തുറവൂർ∙ അരൂർ –തുറവൂർ പാതയിൽ അരൂരിൽ ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് അവധി ദിനമായ ഇന്നലെയും ഒഴിഞ്ഞില്ല. ഇന്നലെ രാവിലെ 10 മുതൽ രാത്രി 9 വരെ ചേർത്തല–അരൂർ റൂട്ടിൽ ചന്തിരൂർ മുതൽ അരൂർ വരെയാണ് കനത്ത ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞത്. കൊച്ചിയിൽനിന്ന് ആലപ്പുഴ ഭാഗത്തേക്കു പോയ വാഹനങ്ങൾ അരൂർ കുമ്പളം പാലം മുതൽ ചന്തിരൂർ വരെ 7 കിലോമീറ്റർ സഞ്ചരിക്കാൻ 2 മണിക്കൂറിലേറെയെടുത്തു.
ആലപ്പുഴ ഭാഗത്ത് നിന്നു കൊച്ചിയിലേക്കു പോയ വാഹനങ്ങളും അരൂർ കടന്നുകിട്ടാൻ 1.5 മണിക്കൂറോളം വേണ്ടിവന്നു.
അരൂർ ബൈപാസ് കവല മുതൽ ചന്തിരൂർ വരെ വെള്ളക്കെട്ടും കുഴികളും നിറഞ്ഞതിനാൽ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണ്. ഉയരപ്പാതയിലെ അഞ്ചാമത്തെ റീച്ചായ ചന്തിരൂർ മുതൽ അരൂർ ബൈപാസ് കവല വരെയുള്ള ഭാഗത്തെ അതിവേഗ നിർമാണ പ്രവർത്തനങ്ങളും ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി ദേശീയപാതയിൽ അരൂർ ഭാഗത്ത് വരുത്തിയ പരിഷ്കാരങ്ങളും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
അരൂർ ക്ഷേത്രം കവലയിൽ ഡിവൈഡർ അടച്ചും കെൽട്രോൺ കവലയുടെ ഭാഗത്ത് ഡിവൈഡർ തുറന്നുകൊടുത്തും വരുത്തിയ ട്രാഫിക് പരിഷ്കാരങ്ങൾ ഗതാഗതക്കുരുക്ക് വർധിപ്പിച്ചെന്നും പരാതിയുണ്ട്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ ക്രെയ്നുകളും പുള്ളർ ലോറികളും മിക്സർ മെഷീൻ ഘടിപ്പിച്ച ലോറികളും സർവീസ് റോഡിൽ മറ്റു വാഹനങ്ങൾക്ക് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസോ കരാർ കമ്പനി ജീവനക്കാരോ ഇടപെടുന്നില്ല. ഞായർ ഉച്ചയ്ക്ക് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപെട്ട് യാത്രാവാഹനങ്ങളും ആംബുലൻസുകളും കിടന്നിട്ടും അധികാരികൾ ആരും തിരിഞ്ഞുനോക്കിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

