വൈപ്പിൻ∙ പുഴയിലും തോടുകളിലും പായൽശല്യം അതിരൂക്ഷം. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കുന്ന ആഫ്രിക്കൻ പായൽ കടത്തുവഞ്ചികൾക്ക് മാർഗതടസ്സമുണ്ടാക്കി ദ്വീപ് നിവാസികളുടെ വഴിയും മുടക്കുന്നു. വെള്ളത്തിലെ ഉപ്പുരസം കുറയുമ്പോൾ പായൽശല്യം പതിവാണെങ്കിലും ഇക്കുറി പായൽ വളർന്നു തിങ്ങിയ അവസ്ഥയാണ്.
ഞാറയ്ക്കൽ കിഴക്കേ മഞ്ഞനക്കാട് മേഖലയിലെ നാൽപതോളം കുടുംബങ്ങൾ ഇപ്പോൾ പായൽ മൂലം പ്രധാന കരയിലേക്ക് എത്താൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണ്. നേരത്തെ അഞ്ച് മിനിറ്റ് എടുത്തിരുന്ന കടത്തുവഞ്ചി ഇപ്പോൾ കനത്തിൽ നിറഞ്ഞ പായലിനിടയിലൂടെ മറുകര എത്താൻ ഒരുമണിക്കൂറോളം എടുക്കുന്നു.
ചിലപ്പോൾ യാത്ര മുടങ്ങുകയും ചെയ്യും.
കുളവാഴ എന്ന പേരിലും അറിയപ്പെടുന്ന പായലിന്റെ ശല്യം രൂക്ഷമായതിനെത്തുടർന്ന് മുൻവർഷങ്ങളിൽ മാസങ്ങളോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസപ്പെട്ടിരുന്നു. പുഴയിൽ വളർന്നു പെരുകുന്ന പായൽ ഒഴുക്കിൽ തോടുകളിലേക്കും ചെമ്മീൻകെട്ടുകളിലേക്കും എത്തുന്നുണ്ട്.
വെള്ളത്തിലെ ഓക്സിജൻ ലഭ്യത കുറയ്ക്കുമെന്നതാണ് കുളവാഴ കൊണ്ടുള്ള പ്രധാന പ്രശ്നമെന്ന് കർഷകർ പറയുന്നു.
പുഴകളിലേയും തോടുകളിലേയും പായൽ സാന്നിധ്യം ചെറുവഞ്ചിക്കാർക്കു മുതൽ വലിയ ബോട്ടുകൾക്കു വരെ തലവേദയാണ് . ചീനവലകൾ, ഊന്നിവലകൾ എന്നിവയുടെ പ്രവർത്തനത്തേയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
ഇതോടെ നൂറുകണക്കിന് തൊഴിലാളികൾക്കാണ് ജോലിയില്ലാതായിരിക്കുന്നത്. പുഴമീനിന് ക്ഷാമവും നേരിട്ടു തുടങ്ങിയിട്ടുണ്ട്. പായൽ ചീഞ്ഞുനശിച്ചാലും വെള്ളത്തിൽ നിന്ന് അവയുടെ അവശിഷ്ടങ്ങൾ പൂർണമായും നീങ്ങുന്നതിന് മാസങ്ങളെടുക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വൈപ്പിനു പുറമേ പറവൂർ, ഏഴിക്കര പ്രദേശങ്ങളിലും പായൽ ശല്യം രൂക്ഷമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

