തൊടുപുഴ∙ മാരിയിൽക്കടവ് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 7 മാസം പിന്നിട്ടിട്ടും എങ്ങും എത്താതെ പണികൾ. 400 മീറ്റർ വരുന്ന ഭാഗത്തെ എർത്ത് പണികൾ പോലും പൂർത്തിയാക്കാൻ അധികൃതർക്കായിട്ടില്ല. പാലത്തോട് ചോർന്നുള്ള 200 മീറ്ററോളം ഭാഗത്ത് കുറെ ഭാഗം ഇരുവശവും കൽക്കെട്ട് നടത്തിയിട്ടുണ്ടെങ്കിലും ഇനിയും ഏറെ പണികൾ നടത്തിയാൽ മാത്രമേ റോഡിലൂടെ നടക്കാനെങ്കിലും സാധിക്കുകയുള്ളൂ.
ഇവിടെനിന്ന് കാഞ്ഞിരമറ്റം റോഡിലേക്ക് എത്തുന്ന 200 മീറ്ററോളം ഭാഗത്തെ മൺപണികളും നടത്തിയിട്ടില്ല.
പല ദിവസവും ഇവിടെ പണികളൊന്നും നടത്തുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു ദിവസം പണി നടത്തിയാൽ പിന്നെ ഏതാനും ദിവസത്തേക്ക് ആരും വരാറില്ല.
ഈ രീതിയിൽ പണി നടത്തിയാൽ എന്ന് റോഡ് യാഥാർഥ്യമാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കാഞ്ഞിരമറ്റത്തിന്റെ വികസന സ്വപ്നം
കാഞ്ഞിരമറ്റം ഉൾപ്പെടുന്ന കിഴക്കൻ പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് മാരിയിൽകടവ് പാലവും അപ്രോച്ച് റോഡും. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 5.27 കോടി രൂപ അനുവദിച്ച് തൊടുപുഴയാറിന് കുറുകെ മാരിയിൽക്കടവിൽ പാലം പണിതെങ്കിലും ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ പണികൾ നടത്തിയിരുന്നില്ല.
വർഷങ്ങൾക്കുശേഷം മാരിയിൽ കലുങ്ക് ഭാഗത്ത് നിന്ന് പാലം വരെയുള്ള ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണത്തിന് പി.ജെ.ജോസഫ് എംഎൽഎ ഫണ്ടിൽനിന്ന് 1.98 കോടി രൂപ അനുവദിച്ചിരുന്നു.
ഇതുപയോഗിച്ച് ആ ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികൾ പൂർത്തിയാക്കി.അതേസമയം കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. പാലം പണി പൂർത്തിയാക്കിയപ്പോൾ മിച്ചമുണ്ടായിരുന്ന ഒരു കോടിയോളം രൂപ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി ഉപയോഗിക്കാൻ ധാരണയായെങ്കിലും 9 വർഷങ്ങൾ കഴിഞ്ഞിട്ടും നിയമത്തിന്റെ നൂലാമാലകളിൽപെട്ട് ഇഴയുകയായിരുന്നു.
പിന്നീട് അപ്രോച്ച് റോഡ് നിർമാണത്തിന് അനുമതിയായെങ്കിലും വീണ്ടും പണികൾ ആരംഭിക്കാൻ വൈകി.
ഇതെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് രണ്ട് തവണ പി.ജെ.ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നതിനു ശേഷമാണ് റോഡിന്റെ പണികൾ കഴിഞ്ഞ ഏപ്രിൽ ഒന്നിന് ആരംഭിക്കാനായത്. എന്നാൽ പണികൾ തുടങ്ങിയപ്പോൾ പറഞ്ഞിരുന്ന ഉറപ്പുകളൊന്നും നടന്നില്ല. ഏതാനും മാസത്തിനകം റോഡ് യാഥാർഥ്യമാകുമെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്.
ഇപ്പോൾ 7 മാസം ആയിട്ടും പകുതി പണികൾ പോലും തീർക്കാൻ കഴിഞ്ഞിട്ടില്ല. ഇതൊന്നും അന്വേഷിക്കാൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഇല്ലാത്ത സ്ഥിതിയാണ്.
പാലം പണി കഴിഞ്ഞപ്പോൾ തന്നെ ഇരു ഭാഗത്തുമുള്ള സ്ഥലം അപ്രോച്ച് റോഡിനായി ഏറ്റെടുക്കാൻ തുക അനുവദിച്ചിരുന്നു.
ജില്ലയിലെ തന്നെ പ്രമുഖ ശിവ ക്ഷേത്രമായ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ആയിരക്കണക്കിനു ഭക്തർക്ക് പാലം വലിയ അനുഗ്രഹമാകും. നഗരത്തിൽനിന്ന് നിലവിലുള്ള വീതി കുറഞ്ഞ റോഡിലൂടെ കാഞ്ഞിരമറ്റത്ത് എത്തുന്നതിനെക്കാൾ വളരെ എളുപ്പം മൂലമറ്റം റോഡിൽനിന്ന് ക്ഷേത്രത്തിലേക്ക് എത്താൻ സാധിക്കും. കൂടാതെ കാഞ്ഞിരമറ്റം കീരികോട്, തെക്കുംഭാഗം മേഖലകളിലേക്കുള്ള യാത്രക്കാർക്കും പുതിയ പാലവും റോഡും ഏറെ അനുഗ്രഹമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

