്ട് കർണാടക സ്വദേശികളായ മൂന്നു പാരാമെഡിക്കൽ വിദ്യാർഥികൾക്കു ദാരുണാന്ത്യം. ബെംഗളൂരു ലാൽബാഗിനു സമീപം അൽഅമീൻ ഫാർമസി കോളജിലെ ഫാംഡി വിദ്യാർഥികളാണ് ഇവർ. ചിത്രദുർഗ ഹൊരിയൂർ വിജയലക്ഷ്മി ബിൽഡിങ്ങിൽ മുഹമ്മദ് അൻവറിന്റെ മകൻ എ.മുഹമ്മദ് അഫ്രോസ് (25), ഹാസൻ ബിഎച്ച് റോഡ് എടിഎസ് കോംപ്ലക്സിൽ തൻവീർ അഹമ്മദിന്റെ മകൻ അഫ്നാൻ അഹമ്മദ് (26), ബീദർ സ്വദേശി മുഹമ്മദ് നയ്മുദ്ദീന്റെ മകൻ മുഹമ്മദ് റഹാനുദ്ദീൻ (26) എന്നിവരാണു മരിച്ചത്.
പഠനം പൂർത്തിയാക്കി ഇന്റേൺഷിപ് ചെയ്യുന്നതിനിടെയാണ് സഹപാഠികളായ എട്ടുപേരടങ്ങിയ സംഘം ശനിയാഴ്ച രാത്രി ബീച്ചിനു സമീപത്തെ റിസോർട്ടിലെത്തിയത്.
ഇന്നലെ രാവിലെ 11.30ന് ഇവർ റിസോർട്ടിനു സമീപത്തെ കടലിലേക്കിറങ്ങി. ഒരാൾ ഒഴുക്കിൽപെട്ടതോടെ മറ്റു രണ്ടുപേരും രക്ഷിക്കാനിറങ്ങുകയായിരുന്നു.
ആഴമുള്ള ഭാഗത്തേക്കു നീന്തുന്നതിനിടെ ചുഴിയിൽപെട്ടതാണ് അപകടകാരണം. സംഘത്തിലെ മറ്റ് 5 പേരും നേരത്തേതന്നെ കടലിൽനിന്നു കയറിയിരുന്നു.
ലൈഫ് ഗാർഡും അഴീക്കൽ തീരദേശ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രണ്ടുപേരെ കരയ്ക്കെത്തിച്ച് ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ല.
തുടർന്നു മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും വലയിട്ടു നടത്തിയ തിരച്ചിലിൽ അരമണിക്കൂറിനകം മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
മൃതദേഹം ജീപ്പിൽ
∙ മൂന്നാമത്തെ മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭ്യമല്ലാതിരുന്നത് നാട്ടുകാരുടെ എതിർപ്പിനിടയാക്കി.
ഒടുവിൽ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിക്കാനായത്. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട
വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് ആരോപണമുണ്ടായി.
ഉല്ലാസത്തിനെത്തി; ചേതനയറ്റ് മടങ്ങി
കണ്ണൂർ ∙ പഠനത്തിരക്കിന് അവധി നൽകി ഉല്ലാസത്തിനു വേണ്ടിയായിരുന്നു സഹപാഠികളായ 8 പേർ ബെംഗളൂരുവിൽനിന്നു കണ്ണൂരിലേക്കു വണ്ടി കയറിയത്. അവരിൽ മൂന്നുപേർ ചേതനയറ്റ ശരീരമായാണു മടങ്ങുന്നത്.
ആ വേർപാട് താങ്ങാനാവാതെ വിറങ്ങലിച്ചു നിൽക്കുകയാണ് മറ്റ് 5 പേർ. കൂടുതൽ ദിവസം കേരളത്തിൽ ചെലവഴിക്കണമെന്ന ആഗ്രഹത്തോടെ എത്തിയ ഇവരുടെ ആഗ്രഹം ഒരു ദിവസം പൂർത്തിയാക്കുന്നതിനുമുന്നേ കടൽ കവർന്നെടുത്തു.
5 വർഷത്തെ പാരാമെഡിക്കൽ പഠനം പൂർത്തിയാക്കി ഇന്റേൺഷിപ്പിലേക്കു കടന്നതോടെയാണ് കണ്ണൂർ ജില്ലയിലെയും പരിസര ജില്ലകളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ സംഘമെത്തിയത്. ഉറ്റകൂട്ടുകാരായിരുന്നു എട്ടുപേരും.
5 സുഹൃത്തുക്കളും വാവിട്ടുകരയുന്ന കാഴ്ച കണ്ടുനിന്നവരുടെയും കണ്ണ് നനയിച്ചു. മരിച്ചവരിൽ ഒരാളുടെ ബന്ധുക്കൾ ഇന്നലെ രാത്രിയോടെ കണ്ണൂരിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും.മേയർ മുസ്ലിഹ് മഠത്തിൽ, തഹസിൽദാർ ആഷിഖ് തോട്ടോൻ, ഡപ്യൂട്ടി തഹസിൽദാർ ഷാജ്, ഇവർ താമസിച്ച റിസോർട്ട് ഉടമ കൂടിയായ ബിജെപി ദേശീയ കൗൺസിൽ അംഗം ഇ.രഘുനാഥ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. ടൗൺ എസ്എച്ച്ഒ ബിനു മോഹൻ, അഴീക്കൽ കോസ്റ്റൽ എസ്എച്ച്ഒ എ.ബി.വിപിൻ, എസ്ഐ യോഗേഷ്, ലൈഫ് ഗാർഡ് ഡേവിഡ് ജോൺസൺ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ഇന്ന് രാവിലെ 9ന് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

