തിരുവനന്തപുരം ∙ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. മലയോര മേഖലകളിൽ മഴ തുടരുകയാണ്.
ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭിത്തി ഇടിഞ്ഞു വീണ സംഭവങ്ങളും ഉണ്ടായി.
ആളപായമില്ല. ഇന്നലെ ജില്ലയിൽ മിതമായ തോതിൽ മഴ പെയ്തു.
നാളെയും മറ്റന്നാളും മിതമായ തോതിൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി റോഡിൽ വീണു.
വൈദ്യുത–ടെലിഫോൺ പോസ്റ്റുകൾക്കും നാശമുണ്ടായി. ഗ്രാമീണ മേഖലകളിൽ പലയിടത്തും വെള്ളംകയറി.
വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സംരക്ഷണ ഭിത്തിയും മതിലും ഇടിഞ്ഞു സമീപത്തെ വീടുകളുടെ പരിസരത്തു പതിച്ചു.
വിളപ്പിൽശാല പാലിയോട് സുരേഷ് ഭവനിൽ സുമതി, ഷാജി എന്നിവരുടെ വീടിന്റെ പിറകിലാണു മതിൽ ഇടിഞ്ഞു വീണത്. 2 വീടുകളുടെയും ഷീറ്റു മേഞ്ഞ അടുക്കള തകർന്നു. ഈ സമയം വീടുകളുടെ പിറകുവശത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം.
കാറ്റും മഴയിലും പാലോട് മടത്തറ ഫോറസ്റ്റ് ഓഫിസിനുള്ളിൽ നിന്ന വലിയ അക്കേഷ്യ മരം കടപുഴകി സമീപത്തെ കടയ്ക്കും വൈദ്യുതി ലൈനിനും മുകളിലൂടെ വീണു വൈദ്യുതി ലൈൻ പൊട്ടി.
അടിമലത്തുറ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ വെള്ളപ്പൊക്കം ഭീതി സൃഷ്ടിച്ചെങ്കിലും വെള്ളം താഴ്ന്നു. കോട്ടുകാൽ പഞ്ചായത്ത് അധികൃതരെത്തി മണ്ണുമാന്തി യന്ത്രം എത്തിച്ച് ജലം ഒഴുക്കിവിടാനുള്ള നടപടിയെടുത്തു. ജലം കടലിലേക്ക് ഒഴുകിയിരുന്ന ഓട
മണ്ണു മൂടിയതോടെയാണ് വെള്ളപ്പൊക്ക ഭീഷണിയുണ്ടായത്. അരുവിക്കര മുളയറ ഗാന്ധിജി നഗർ സ്വദേശി ബി.ശിവ കുമാറിന്റെ (53) വീടിന്റെ അടിഭാഗത്തെ മണ്ണ് മഴയിൽ ഒലിച്ചു പോയി.
ഇതോടെ വീട് അപകടഭീഷണിയിലായി. ശക്തമായ മഴയിൽ വീടിന്റെ പിൻവശത്തെ മൺതിട്ട
ഇടിഞ്ഞ് തൊഴുത്തിൽ വീണതോടെ മണ്ണിനടിയിലായ കന്നുകുട്ടിയെ രക്ഷിച്ചു. മുളയറ കരിക്കകത്ത് പുത്തൻ വീട്ടിൽ സി.സണ്ണി (58)യുടെ വീട്ടിലെ 5 ദിവസമായ കന്നുക്കുട്ടിയെ ആണ് മണ്ണു മാറ്റി വീട്ടുകാർ രക്ഷിച്ചത്.
പൊൻമുടി: യാത്രാ നിരോധനം പിൻവലിച്ചു
മഴയുടെ ശക്തി കുറഞ്ഞതിനാൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ നിരോധനം വനം വകുപ്പ് പിൻവലിച്ചതായി വനം വകുപ്പ് അറിയിച്ചു.
സഞ്ചാരികളെ ഇന്നു രാവിലെ 8 മുതൽ മുതൽ പ്രവേശിപ്പിക്കും.
അണക്കെട്ടുകൾ നിറയുന്നു
കനത്ത മഴയിൽ ജില്ലയിലെ അണക്കെട്ടുകൾ പരമാവധി സംഭരണ ശേഷിയിലേക്ക്. നീരൊഴുക്ക് ശക്തമായതോടെ നെയ്യാർ ഡാമിൽ ഇന്നലെ രാവിലെ 10.സെന്റീമീറ്റർ വീതം ഷട്ടറുകൾ കൂടുതൽ ഉയർത്തി. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ വൈകിട്ട് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം തുറക്കാൻ കലക്ടറോട് അനുമതി തേടി. നിലവിൽ 84.60 മീറ്ററാണ് ജല നിരപ്പ്.84.75 മീറ്ററാണ് ശേഷി.
റിസർവോയർ തീരത്തുള്ളവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോലിയക്കോട്, മരക്കുന്നം, നിരപ്പുക്കാല പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ഒരു മണിക്കൂറിൽ 116 ക്യുമക്സ് ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നു എന്നാണ് കണക്ക്.
അതായത് ഒരു മിനിറ്റിൽ 116 ക്യുബിക് മീറ്റർ ജലം സംഭരണിയിൽ എത്തുന്നു.
4 ഷട്ടറുകൾ വഴി പുറത്തേക്ക് മിനിറ്റിൽ 65 ക്യുബിക് മീറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. ശക്തമായ മഴ തുടർച്ചയായി പെയ്യുന്നതിനാൽ 2 ദിവസമായി ഷട്ടർ ഇൗ നിലയിൽ ഉയർത്തിയിരിക്കുകയാണ്. .
പേപ്പാറ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 107 മീറ്ററാണ്. 107.5 മീറ്റർ വരെ ജലം സംഭരിക്കാനാണ് അനുമതിയുള്ളത്. 110.5 മീറ്റർ ആണ് പരമാവധി സംഭരണ ശേഷി.
ഡാമിലെ ഷട്ടറുകൾ ഉയർത്തിയിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

