ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജോലികൾക്കായി കോഴ വാങ്ങിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. മുഖ്യമന്ത്രി എം.കെ.
സ്റ്റാലിൻ ഈ വർഷം ഓഗസ്റ്റ് 6-ന് വിതരണം ചെയ്ത നിയമന ഉത്തരവുകളിലാണ് ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. തമിഴ്നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, ജലവിതരണ വകുപ്പിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ, ടൗൺ പ്ലാനിംഗ് ഓഫീസർ തുടങ്ങിയ തസ്തികകളിലെ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതോതിൽ പണം വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി തമിഴ്നാട് പോലീസിന് കത്ത് നൽകി. പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ടിവിഎച്ച്, ഡിഎംകെ മന്ത്രി കെ.എൻ.
നെഹ്റുവിൻ്റെ ബന്ധു എന്നിവരുൾപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ നടത്തിയ റെയ്ഡിനിടെയാണ് നിയമനക്കോഴ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതെന്ന് ഇഡി പോലീസിനെ അറിയിച്ചു.
ഓരോ ഉദ്യോഗാർത്ഥിയും 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ കോഴ നൽകിയതായിട്ടാണ് ആരോപണം. 2024-25, 2025-26 വർഷങ്ങളിലെ നിയമന നടപടികളിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുത്ത ചിലർക്ക് പരീക്ഷാ വിവരങ്ങൾ മുൻകൂട്ടി ചോർത്തി നൽകിയെന്നും ഇഡി വ്യക്തമാക്കി.
കോഴ നൽകിയ 150-ഓളം പേർക്ക് നിയമനം ലഭിച്ചതായാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് ഇഡി കത്തിൽ പറയുന്നു. പോലീസിന് നൽകിയ കത്തിൽ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.
സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഡിക്ക് ഈ കേസിൽ നേരിട്ട് അന്വേഷണം നടത്താൻ സാധിക്കുകയുള്ളൂ. ഇതിനാലാണ് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പോലീസിനെ സമീപിച്ചത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

