ചങ്ങനാശേരി ∙ എംസി റോഡിൽ സോളർ എൽഇഡി വഴിവിളക്കുകൾ വരില്ല. നവീകരണത്തിനു പിന്നാലെ പുതിയ വഴിവിളക്കുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി കെൽട്രോണിനെ സമീപിച്ചെങ്കിലും ഇപ്പോൾ പദ്ധതി ഉപേക്ഷിച്ച മട്ടാണ്.
സോളർ വഴിവിളക്കുകളുടെ ഭാരിച്ച ചെലവാണ് പ്രധാന കാരണം. സോളർ ബാറ്ററികളുടെ മോഷണം തടയാൻ പാനലിൽ തന്നെ ബാറ്ററി വരുന്ന പുതിയ മോഡൽ വഴിവിളക്ക് സ്ഥാപിക്കാനാണ് പരിഗണിച്ചത്.
എന്നാൽ ഇതിന് പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടിത്തുക ചെലവഴിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. പദ്ധതിക്കായി കെൽട്രോൺ സംയുക്ത പരിശോധനയടക്കം നടത്തിയിരുന്നു.
നിലവിൽ എംസി റോഡിൽ പ്രവർത്തനരഹിതമായി നിൽക്കുന്ന വഴിവിളക്കുകൾ മാറ്റുന്നതിലുള്ള നിയമ തടസ്സങ്ങളും പുതിയ വഴിവിളക്ക് സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ കാരണമാണ്.
കെഎസ്ടിപിക്ക് റോഡിന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് ഈ സോളർ ലൈറ്റുകൾ സ്ഥാപിച്ചത്. തുരുമ്പെടുത്ത് ദ്രവിച്ച സോളർ ലൈറ്റുകൾ റോഡിൽ തന്നെയുണ്ട്.
കുറച്ചു നാളുകൾ മാത്രമാണ് ഇവ പ്രകാശിച്ചത്. ബാറ്ററികൾ വ്യാപകമായി മോഷണം പോയിരുന്നു.
കോട്ടയം ഐഡ ജംക്ഷൻ മുതൽ ചെങ്ങന്നൂർ വരയുള്ള 36 കിലോമീറ്റർ റോഡാണ് ബിആം ആൻഡ് ബിസി നിലവാരത്തിൽ അടുത്തയിടെ നവീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡാണ് ഇരുട്ടിലുള്ളത്.
മാതൃകയാക്കാം ‘കുറിച്ചി മോഡൽ’
തദ്ദേശസ്ഥാപനങ്ങൾ ഒന്നു മനസ്സ് വച്ചാൽ റോഡ് തെളിയും.
കുറിച്ചി പഞ്ചായത്ത് നടപ്പിലാക്കിയ മോഡൽ മാതൃകയാക്കാം. എംസി റോഡിൽ കുറിച്ചി ഔട്പോസ്റ്റ് ജംക്ഷനിലെ മീഡിയനിൽ പുതിയ വൈദ്യുതി എൽഇഡി വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതിൽ പരസ്യ ബോർഡും ഒരുക്കി. പരസ്യ വരുമാനത്തിലൂടെ വൈദ്യുതി ബില്ലും വഴിവിളക്കിന്റെ നവീകരണവും നടക്കും.
സ്വകാര്യ കമ്പനിയുമായാണ് കരാർ വച്ചിരിക്കുന്നത്. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.
എംസി റോഡ് കടന്നുപോകുന്ന വാഴപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലും നഗരസഭാപരിധിയിലും ഈ മോഡൽ നടപ്പിലാക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

