വടശേരിക്കര ∙ രാത്രിയിലും കടുവയെത്തി, കൂട്ടിൽ കയറി മാംസം ഭക്ഷിക്കാതെ മടങ്ങി. കൂടിനു സമീപം ഇന്നലെ രാവിലെയും വലിയ കാൽപാടുകൾ കണ്ടു.
കുമ്പളത്താമൺ ജംഗിൾ ബുക്ക് ഫാമിലെ പോത്തിനെ കൊന്ന കടുവയാണ് സമീപവാസികളെ ഭീതിയിലാക്കി നാട്ടിൽ വിലസുന്നത്. കടുവതന്നെ കൊന്ന പോത്തിന്റെ ബാക്കി മാംസമാണ് കൂട്ടിൽ വച്ചിട്ടുള്ളത്.
ഇതുതിന്നാൻ കൂട്ടിൽ കയറുമ്പോൾ പിടികൂടാമെന്ന കണക്കുകൂട്ടലിലാണ് വനപാലകർ. എന്നാൽ, കടുവയെത്തി കൂടിനുസമീപം നടന്നശേഷം മടങ്ങുകയായിരുന്നു.
കടുവ ഇവിടംവിട്ടു പോകാനിടയില്ലെന്നാണ് വനപാലകർ പറയുന്നത്.
തിങ്കളാഴ്ച വൈകിട്ട് 4 ന് ആണ് ഫാമിൽ മേയാൻ കെട്ടിയിരുന്ന പോത്തിനെ കൊന്ന നിലയിൽ കണ്ടത്. വനപാലകർ സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് കടുവ തന്നെയെന്നു സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് കൂടു വയ്ക്കാൻ വനപാലകരും നാട്ടുകാരുമെത്തുമ്പോൾ കടുവ പോത്തിന്റെ മാംസം തിന്നുകയായിരുന്നു. വെടിയുതിർത്ത് കടുവയെ ഓടിച്ചുവിട്ടശേഷമാണ് കൂടു സ്ഥാപിച്ചത്.
ഇവിടേക്ക് ആരും പോകരുതെന്നു വനപാലകർ കർശന നിർദേശം നൽകിയിട്ടുണ്ട്.
കടുവയ്ക്കു പുറമേ കാട്ടാനകളും കുമ്പളത്താമൺ, ഒളികല്ല് മേഖലകളിൽ വിലസുകയാണ്. ചൊവ്വാഴ്ച രാത്രിയിലും ഒറ്റയാൻ എത്തിയിരുന്നു.
താമരപ്പള്ളി തോട്ടത്തിലൂടെ എത്തിയ കൊമ്പൻ കല്ലാറ് കടന്ന് പുന്നമൂട്ടിൽ മനോജിന്റെ കൈതത്തോട്ടത്തിലെത്തി. കൈത തിന്നശേഷം കല്ലാറ് കടന്നുമടങ്ങുന്നതിനിടെ ഒളികല്ലിലുമെത്തി.
കാലായിൽ സുനിൽകുമാറിന്റെ കുലക്കാറായ 27 മൂട് ഏത്തവാഴ നശിപ്പിച്ച ശേഷമാണ് പോയത്. വന്യമൃഗശല്യം കൂടിയതോടെ പകലും യാത്ര ചെയ്യാൻ ജനം ഭയക്കുകയാണ്. ടാപ്പിങ് തൊഴിലാളികളാണ് കൂടുതൽ ദുരിതം നേരിടുന്നത്.
ആനകളെ കാടു കയറ്റി വിടാൻ വനപാലകർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

