പാലക്കാട് ∙ സാമ്പത്തികമായി പിന്നാക്കമുള്ള ഒരുലക്ഷം പേരുടെ വീടുകളിൽ ഹരിത ഊർജ വരുമാന പദ്ധതിയിൽ സൗജന്യ സൗരോർജ പാനൽ സ്ഥാപിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഇതുവഴി അവർക്ക് വർഷത്തിൽ 10,000 രൂപ സ്ഥിരവരുമാനം ലഭിക്കും.
പാചകവാതക ചെലവ് കുറയ്ക്കാൻ സൗജന്യമായി ഇൻഡക്ഷൻ സ്റ്റൗവും നൽകും. വൈദ്യുതി വകുപ്പിന്റെ വിഷൻ– 2031 സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. വരും വർഷം ആവശ്യമായ വൈദ്യുതി ഇവിടെത്തന്നെ ഉൽപാദിപ്പിക്കാനും ശാസ്ത്രീയ ഉപയോഗത്തിനും സൗരോർജ നഷ്ടം ഒഴിവാക്കാനും വിതരണം നവീകരിക്കാനും കാർബൺരഹിത ഊർജത്തിനും സെമിനാറിൽ ആശയങ്ങൾ ഉയർന്നു.
ഊർജോൽപാദനത്തിൽ സ്വയംപര്യപ്തത നേടി വൈദ്യുതി കരാറുകൾ ഗണ്യമായി കുറയ്ക്കണമെന്ന് ആവശ്യമുയർന്നു.
പകൽ കൂടുതൽ സൗരോർജം ലഭിച്ചിട്ടും രാത്രി വലിയ വില നൽകി പുറത്തുനിന്നു വൈദ്യുതി വാങ്ങേണ്ട സാഹചര്യം, സംഭരണ ബാറ്ററികളിലൂടെ താമസിയാതെ പരിഹരിക്കും.
ജലവൈദ്യുതപദ്ധതികളിൽ ജലം പുനരുപയോഗിച്ച് രാത്രി വൈദ്യുതി നിർമിക്കാൻ പമ്പ്ഡ് സ്റ്റോറേജ് സംവിധാനവും താമസിയാതെ നടപ്പാകും. ബാറ്ററി സ്റ്റോറേജ് സംവിധാനത്തിൽ വൈദ്യുതി സൂക്ഷിച്ചു രാത്രിയിൽ ഉപയോഗിക്കുന്ന പദ്ധതിക്ക് കേന്ദ്രം 132 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഗ്രീൻ ഹൈഡ്രജൻ പ്രധാന ഊർജ സ്രോതസായി താമസിയാതെ മാറിയേക്കുമെന്നും വിദഗ്ധർ പറഞ്ഞു.
500, 1500 മെഗാവാട്ട് പദ്ധതികൾ അടുത്തവർഷം പൂർത്തിയാക്കുമെന്നു നയരേഖയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. സമാപന പരിപാടിയിൽ അഡീഷനൽ ചീഫ് സെക്രട്ടറി (ഊർജം) കെ.
പുനീത് കുമാർ, കെഎസ്ഇബി ചെയർമാനും എംഡിയുമായ മിൻഹാജ് ആലം, അനെർട്ട് സിഇഒ ഹർഷിൽ ആർ. മീണ, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.
ആർ. ഹരികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി.വിനോദ്, ഇൻഡിപെൻഡന്റ് ഡയറക്ടർ വി.
മുരുകദാസ് തുടങ്ങിയവർ പങ്കെടുത്തു.
വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ മന്ത്രി കെ.കൃഷ്ണൻകുട്ടി
പാലക്കാട്∙ കേന്ദ്രസർക്കാരിന്റെ നിർദിഷ്ട വൈദ്യുതി നിയമഭേദഗതി ബിൽ കെഎസ്ഇബി അടക്കം പൊതുമേഖലാസ്ഥാപനങ്ങളുടെ നിലനിൽപ് അപകടത്തിലാക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു.
ഉൽപാദനം മുതൽ താരിഫ് പിരിക്കൽ വരെ സ്വകാര്യമേഖലയ്ക്കു നൽകാനുള്ള കേന്ദ്രനടപടി വലിയ തോതിൽ വൈദ്യുതി നിരക്കു വർധിപ്പിക്കും. ക്രോസ് സബ്സിഡി നിർത്തലാക്കിയാൽ താഴെത്തട്ടിലുള്ളവർക്കും കർഷകർക്കും വൈദ്യുതി വാങ്ങാൻ കഴിയില്ല.
ദേശീയതലത്തിൽ ഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിക്കുന്നതു ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കുമെന്നും മന്ത്രി ആരോപിച്ചു.
തോറിയത്തിൽ നിന്ന് ആണവവൈദ്യുതി ഉൽപാദിപ്പിക്കാനുളള സാധ്യത പരിശോധിക്കും. 200 വർഷം രാജ്യത്തിനുവേണ്ട
തോറിയം കേരളത്തിലുണ്ടെന്നാണു വിദഗ്ധരുടെ കണ്ടെത്തൽ. അതിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ മാലിന്യം ഉണ്ടാകില്ല.
വിഷയം മന്ത്രിസഭയിൽ എത്തിയിട്ടില്ല. അതിനു മുൻപു വിപുലമായ ചർച്ചയും നയപരമായ തീരുമാനവും ആവശ്യമാണെന്നു ‘വിഷൻ 2031’ നയരേഖയിൽ പറയുന്നുവെന്നും മന്ത്രി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

