പിറവം ∙ വേഗനിയന്ത്രണ സംവിധാനങ്ങൾ പരിമിതമായതോടെ എരപ്പാംകുഴി ജംക്ഷനിൽ വാഹനാപകടം തുടരുന്നു. കൂത്താട്ടുകുളം– പിറവം റോഡും അന്ത്യാൽ– ഓണക്കൂർ റോഡും ചേരുന്ന ജംക്ഷനാണിത്.
ജംക്ഷന്റെ ഒരു ഭാഗത്തു പിറവം നഗരസഭയും മറുഭാഗത്തു ഇലഞ്ഞി, പാമ്പാക്കുട പഞ്ചായത്തുകളുമാണ്.
വ്യാപാരസ്ഥാപനങ്ങളും മറ്റു പരിമിതികളും മൂലം 2 റോഡിലൂടെയും വരുന്ന വാഹനങ്ങൾ കാണാനാകില്ല. അടുത്തിടെ 4 വാഹനാപകടങ്ങൾ ഇവിടെയുണ്ടായി.
കഴിഞ്ഞ ദിവസം വൈകിട്ടു സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്കു സാരമായി പരുക്കേറ്റു.
കൂത്താട്ടുകുളത്തു നിന്നു പിറവം വഴി സ്വകാര്യ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഓരോ മിനിറ്റിലും ഇതുവഴി കടന്നു പോകുന്നത്.
ഓണക്കൂറിൽ ചിന്മയ സർവകലാശാല ഉൾപ്പെടെ സ്ഥാപനങ്ങളായതോടെ ഇലഞ്ഞിയിൽ നിന്നുള്ള വാഹനങ്ങളും കൂടുതലായി എത്തിത്തുടങ്ങി. യാത്രക്കാരെ കയറ്റുന്നതിനു ബസുകൾ നിർത്തുന്നതും ഇവിടെയാണ്. നേർദിശയിൽ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ജംക്ഷനിലേക്കു കയറി കഴിഞ്ഞാൽ മാത്രമെ എതിർദിശയിൽ നിന്നുള്ള ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുകയുള്ളൂ. വെട്ടിച്ചു മാറ്റുകയോ പെട്ടെന്നു ബ്രേക്കിടുകയോ ചെയ്യുമ്പോഴാണു അപകടം ഉണ്ടാകുന്നത്.
പരാതിയെ തുടർന്ന് അന്ത്യാൽ– ഓണക്കൂർ റോഡിൽ നേരത്തെ വേഗത്തട നിർമിച്ചിരുന്നു.
വാഹനങ്ങൾ കയറി ഇറങ്ങി വേഗത്തടയിലെ സീബ്രാ ലൈനുകൾ മാഞ്ഞു. ഇതോടെ പരിചയമില്ലാത്ത വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽ ഇൗ ഭാഗം പെടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

