എലപ്പുള്ളി ∙ മേശയ്ക്കു മുകളിൽ കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്നു തീ പടർന്നു കിടപ്പുമുറി പൂർണമായും കത്തിനശിച്ചു. എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളും കത്തിനശിച്ചു.
പള്ളത്തേരി മണ്ണിൽക്കുളം ദേവീകടാക്ഷം വീട്ടിൽ മോഹനന്റെ വീട്ടിലാണ് ഇന്നലെ രാത്രി 7ന് അഗ്നിബാധയുണ്ടായത്. വീട്ടിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്നു കിടപ്പുമുറിയിലെ മേശയിൽ മെഴുകുതിരി കത്തിച്ചു വച്ചിരുന്നു.
ഇതു മേശപ്പുറത്തേക്ക് വീണ് പുസ്തകങ്ങളിലേക്കും പിന്നീട് വൈദ്യുതോപകരണങ്ങളിലേക്കും തീപടർന്നു. നിമിഷ നേരം കൊണ്ട് ജനലുകളും സാധനസാമഗ്രികളും കത്തിയമർന്നു.
വീടിന്റെ മുന്നിലിരിക്കുകയായിരുന്ന വീട്ടുകാർ അകത്തുനിന്നു പുക ഉയരുന്നത് കണ്ടതോടെ അകത്തേക്ക് പോയി നോക്കുമ്പോഴാണ് തീ പിടിച്ച വിവരം അറിയുന്നത്.
വീട്ടുകാരും അയൽവാസികളും ചേർന്നു തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഭാഗങ്ങളിലേക്കു പടർന്നു. വിവരം അറിഞ്ഞ ഉടൻ കഞ്ചിക്കോട് നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു.
മുറിയിലെ ജനലുകൾ, അലമാര, ഫാൻ, തുണികൾ, പുസ്തകങ്ങൾ എന്നിവ കത്തിനശിച്ചു. സീനിയർ ഫയർ ഓഫിസർ അജിൻ ചാക്കോ, സേനാംഗങ്ങളായ കെ.സതീഷ്, എസ്.ഫിറോസ്, എം.കെ.അബു സാലിഹ്, എസ്.പ്രകാശ്, വി.രതീഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

