ഇന്ത്യയുടെ നിയന്ത്രണത്തിൽ ഇറാനിലുള്ള ചബഹാർ തുറമുഖ പദ്ധതിക്ക് ഡോണൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം ഒഴിവാക്കാൻ ശ്രമവുമായി ഇന്ത്യ. യുഎസ് അധികൃതരുമായി ഇതു സംബന്ധിച്ച ചർച്ചകളും തുടങ്ങി.
അഫ്ഗാനിലേക്കുള്ള മരുന്നുകളുടെ ഉൾപ്പെടെയുള്ള വിതരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഇളവ് തേടുന്നത്. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി വാണിജ്യ ഇടപാട് നടത്താൻ സഹായിക്കുന്ന തുറമുഖമായ ചബഹാറിന് കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസ് ഉപരോധം ബാധകമാക്കിയത്.
തുറമുഖത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള ഇന്ത്യയ്ക്ക് കനത്ത ആഘാതമായിരുന്നു ഉപരോധം.
അഫ്ഗാൻ, ഇറാൻ എന്നിവയ്ക്ക് പുറമേ റഷ്യ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പാക്കിസ്ഥാനെ ഒഴിവാക്കി വാണിജ്യ-വ്യാപാര ഇടപാടുകൾ നടത്താൻ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാർ തുറമുഖം. ചബഹാർ വഴി ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലെ വ്യാപാരബന്ധം ശക്തമാക്കാൻ കഴിഞ്ഞമാസം ഇറാനിൽ ചേർന്ന യോഗവും തീരുമാനിച്ചിരുന്നു.
ഇറാനുമേൽ ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ചബഹാറിനും ട്രംപ് ഉപരോധപ്പൂട്ടിട്ടത്.
അമേരിക്ക ഇറാനുമേൽ 2018ൽ ഉപരോധം പ്രഖ്യാപിച്ചപ്പോൾ അതിൽനിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു; തുറമുഖത്ത് നിക്ഷേപമുള്ള ഇന്ത്യയ്ക്കത് വൻ ആശ്വാസവുമായിരുന്നു. ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആഴക്കടൽ തുറമുഖമാണ് ചബഹാർ.
പാക്കിസ്ഥാനെ മറികടന്ന് വ്യാപാരബന്ധം
പാക്കിസ്ഥാനിലൂടെ കടക്കാതെ, അഫ്ഗാനിലേക്കും ഇറാനിലേക്കും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് അവ വഴി റഷ്യയിലേക്കും യൂറോപ്പിലേക്കും നേരിട്ട് പ്രവേശിക്കാൻ ചബഹാർ ഇന്ത്യയ്ക്ക് സഹായകമാണ്.
രാജ്യാന്തര ഗതാഗത ഇടനാഴി (ചബഹാർ കരാർ) സ്ഥാപിക്കാനുള്ള ത്രികക്ഷി കരാറിൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും നേരത്തേ ഒപ്പുവച്ചിരുന്നു. 2016 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിലായിരുന്നു അത്.
ചബഹാറിലെ ഷാഹിദ് ബൈഹെഷ്തി ടെർമിനലിന്റെ ആദ്യഘട്ട വികസനത്തിൽ ഇന്ത്യ നിർണായക പങ്കാളിയുമായി.
2018 മുതൽ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനാണ് (ഐജിപിഎൽ) തുറമുഖത്തിന്റെ നിയന്ത്രണം.
2014ൽ തന്നെ ഇന്ത്യ ഇറാനുമായി ചബഹാറിന്റെ നിയന്ത്രണത്തിനുള്ള 10-വർഷ കരാറിൽ ഒപ്പുവച്ചിരുന്നു. തുറമുഖ വികസനത്തിന് 120 മില്യൻ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികൾ ഒരുക്കാൻ 250 മില്യൻ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്.
തുറമുഖത്തിന് ഉപരോധം വരുന്നതിലൂടെ ഇന്ത്യയുടെ നിക്ഷേപങ്ങളും തുലാസിലാകും. 2024-25ൽ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു.
5ക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുംവിധം ശേഷിയിലേക്ക് ഉയർത്തുകയാണ് ചബഹാറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സജ്ജമാക്കുന്നതിലൂടെ ഇന്ത്യ.
നിലവിൽ ശേഷി ഒരുലക്ഷം ടിഇയു ആണ്. പുറമേ, ചബഹാറിൽ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുംവിധം 700 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയും നിർമിക്കുന്നുണ്ട്.
ഇരു പദ്ധതികളും 2026 മധ്യത്തോടെ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലുമാണ് ഇന്ത്യ.
പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിന്റെ നിയന്ത്രണവുമായി അറബിക്കടലിൽ സ്വാധീനം ശക്തമാക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. ഗ്വാദറിൽ നിന്ന് 140 കിലോമീറ്റർ മാത്രം അകലെ, ഗൾഫ് ഓഫ് ഒമാന്റെ തീരത്തുള്ള ചബഹാറിന്റെ നിയന്ത്രണം ഇന്ത്യ നേടിയത്, ചൈനയ്ക്കും പാക്കിസ്ഥാനും വലിയ ക്ഷീണവുമായിരുന്നു.
അമേരിക്ക ചബഹാറിന് വീണ്ടും ഉപരോധം ഏർപ്പെടുത്തിയത് ഈ മേഖലയിൽ ഇന്ത്യയ്ക്കുള്ള മുൻതൂക്കത്തെ ബാധിക്കും; ചരക്കുനീക്കത്തിൽ പാക്കിസ്ഥാനത് നേട്ടവുമായേക്കും.
വെല്ലുവിളിയായി അസിം മുനീറിന്റെ നീക്കവും
പാക്കിസ്ഥാന്റെ സൈനിക മേധാവി ഇതിനിടെ സ്വന്തം സർക്കാരിനെ മറികടന്ന് ട്രംപുമായി നേരിട്ട് നടത്തുന്ന സാമ്പത്തിക ഇടപാടുകളും മേഖലയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പാക്കിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസ്നി എന്ന പ്രദേശത്ത് പുതിയ തുറമുഖം സംയുക്ത സംരംഭമായി ഒരുക്കാമെന്ന ആശയം അസിം മുനീർ അടുത്തിടെ യുഎസിന് മുന്നിൽവച്ചിരുന്നു.
പാസ്നിയിൽ നിന്ന് 150 കിലോമീറ്ററോളം മാത്രം അകലെയാണ് ചബഹാർ.
അപൂർവ ധാതുക്കളുടെ വിൽപനയിൽ അമേരിക്കയെ പങ്കാളിയാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് മുനീറിന്റെ തുറമുഖ ഓഫർ. എന്നാൽ, അമേരിക്ക ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

