കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി 8 വർഷമായി ദുരിതം അനുഭവിക്കുന്ന കെ.കെ.ഹർഷിനയുടെ ചികിത്സയ്ക്കായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഹർഷിനയ്ക്കു കൈമാറി.
ഹർഷിനയ്ക്കു നീതി ആവശ്യപ്പെട്ട് കഴിഞ്ഞ 8ന് ഹർഷിന സമര സഹായ സമിതി സെക്രട്ടേറിയറ്റിനു മുൻപിൽ സത്യഗ്രഹം നടത്തിയിരുന്നു. ഈ സമരം ഉദ്ഘാടനം ചെയ്യവേ ഹർഷിനയുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്നു പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരുന്നു.
ഇതു പാലിച്ചാണ് വി.ഡി.സതീശൻ ഒരു ലക്ഷം രൂപ അനുവദിച്ചത്.
കേരളത്തിന്റെ ആരോഗ്യ രംഗത്തെ ലജ്ജിപ്പിക്കുന്നതാണ് ഈ ചികിത്സാ പിഴവെന്നും വി.ഡി.സതീശൻ അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നാണ് ഒരു ലക്ഷം രൂപ നൽകിയതെന്നും ചെക്ക് കൈമാറി കെ.പ്രവീൺകുമാർ പറഞ്ഞു. സർക്കാർ ഇക്കാര്യത്തിലും ഇരയ്ക്കൊപ്പം അല്ലെന്നാണു വ്യക്തമായതെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ഹർഷിനയ്ക്ക് നീതി ഉറപ്പാക്കാൻ പ്രഥമ പരിഗണന നൽകുമെന്നും പ്രവീൺ കുമാർ പറഞ്ഞു.
സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ, സമിതി കൺവീനർ മുസ്തഫ പാലാഴി, എം.ടി.സേതുമാധവൻ, എം.വി.അബ്ദുല്ലത്തീഫ്, രവികുമാർ പനോളി, പി.ബൈജ, ഹർഷിനയുടെ ഭർത്താവ് കെ.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
“വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ആശ്വാസമാണിത്. ശസ്ത്രക്രിയകളെ തുടർന്നുണ്ടായ വേദന ഇപ്പോഴും മാറിയിട്ടില്ല.
നിൽക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ.”
കെ.കെ.ഹർഷിന
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

