കോട്ടയം ∙ തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിത്യപുഷ്പാഞ്ജലിക്ക് കാർമികത്വം വഹിച്ചിരുന്ന ശങ്കരാചാര്യ പരമ്പരയിൽപെട്ട തൃശൂർ തെക്കേമഠം ഇളമുറ സ്വാമിയാരായ നരസിംഹാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാർ തിരുവാർപ്പ് സ്വാമിയാർ മഠത്തിൽനിന്നു മടങ്ങുന്നു.
പൂർണ സമയധ്യാനത്തിനായി 27നു ഹിമാലയത്തിലേക്ക് യാത്ര തിരിക്കും. 2021 സെപ്റ്റംബർ മുതൽ ഇവിടെ താമസിക്കുകയായിരുന്നു. തിരുവാർപ്പ് ക്ഷേത്രത്തിൽ ദിവസവും രാവിലെ 6 മുതൽ 6.40 വരെയാണ് പുഷ്പാഞ്ജലി ചടങ്ങുകൾ.
തൃശൂർ തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാരിൽനിന്നാണ് നരസിംഹാനന്ദ സ്വാമിയാർ സന്യാസ ദീക്ഷ സ്വീകരിച്ചത്.
പ്രശസ്തമായ സ്വാമിയാർ മഠങ്ങളിൽ ഒന്നാണ് തിരുവാർപ്പിലേത്. പത്മപാദാചാര്യർ ഈ മഠത്തിലാണ് സമാധിയായതെന്നും ആ സമാധി സ്ഥലത്താണ് മഠത്തിന്റെ വടക്കുവശത്തുള്ള ശിവക്ഷേത്രം നിർമിച്ചതെന്നുമാണ് ഐതിഹ്യമെന്ന് ശങ്കരാചാര്യ മഠങ്ങളെക്കുറിച്ച് പഠനം നടത്തിയ രാജീവ് ഇരിങ്ങാലക്കുട
പറഞ്ഞു. അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് പടയോട്ടക്കാലത്ത് ഓണാട്ടുകരയിൽനിന്നു പിടിച്ചെടുത്ത ലക്ഷ്മീ നരസിംഹ സാളഗ്രാമം പ്രതിഷ്ഠിച്ചത് തിരുവാർപ്പിലാണ്.
മാർത്താണ്ഡ വർമ പുതുക്കിപ്പണിതതാണ് ഇപ്പോഴത്തെ സ്വാമിയാർമഠം.
തെക്കേമഠത്തിന്റെ കീഴിൽ തിരുവാർപ്പ്, അരീപ്പറമ്പ്, അമയന്നൂർ, പൂവരണി, ആവോലി, എളന്തിക്കര, വേലൂർ, കൈക്കുളങ്ങര തുടങ്ങി 18 ക്ഷേത്രങ്ങളുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തിരുവട്ടാർ ആദികേശവ ക്ഷേത്രം, തൃശൂർ വടക്കുംനാഥ ക്ഷേത്രം എന്നിവിടങ്ങളിലും തൃശൂർ തെക്കേമഠത്തിലെ സ്വാമിയാരുടെ കാർമികത്വത്തിൽ പുഷ്പാഞ്ജലി നടത്താറുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

