എടതിരിഞ്ഞി∙ പോത്താനി പാടശേഖരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ കമ്മട്ടിത്തോട്ടിലെ ചീപ്പ് തുറന്ന് ഒഴുക്കിവിട്ട വെള്ളം തങ്ങി നിന്ന് എടതിരിഞ്ഞി കോൾ പാടത്ത് ഞാറ് നട്ട
നാനൂറ് ഏക്കറോളം ഭാഗം വെള്ളത്തിലായി. കഴിഞ്ഞ ദിവസം പഞ്ചായത്തിന്റെയും പൊലീസിന്റെയും ഇടപെടലിലാണ് കമ്മട്ടിത്തോട്ടിലെ ചീപ്പ് തുറന്ന് വെള്ളം ഒഴുക്കിവിട്ടത്. ഇതോടെയാണ് കോൾ പാടം പൂർണമായും വെള്ളത്തിൽ മുങ്ങിയത്.
കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന 165 കർഷകർ ഇതോടെ പ്രതിസന്ധിയിലായെന്ന് എടതിരിഞ്ഞി കോൾപ്പാടം ഗ്രൂപ്പ്ഫാമിങ് സൊസൈറ്റിയിലെ കർഷകർ പറഞ്ഞു.
256 ഏക്കർ വരുന്ന എടതിരിഞ്ഞി കോൾപ്പാടവും കാറളം പഞ്ചായത്തിൽ ഉൾപ്പെട്ട ഊർപതി കോൾകർഷക സംഘം കൃഷിചെയ്യുന്ന 138 ഏക്കർ പാടവുമാണ് വെള്ളത്തിൽ മുങ്ങിയത്.
ഇരിങ്ങാലക്കുട, കിഴുത്താണി, കാവുപുര, താണിശേരി, കൊരുമ്പിശേരി, കണ്ഠേശ്വരം, കൂടൽമാണിക്യം പടിഞ്ഞാറുഭാഗം എന്നിങ്ങനെ അഞ്ചു ചതുരശ്ര കിലോമീറ്റർ പരിധിയിലെ പെയ്ത്തുവെള്ളം ഒഴുകിയെത്തുന്നത് പോത്താനി പാടത്തേക്കാണ്.
ഇത് തേമാലിത്തറ തോട്ടിലൂടെ ഷൺമുഖം കനാലിലേക്ക് തുറന്നുവിടുന്നതിനു പകരം കമ്മട്ടിതോട്ടിലൂടെ കോൾപ്പാടത്തേക്ക് തുറന്നു വിടുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് കർഷകർ പറഞ്ഞു. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പടിയൂർ പഞ്ചായത്ത്, കൃഷിഭവൻ, കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ല.
പോത്താനി പാടശേഖരത്തിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാ പഞ്ചായത്ത് 50 എച്ച്പി പമ്പും മോട്ടർ ഷെഡ് നിർമിക്കാൻ 15 ലക്ഷം രൂപ പടിയൂർ പഞ്ചായത്തും ബണ്ട് ബലപ്പെടുത്താൻ മന്ത്രി മന്ത്രി ആർ.ബിന്ദു 15 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കാൻ പോത്താനി പാടശേഖര സമിതിക്ക് കഴിഞ്ഞിട്ടില്ല.
അടിയന്തരമായി പോത്താനി പാടശേഖരത്തിന് മോട്ടറും മറ്റ് അനുബന്ധ സൗകര്യങ്ങളും ചെയ്തു നൽകാൻ ഭരണകൂടം തയാറാകണമെന്നും എടതിരിഞ്ഞി കോൾപ്പാടം ഗ്രൂപ്പ് ഫാമിങ് സൊസൈറ്റി കർഷകർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

