പാലക്കാട്: അർഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ലെന്ന് പരാതി. നാഗലശ്ശേരി പഞ്ചായത്തിന് മുന്നിൽ രണ്ട് മക്കളേയും ചേർത്ത് പിടിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ അറിയിച്ച് വീട്ടമ്മ.
നാഗലശ്ശേരി പഞ്ചായത്തിൽ 7-ാം വാർഡിൽ ഇടിഞ്ഞു പൊളിഞ്ഞ തറവാട്ടു വീട്ടിൽ താമസിക്കുന്ന മേനാത്ത് വീട്ടിൽ പ്രബിതയും ഭർത്താവ് വിജയനുമാണ് വാർത്താ സമ്മേളനത്തിൽ പരാതിപ്പെട്ടത്. 2018ൽ വീടിന് അപേക്ഷ നൽകി.
ഏറ്റവും മുൻഗണനയുള്ള കുടുംബം എന്ന നിലയിൽ ഗ്രാമസഭ ഏകകണ്ഠമായി പാസാക്കുകയും മിനുറ്റ്സിൽ രേഖപ്പെടുത്തുകയും ചെയ്തതാണ്. ഓട്ടോ ഡ്രൈവറായ വിജയന് ഭാഗം കിട്ടിയ ഏഴ് സെൻ്റ് ഭൂമിയുണ്ട്.
അതിൽ ഒരു വീട് പണിയുക എന്നതാണ് കുടുംബത്തിൻ്റെ സ്വപ്നം. എട്ട് വയസുള്ള പെൺകുട്ടിയും ആറ് വയസുള്ള ഭിന്നശേഷിയുള്ള ഒരു ആൺ കുട്ടിയുമടങ്ങുന്നതാണ് കുടുംബം.
ഈയിടെ വീടിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് പ്രബിതയുടെ കാലിന് പരിക്കേറ്റിരുന്നു. ഏഴ് വർഷം കഴിഞ്ഞിട്ടും പഞ്ചായത്തിൻ്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ നവകേരള സദസിലും, പരാതി പരിഹാര പോർട്ടലിലും സി.എം വിത്ത് മീ യിലും ജില്ലാ കലക്ടർക്കും ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവയിലും പരാതി നൽകിയിരുന്നു. വാടക കൊടുക്കാൻ കഴിവില്ലാത്തതിനാൽ വാസയോഗ്യമല്ലാത്ത വീട്ടിൽ ടാർപൊളിൻ ഷീറ്റിൻ്റെ താഴെയാണ് കുടുംബം താമസിക്കുന്നത്.
കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രബിത. തുച്ഛ വരുമാനക്കാരനായ വിജയന് കുട്ടികളുടെ ചികിത്സക്കും മറ്റുമായി നല്ലൊരു തുക കണ്ടെത്തേണ്ടി വരുന്നുണ്ട്.
വായ്പ എടുത്ത് വീട് വെക്കുക എന്നത് അസാധ്യമായ കാര്യമാണ്. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും പഞ്ചായത്ത് അധികൃതർ അനാസ്ഥ കാണിക്കുകയാണെന്നും ഈ നില തുടർന്നാൽ കുടുംബം ഒന്നിച്ച് പഞ്ചായത്തിൻ്റെ മുന്നിൽ ജീവനൊടുക്കേണ്ട
സാഹചര്യമാണുള്ളതെന്നും പ്രബിതയും വിജയനും പറഞ്ഞു. മക്കളായ ദേവശ്രീ (8), ശ്രീദേവ് (6) എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

