ലോകമാകെ കാത്തിരിക്കുന്ന ട്രംപ്-ഷി ജിൻപിങ് കൂടിക്കാഴ്ച നാളെ. വ്യാപാരയുദ്ധത്തിന് ബ്രേക്കിടാനുള്ള നിർണായക ചർച്ചയ്ക്കായി ട്രംപ് ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ട്രംപ് അവിടെയാണ് കാണുക. അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കങ്ങളെ സമ്മർദംകൊണ്ട് തടുക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ ഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേതന്നെ ഏറക്കുറെ വിജയിച്ചിട്ടുണ്ട്.
യുഎസ്-ചൈനീസ് പ്രതിനിധികൾ മലേഷ്യയിൽ കഴിഞ്ഞദിവസം നടത്തിയ പ്രാഥമിക ചർച്ചയിൽ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന സൂചന ചൈന നൽകിക്കഴിഞ്ഞു.
റെയർ എർത്ത് കയറ്റുമതി നിയന്ത്രണം ഒരുവർഷത്തേക്ക് മരവിപ്പിക്കാമെന്നാണ് ചൈന തത്വത്തിൽ സമ്മതിച്ചത്. നിലവിൽ ലോകത്തിന്റെ റെയർ എർത്ത് കയറ്റുമതിയുടെയും ഖനനത്തിന്റെയും ഭൂരിഭാഗവും ചൈനയിലാണ്.
അതാണ് ചൈനയുടെ തുറുപ്പുചീട്ടും. എന്നാൽ, കയറ്റുമതി നിയന്ത്രിച്ചാൽ 100-155% തീരുവ അധികമായി ചുമത്തുമെന്നും ചൈനയ്ക്ക് യുഎസിന്റെ സോഫ്റ്റ്വെയറുകൾ കിട്ടാക്കനിയാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
മാത്രമല്ല ഓസ്ട്രേലിയ, ജപ്പാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് റെയർ എർത്ത് ലഭ്യത ഉറപ്പാക്കാനുള്ള നീക്കങ്ങളിലേക്കും ട്രംപ് കടന്നിരുന്നു.
ഇതും ചൈനയെ സമ്മർദത്തിലാക്കി. ഷിയുമായുള്ള കൂടിക്കാഴ്ചയിൽ ഭിന്നതകൾക്ക് പരിഹാരം കാണാനും യുഎസ്-ചൈന ട്രേഡ് ഡീൽ പ്രഖ്യാപിക്കാനാകുമെന്നുമാണ് ട്രംപിന്റെ പ്രതീക്ഷ.
യുഎസിന് പ്രതിരോധം, ഇവി (ഇലക്ട്രിക് വാഹനം) നിർമാണം, സോളർ പാനൽ തുടങ്ങി വ്യോമയാനം, ബഹിരാകാശദൗത്യം തുടങ്ങിയ മേഖലകളിൽവരെ അനിവാര്യമാണ് റെയർ എർത്ത്.
നിലവിൽ ഇതിനായി യുഎസ് പ്രധാനമായും ആശ്രയിക്കുന്നത് ചൈനയെയുമാണ്. ഈ സാഹചര്യത്തിലാണ് ചൈനയുടെ കടുംപിടിത്തം ട്രംപിനെ പ്രകോപിതനാക്കിയത്.
റെയർ എർത്തല്ല പ്രധാന പ്രശ്നം!
ട്രംപ്-ഷി കൂടിക്കാഴ്ച കേവലം ചൈനയ്ക്കും അമേരിക്കയ്ക്കും മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയ്ക്കുതന്നെ നിർണായകമാണ്.
ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികൾ തമ്മിലെ പിണക്കം മാറുന്നത് ആഗോള വാണിജ്യ, വ്യവസായ മേഖലകൾക്കും ഓഹരി വിപണികൾക്കും കറൻസികൾക്കും സ്ഥിരത സമ്മാനിക്കും. ചരക്കുനീക്കം സുഗമമാവുകയും വിതരണശൃംഖല സജീവമാകുകയും ചെയ്യും.
ഓഹരി വിപണികൾ പൊതുവേ നേട്ടത്തിന്റെ ട്രാക്ക് പിടിച്ചുകഴിഞ്ഞു.
ഷിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാവുക റെയർ എർത്തോ താരിഫോ അല്ല. മറിച്ച് അമേരിക്ക നേരിടുന്ന ‘ഫെന്റാനിൽ’ പ്രതിസന്ധിയും ചൈനയുടെ സോയാബീൻ ബഹിഷ്കരണവുമാണ്.
ചൈന നേരിട്ടും മറ്റുരാജ്യങ്ങൾമുഖേനയും ‘വളഞ്ഞവഴിക്ക്’ അമേരിക്കയിലേക്ക് ഫെന്റനിൽ കടത്തുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.
വീര്യംകൂടിയ വേദനസംഹാരിയായ ഫെന്റാനിൽ അമേരിക്കയിൽ മയക്കുമരുന്നായി പലരും ഉപയോഗിക്കുന്നുണ്ട്. ഓരോ വർഷവും നിരവധിപേർ മരണപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
ചൈന അമേരിക്കയുടെ സോയാബീൻ വേണ്ടെന്നുവച്ചത് കർഷകർക്ക് കനത്ത ഷോക്കായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയെ മാറ്റിനിർത്തി അർജന്റീനയിൽ നിന്നുംമറ്റുമാണ് ചൈന സോയാബീൻ വാങ്ങുന്നത്.
‘ബഹിഷ്കരണം’ പുനഃപരിശോധിക്കണമെന്ന് ട്രംപ് ഷിയോട് ആവശ്യപ്പെടും.
ചർച്ച പൊളിഞ്ഞാലോ?
മലേഷ്യയിൽ നടന്ന പ്രാഥമിക ചർച്ചയിൽ പരസ്പരം ‘കൈ കൊടുത്താണ്’ ചൈന-യുഎസ് പ്രതിനിധികൾ പിരിഞ്ഞത്. ഷി-ട്രംപ് കൂടിക്കാഴ്ചയിൽ വ്യാപാരക്കരാർ പ്രഖ്യാപിക്കാനാകുമെന്നും കരുതുന്നു.
അതിനാൽ, ട്രംപ്-ഷി ചർച്ച വിജയിക്കാനാണ് സാധ്യതയേറെ. ഓഹരി വിപണികൾ ഉണർവിലായതിന് പിന്നിലെ ഒരു കാരണവും ഇതുതന്നെ.
അഥവാ, ചർച്ച അലസിപ്പിരിഞ്ഞാൽ കാര്യങ്ങൾ കീഴ്മേൽ മറിയും. ഓഹരി വിപണികൾ തളരും; സ്വർണവില കുതിക്കും.
മാത്രമല്ല, നവംബർ ഒന്നുമുതൽ ചൈനീസ് ഉൽപന്നങ്ങൾക്ക് ട്രംപിന്റെ 100-155% ‘ഇടിത്തീരുവയും’ പ്രാബല്യത്തിൽവരും. ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണ് ചൈന.
പലിശമധുരം വിളമ്പാൻ യുഎസ് ഫെഡ്
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെയുണ്ടാകും.
പലിശനിരക്ക് 0.25% കുറയ്ക്കുമെന്നാണ് 100% സർവേകളും വിലയിരുത്തുന്നത്. കഴിഞ്ഞ യോഗത്തിലും കാൽ ശതമാനം കുറച്ചിരുന്നു.
പലിശനിരക്ക് കുറയുന്നത് സാധാരണക്കാർക്കും കമ്പനികൾക്കും നേട്ടമാകും. വായ്പാ ഡിമാൻഡ് കൂടുകയും ബിസിനസ് പ്രവർത്തനങ്ങൾ ഉഷാറാവുകയും ചെയ്യും.
ഈ പ്രതീക്ഷകളുമാണ് ഓഹരി വിപണികളെ ഉണർവിലേക്ക് നയിക്കുന്നത്.
യുഎസിൽ ഡൗ ജോൺസ് 0.34%, നാസ്ഡാക് 0.80%, എസ് ആൻഡ് പി500 സൂചിക 0.23% എന്നിങ്ങനെ കയറി. ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, മെറ്റ തുടങ്ങിയവയുടെ കഴിഞ്ഞപാദ പ്രവർത്തനഫലം ഉടൻ പുറത്തുവരുമെന്നതും ഇതിനകം പ്രവർത്തനഫലം പുറത്തുവിട്ട
കമ്പനികൾ ഭേദപ്പെട്ട പ്രകടനം നടത്തുന്നതും ഓഹരിവിപണിക്ക് കരുത്തായിട്ടുണ്ട്.
∙ എൻവിഡിയയ്ക്ക് പിന്നാലെ 4 ട്രില്യൻ ഡോളർ വിപണിമൂല്യ ക്ലബ്ബിൽ ആപ്പിളും മൈക്രോസോഫ്റ്റും ഇടംപിടിച്ചു എന്ന പ്രത്യേകതയുമുണ്ട്.
ഓപ്പൺഎഐയുടെ പ്രവർത്തന പുനഃക്രമീകരണ നീക്കവും കമ്പനിയിൽ 27% ഓങരി പങ്കാളിത്തമുണ്ടാകുമെന്നതും മൈക്രോസോഫ്റ്റ് ഓഹരികളിൽ 2% കുതിപ്പിന് വഴിവച്ചിരുന്നു.
∙ യുഎസിൽ ഫ്യൂച്ചേഴ്സ് വിപണി സമ്മിശ്രമാണ്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.07% താഴ്ന്നു.
എസ് ആൻഡ് 500 ഫ്യൂച്ചേഴ്സ് കാര്യമായ മാറ്റമില്ലാതെ നിൽക്കുന്നു. നാസ്ഡാക് 0.02% കയറി.
ഏഷ്യയിൽ നേട്ടം
ഏഷ്യയിൽ ജാപ്പനീസ് സൂചികയായ നിക്കേയ് 1% ഉയർന്ന് വീണ്ടും റെക്കോർഡ് കുറിച്ചുവെന്നതും മറ്റ് ആഗോള പോസിറ്റീവ് ഘടകങ്ങൾക്കൊപ്പം ഇന്ത്യൻ വിപണിക്ക് ഉണർവാകും.
ഷി-ട്രംപ് കൂടിക്കാഴ്ച, പലിശനിരക്ക് കുറയ്ക്കാനുള്ള അമേരിക്കയുടെ നീക്കം എന്നിവയാണ് പ്രധാന ഊർജം.
ഓസ്ട്രേലിയയിൽ എഎസ്എക്സ്200 സൂചിക 0.73% നഷ്ടത്തിലായി. പണപ്പെരുപ്പം 2.1 ശതമാനത്തിൽ നിന്ന് 3.2 ശതമാനത്തിലേക്ക് കയറിയത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി.
ദക്ഷിണ കൊറിയയുടെ കോസ്പി 0.17% ഉയർന്നു. ചൈനയിൽ ഷാങ്ഹായ് സൂചിക 0.12% നേട്ടത്തിലും ഹോങ്കോങ് സൂചിക 0.33% നഷ്ടത്തിലുമാണ്.
യൂറോപ്പിൽ എഫ്ടിഎസ്ഇ 0.44% നേട്ടം രുചിച്ചു; ഡാക്സ് 0.12% താഴ്ന്നു.
ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവ്
ഇന്നലെ സെൻസെക്സും നിഫ്റ്റിയും ലാഭമെടുപ്പ് മൂലം നഷ്ടത്തിലായി. ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 50 പോയിന്റ് കയറി എന്നത് നേട്ടത്തിന്റെ ട്രാക്കിലേക്ക് വീണ്ടുമെത്താമെന്ന പ്രതീക്ഷയാണ് സെൻെസക്സിനും നിഫ്റ്റിക്കും നൽകുന്നത്.
ചൈന-യുഎസ് ചർച്ചയുടെ പശ്ചാത്തലത്തിൽ മെറ്റൽ ഓഹരികളും വിദേശ ഓഹരി പങ്കാളിത്തം (എഫ്ഐഐ നിക്ഷേപം) കൂട്ടാൻ കേന്ദ്രം അനുവദിച്ചേക്കും എന്ന വിലയിരുത്തലിനെ തുടർന്ന് പൊതുമേഖലാ ബാങ്ക് ഓഹരികളും പൊതുവേ നേട്ടത്തിലാണെന്നതും കരുത്താണ്.
∙ ഇന്ന് വരുൺ ബവ്റീജസ്, എൽഐസി ഹൗസിങ് ഫിനാൻസ്, റെയിൽടെൽ കോർപറേഷൻ, പിബി ഫിൻടെക്, ഭെൽ, എൻടിപിസി ഗ്രീൻ എനർജി, കോൾ ഇന്ത്യ, എൽ ആൻഡ് ടി, എച്ച്പിസിഎൽ, സെയിൽ, എൻഎംഡിസി തുടങ്ങിയവ പ്രവർത്തനഫലം പുറത്തുവിടും.
∙ ഈസ്റ്റേൺ, എംടിആർ എന്നിവയുടെ പ്രമോട്ടർ കമ്പനിയായ ഓർക്ല ഇന്ത്യയുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഇന്നാണ് തുടങ്ങുന്നത്.
1,667 കോടി രൂപയാണ് ലക്ഷ്യം. ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) വഴി ഓർക്ല ഏഷ്യ പസഫിക്, മറ്റ് പ്രമുഖ ഓഹരി ഉടമകളായ നവാസ് മീരാൻ, ഫിറോസ് മീരാൻ എന്നിവർ നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്നുണ്ട്.
ഓഹരിക്ക് 730 രൂപയാണ് ഇഷ്യൂവില. ഗ്രേ മാർക്കറ്റിൽ 106 രൂപ അധികംവിലയുണ്ട്.
അതായത്, ലിസ്റ്റിങ് 830 രൂപയ്ക്ക് മുകളിൽ പ്രതീക്ഷിക്കാം.
സ്വർണം ചാഞ്ചാട്ടത്തിൽ
രാജ്യാന്തര വില ഔൺസിന് 4,000 ഡോളറിന് മുകളിൽനിന്ന് 3,931 ഡോളർവരെ ഇടിഞ്ഞെങ്കിലും പിന്നീട് 3,982 ഡോളറിലേക്ക് കയറി; തുടർന്ന് വീണ്ടും ഇടിഞ്ഞു. രാവിലെ 54 ഡോളർ താഴ്ന്ന് 3,951 ഡോളറിലാണ് വ്യാപാരം.
കേരളത്തിൽ ഇന്നും വില ഇടിയാമെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷേ, പവൻവില 88,000 രൂപയ്ക്കും താഴെ എത്താം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

