ഏറ്റുമാനൂർ∙ എൻജിനീയറിങ് ബിരുദധാരി, മൂവാറ്റുപുഴയിലെ പ്രമുഖ കോളജിലെ വിദ്യാർഥി, പക്ഷേ ജീവിതം അടിച്ചു പൊളിക്കാൻ കണ്ടെത്തിയ വഴി മോഷണം. അതിരമ്പുഴയിൽ മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് രണ്ടര പവൻ സ്വർണമാല കവർന്ന കേസിലെ പ്രതിയുടെ ജീവിതകഥ കേട്ട് പൊലീസ് പോലും ഞെട്ടി.
21 വയസ്സിനിടെ 6 മോഷണ കേസുകളാണ് ആലപ്പുഴ പള്ളിപ്പാട് നടുവട്ടം ജീവൻ വില്ലയിൽ ജിൻസ് തോമസിന്റെ പേരിലുള്ളത്. എല്ലായിടത്തും കവർച്ചയ്ക്കു ശേഷം വിദഗ്ധമായി രക്ഷപ്പെട്ടിരുന്ന ജിൻസിന്റെ തന്ത്രം ഏറ്റുമാനൂരിൽ പാളി.
മോഷണം നടത്തി 24 മണിക്കൂർ തികയും മുൻപ് ജിൻസ് പൊലീസിന്റെ പിടിയിലായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ്് അതിരമ്പുഴ പള്ളിക്കവലയിലെ വ്യാപാരിയായ അപ്പച്ചനെ (80) കബളിപ്പിച്ച് ജിൻസ് മാലയുമായി കടന്നത്.
കടയിലെത്തിയ മോഷ്ടാവ് കടയുടമയുമായി പെട്ടെന്ന് സൗഹൃദത്തിലാകുകയും അദ്ദേഹത്തിന്റെ യുകെയിലുള്ള മക്കളെ അറിയാമെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. സാധനങ്ങൾ പലതും ആവശ്യപ്പെട്ട
ഇയാൾ ഇതിനിടെ തന്റെ മാലയെക്കാൾ കടയുടമയുടെ മാലയുടെ ഡിസൈൻ നല്ലതാണെന്നു പറഞ്ഞു.
തുടർന്ന് സ്വന്തം കഴുത്തിലെ മാല ഊരി ഇയാൾ മേശപ്പുറത്ത് വച്ചു. തന്റെ അമ്മയ്ക്ക് ഈ ഡിസൈനിൽ ഒരു മാല വാങ്ങി നൽകണമെന്നും ഡിസൈൻ നോക്കാനും ഫോട്ടോ എടുക്കാനുമായി മാല ഊരി തരുമോയെന്നും കടയുടമയോടു ചോദിച്ചു.
കടയുടമ മാല ഊരി മേശപ്പുറത്ത് വച്ചു. ഇതിനിടയിൽ വാങ്ങിയ സാധനങ്ങൾ 2 കൂടുകളിലാക്കാൻ മോഷ്ടാവ് ആവശ്യപ്പെട്ടു.
കടയുടമ അതിനായി തിരിയുന്നതിനിടയിൽ ഇയാൾ മാലയുമായി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. അപ്പച്ചൻ മോഷ്ടാവിന്റെ പിന്നാലെ ഓടിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു.
തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളെ ഹരിപ്പാട് നിന്നാണ് പിടികൂടിയത്.
മോഷ്ടാവ് സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബന്ധുവിന്റെതാണ് ബൈക്ക്.
ആലപ്പുഴ ജില്ലയിൽ സമാനമായ കേസുകൾ പ്രതിയുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രായമായവരെയാണ് ഇയാൾ ലക്ഷ്യമിടുന്നത്.
മോഷണത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് അടിച്ചു പൊളിക്കുകയാണ് ഇയാളുടെ രീതി. മൂവാറ്റുപുഴയിൽ ടെക്നിക്കൽ വിഭാഗത്തിൽ ഹ്രസ്വകാല കോഴ്സ് പഠിക്കുന്ന ജിൻസ് ഇതുവഴി വന്നുള്ള പരിചയം മാത്രമാണ് അതിരമ്പുഴയുമായുള്ളതെന്നു പൊലീസ് പറഞ്ഞു.
എസ്ഐ അഖിൽ ദേവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോമി, സിപിഒമാരായ സാബു, വി.കെ.അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

