കാക്കനാട്∙ തൃക്കാക്കര മേഖലയിലെ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ നൽകാൻ നഗരസഭ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഒരു വിഭാഗം കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായി.കൂട്ടായ തീരുമാനമില്ലാതെയാണ് ചടങ്ങെന്ന ആക്ഷേപവുമായി ഏതാനും കൗൺസിലർമാർ ഉൾപ്പെടെ രംഗത്തെത്തുകയായിരുന്നു. ചടങ്ങ് ഇടയ്ക്കു നിർത്തി നഗരസഭാധ്യക്ഷ രാധാമണി പിള്ളയും സെക്രട്ടറിയും വേദി വിട്ടു.
നഗരസഭാ പരിധിയിലെ 942 ഓട്ടോറിക്ഷകൾക്ക് 2012ൽ ബോണറ്റ് നമ്പർ നൽകിയിരുന്നു. 32 ഓട്ടോ സ്റ്റാൻഡുകളും അന്നു നിശ്ചയിച്ചു.
കോവിഡ് കാലം വരെ ഇതനുസരിച്ചായിരുന്നു ഓട്ടോറിക്ഷ സർവീസ്.
പിന്നീടു കുറേപ്പേർ ഓട്ടോറിക്ഷ വിൽക്കുകയും പല ഓട്ടോകളുടെയും ഫിറ്റ്നസ് കാലാവധി അവസാനിക്കുകയും ചെയ്തതോടെ ബോണറ്റ് നമ്പർ ഇല്ലാത്ത ഓട്ടോകളും സർവീസ് തുടങ്ങി. ഓൺലൈൻ ഓട്ടോ സർവീസ് കൂടി വന്നതോടെ ഓട്ടം കുറഞ്ഞ സ്റ്റാൻഡുകളിലെ ഡ്രൈവർമാരുടെ ആവശ്യപ്രകാരമാണ് വീണ്ടും ബോണറ്റ് നമ്പർ നൽകാൻ നടപടി കൈക്കൊണ്ടത്. ഓട്ടോ തൊഴിലാളി യൂണിയനുകളും നഗരസഭ, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചർച്ച ചെയ്താണ് ബോണറ്റ് നമ്പറിനു നടപടിയെടുത്തത്. ഉദ്ഘാടനമെന്ന നിലയിൽ ഏതാനും ഓട്ടോകൾക്ക് ബോണറ്റ് നമ്പർ നൽകാൻ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം.
ഓട്ടോ യൂണിയൻ നേതാവ് പ്രസംഗിക്കുന്നതിനിടെ നഗരസഭാ ഓഫിസിൽ നിന്ന് ഇറങ്ങി വന്ന കൗൺസിലർമാരാണ് പ്രതിഷേധിച്ചത്.
ഇതോടെ വാഗ്വാദമായി. ചില തൊഴിലാളി സംഘടനകളെ മാത്രം അറിയിച്ചാണ് ബോണറ്റ് നമ്പർ നൽകുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം.
നഗരസഭ കൗൺസിലിനെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും കൗൺസിലർമാർ പറഞ്ഞു. ബഹളം മൂത്തതോടെ ചടങ്ങ് അവസാനിപ്പിക്കുകയായിരുന്നു.
നഗരസഭ കൗൺസിലും ഓട്ടോറിക്ഷ കോ–ഓർഡിനേഷൻ കമ്മിറ്റിയും ചർച്ച ചെയ്ത ശേഷം തുടർ നടപടി കൈക്കൊള്ളുമെന്ന് നഗരസഭാധ്യക്ഷ രാധാമണി പിള്ള പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

