യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗണിലൂടെ കടന്നുപോകുന്ന ട്രംപ് ഭരണകൂടത്തിന് നേരിയ ആശ്വാസവുമായി ‘അജ്ഞാത’ ശതകോടീശ്വരന്റെ ‘ഡൊണേഷൻ’. സംഭാവന നൽകിയയാളുടെ പേര് ട്രംപ് വെളിപ്പെടുത്തിയില്ലെങ്കിലും യുഎസ് മാധ്യമങ്ങളിൽ പിന്നീട് വിശദാംശങ്ങൾ പ്രത്യക്ഷപ്പെട്ടു.
ഷട്ട്ഡൗണിലും പ്രവർത്തിക്കുന്ന സൈന്യത്തിന് ശമ്പളം കൊടുക്കാൻ 130 മില്യൻ ഡോളറാണ് (ഏകദേശം 1,100 കോടി രൂപ) ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന തിമോത്തി മെലൺ എന്ന വ്യക്തി സംഭാവന നൽകിയത്.
തിമോത്തിയുടെ മുത്തച്ഛൻ ആൻഡ്രൂ മെലൺ നേരത്തേ യുഎസിന്റെ ട്രഷറി സെക്രട്ടറിയായിരുന്നു. യുഎസിന്റെ ചരിത്രത്തിൽ ഏറ്റവുമധികംകാലം ആ പദവി വഹിച്ചവരിൽ ഒരാളുമാണ്.
ട്രംപിന് 50 മില്യനിലധികം ഡോളർ (400 കോടി രൂപയിലധികം) തിരഞ്ഞെടുപ്പ് ഫണ്ട് സംഭാവന ചെയ്തിട്ടുള്ളയാളുമാണ് തിമോത്തി മെലൺ.
അതേസമയം, തിമോത്തിയുടെ സംഭാവനയും സൈനികർക്ക് പൂർണ ശമ്പളം കൊടുക്കാൻ തികയില്ല. സൈന്യത്തിന് രണ്ടാഴ്ചത്തെ ശമ്പളം തന്നെ ആകെ 6.3 ബില്യൻ വരും.
ഏകദേശം 55,000 കോടി രൂപ. തിമോത്തിയിൽ നിന്ന് ലഭിച്ച തുക കൊണ്ട് ഒരാൾക്ക് 100 ഡോളർ വീതം (8,500 രൂപവീതം) നൽകാനേ കഴിയൂ.
വെറും ഒരു ബില്യൻ (8,500 കോടി രൂപ) ആസ്തിയുള്ളയാണ് തിമോത്തി മെലൺ. നേരത്തേ സംഭാവന കിട്ടിയെന്ന് വെളിപ്പെടുത്തിയ ട്രംപ് പക്ഷേ, പേര് പരസ്യമാക്കിയിരുന്നില്ല.
രാജ്യസ്നേഹിയാണെന്നും തന്റെ ‘ഫ്രണ്ട്’ ആണെന്നും മാത്രമായിരുന്നു ട്രംപ് പറഞ്ഞത്.
അതേസമയം, തിമോത്തിയുടെ സംഭാവന സൈന്യത്തിന് ശമ്പളം നൽകാൻ ഉപയോഗിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് വഴിവച്ചേക്കുമെന്ന വാദങ്ങളും ഉയർന്നിട്ടുണ്ട്. കോൺഗ്രസിന്റെ അംഗീകാരമില്ലാത്ത തുക സൈന്യം ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസികൾ ഉപയോഗിക്കുന്നതിനെ വിലക്കുന്ന ആന്റിഡെഫിഷൻസി നിയമത്തിന്റെ ലംഘനമാകുമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
‘അജ്ഞാതരുടെ’ ഫണ്ട് ഉപയോഗിക്കുന്നതിന്റെ നിയമപ്രശ്നങ്ങളും ചിലർ ഉന്നയിക്കുന്നു.
ഏകദേശം 13 ലക്ഷം സജീവ സൈനികരാണ് യുഎസിനുള്ളത്. സൈന്യത്തിന്റെ ആവശ്യങ്ങൾക്കായി ബജറ്റിൽ 60,000 കോടിയോളം ഡോളർ (50 ലക്ഷം കോടിയിൽപ്പരം രൂപ) കോൺഗ്രസിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

