ബേപ്പൂർ∙ മാത്തോട്ടം റെയിൽക്കരയിൽ റെയിൽവേ ട്രാക്ക്മാൻമാരുടെ വിശ്രമമുറി കയ്യടക്കി സാമൂഹികവിരുദ്ധർ. റെയിൽവേ സ്ഥാപിച്ച പൂട്ട് പൊട്ടിച്ച് അകത്തുകയറി ലഹരി ഉപയോഗവും കൈമാറ്റവും തകൃതി.
ആളില്ലാത്ത മുറിയിൽ രാപകൽ വ്യത്യാസമില്ലാതെ ലഹരി ഉപയോഗിക്കാൻ അപരിചിതർ കയറുന്നത് നാട്ടുകാർക്ക് വെല്ലുവിളിയായി. സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ കമ്മിഷണർ, റെയിൽവേ, എക്സൈസ് എന്നിവർക്ക് പരാതി നൽകി. ഫറോക്കിനും കല്ലായിക്കും ഇടയിൽ റെയിൽവേ ട്രാക്ക് പരിശോധന നടത്തുന്ന ജീവനക്കാർക്ക് വിശ്രമിക്കാനും മഴക്കാലത്ത് കയറി നിൽക്കാനുമാണ് റെയിലോരത്ത് ഒറ്റമുറി നിർമിച്ചത്.
ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മഴക്കാലത്താണ് ഇതു പ്രധാനമായും ഉപയോഗിക്കാറുള്ളത്.
പിന്നീട് അടച്ചിടാറാണ് പതിവ്. മുറിയുടെ പൂട്ട് റെയിൽവേ പലവട്ടം മാറ്റി സ്ഥാപിച്ചെങ്കിലും അവയെല്ലാം തകർക്കുകയായിരുന്നു.
നേരത്തേ ആർപിഎഫ് നിരീക്ഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ഇപ്പോൾ റെയിൽവേയുടെ മുറി ലഹരി മാഫിയയുടെ ഇടത്താവളമാണ്. ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ ആവശ്യക്കാർ എത്തുന്നുണ്ട്.
ആഘോഷ വേളകളിലും അവധി ദിവസങ്ങളിലും തകൃതിയായി ലഹരി വിൽപനയുണ്ടെന്ന് നാട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ട്രെയിൻ മാർഗം മൊത്തമായി എത്തിക്കുന്ന ലഹരി വസ്തുക്കൾ ഇവിടെ വച്ചു ചില്ലറ വിൽപനക്കാർക്കു കൈമാറുന്നതായും വിവരമുണ്ട്. പൊതുജനങ്ങളെ വെല്ലുവിളിച്ചും അധിക്ഷേപിച്ചുമാണ് ലഹരിക്കച്ചവടം.
ഇരുട്ടാകുന്നതോടെ മാത്തോട്ടം റെയിൽപാത പരിസരത്തെ വിജനമായ ഇടങ്ങളിൽ അപരിചിതർ തമ്പടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇവിടെ ഏറെനേരം ചുറ്റിത്തിരിഞ്ഞാണ് ഇക്കൂട്ടർ സ്ഥലം വിടുന്നത്. കാര്യമായ പരിശോധനകളോ പൊലീസ് നിരീക്ഷണമോ ഇല്ലാത്തതു മുതലെടുത്താണ് ലഹരി സംഘത്തിന്റെ പ്രവർത്തനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

