മാനന്തവാടി ∙ തിരുനെല്ലി ഗവ. ആശ്രമം സ്കൂളിലെ വിദ്യാർഥികൾ ആട്ടിൻ കുട്ടികളല്ല, മനുഷ്യ കുഞ്ഞുങ്ങളാണെന്നു മന്ത്രിക്ക് ഓർമ വേണമെന്ന് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്. ആശ്രമം സ്കൂളിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കമ്മിറ്റി മന്ത്രി ഒ.ആർ.കേളുവിന്റെ മാനന്തവാടി ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.സ്വന്തം പഞ്ചായത്തിലെ വിദ്യാലയത്തിൽ മാസങ്ങളായി നരക യാതന അനുഭവിക്കുന്ന പിന്നാക്ക വിഭാഗത്തിൽപെട്ട
വിദ്യാർഥികളുടെ ദുരവസ്ഥ കണ്ടില്ലെന്നു നടിക്കുന്ന മന്ത്രി ഒ.ആർ.കേളുവിന്റെ തൊലിക്കട്ടി സമ്മതിക്കണമെന്നും, സംസ്ഥാനത്ത് ഒട്ടേറെ വിദ്യാലയങ്ങളിൽ ഇത്തരം ദുരവസ്ഥ നേരിടുമ്പോൾ പിഎം ശ്രീ പദ്ധതിയോട് മുഖം തിരിഞ്ഞു നിൽക്കുന്ന വിദ്യാഭ്യാസ മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും നവ്യ ഹരിദാസ് ആവശ്യപ്പെട്ടു.
സുമ രാമൻ അധ്യക്ഷത വഹിച്ചു. മേഖല ഉപാധ്യക്ഷൻ പുനത്തിൽ രാജൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.മോഹൻദാസ്, യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി.അഖിൽ പ്രേം, എസ്ടി മോർച്ച ജില്ലാ പ്രസിഡന്റ് കേളു അത്തികൊല്ലി, പ്രദീപ് തോൽപ്പെട്ടി, കണ്ണൻ കണിയാരം, മഹേഷ് വാളാട്, ശരത്കുമാർ, അഖിൽ കുഴിനിലം, ഗിരീഷ് കട്ടക്കളം, ദിലീപ് കണിയാരം, തുഷാര പുതിയിടം, രൂപേഷ് പിലാക്കാവ് എന്നിവർ പ്രസംഗിച്ചു.ഓഫിസിന് മുന്നിൽ ബാരിക്കേഡുകൾ നിരത്തി പൊലീസ് മാർച്ച് തടഞ്ഞു.
പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ആദിവാസി കോൺഗ്രസ് മാർച്ച് നടത്തി
മാനന്തവാടി ∙ തിരുനെല്ലി മോഡൽ റസിഡൻസ് സ്കൂളിലെ 127 വിദ്യാർഥിനികൾക്കു മതിയായ പ്രാഥമിക സൗകര്യം പോലും ഇല്ലാത്ത അവസ്ഥയിൽ പാർപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ആദിവാസി കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ഒ.ആർ. കേളുവിന്റെ നിയോജക മണ്ഡലം ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.
ഹോസ്റ്റൽ കെട്ടിടം പൊട്ടിപ്പൊളിഞ്ഞതും വൃത്തിഹീനവുമായ നിലയിലാണ്.
ശുചിമുറി ആണെങ്കിൽ ഒരെണ്ണം മാത്രമാണുള്ളത്. പുഴുക്കളെ പോലെയാണു കുട്ടികൾ കഴിഞ്ഞുകൂടുന്നതെന്നും മാപ്പർഹിക്കാത്ത തെറ്റാണ് വകുപ്പ് ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയും ചെയ്തതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.ധർണ ജില്ലാ പ്രസിഡന്റ് കെ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു.
ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു. ടി.കെ.ഗോപി, വി.അനന്തൻ, മീനാക്ഷി രാമൻ, വി.ആർ.
ബാലൻ, മണി ഇലമ്പത്ത്, പി.എ.സുന്ദരൻ, എം.കെ.ശിവരാമൻ, സി.എസ്.പ്രഭാകരൻ, ഗീത ബാബു, ശാന്ത വിജയൻ, കുഞ്ഞാമൻ എന്നിവർ പ്രസംഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
വിദ്യാർഥികളെ ആറളത്തേക്കു മാറ്റുന്നത് പുനഃപരിശോധിക്കണം: പ്രിയങ്കഗാന്ധി
കൽപറ്റ ∙ തിരുനെല്ലി ആശ്രമം സ്കൂളിലെ പട്ടികവർഗ ഹോസ്റ്റലിൽ ദുരിതപൂർണമായ സാഹചര്യത്തിൽ താമസിക്കേണ്ടി വന്ന വിദ്യാർഥികളെ അവരുടെ താൽപര്യത്തിനു വിരുദ്ധമായി കണ്ണൂർ ജില്ലയിലെ ആറളത്തേക്കു മാറ്റാനുള്ള തീരുമാനം ആശങ്കാജനകമാണെന്നു പ്രിയങ്ക ഗാന്ധി എംപി.
നിലവിലെ ഹോസ്റ്റലിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കുട്ടികളെ വയനാട്ടിൽ തന്നെ പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നു മന്ത്രി ഒ.ആർ.കേളുവിന് അയച്ച കത്തിൽ അവർ ആവശ്യപ്പെട്ടു.
ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണു പ്രതികൂല സാഹചര്യത്തിലും ഈ വിദ്യാർഥികൾ അക്കാദമികവും കായികവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്.
ഏറ്റവും പിന്നാക്ക അവസ്ഥയിൽ ജീവിക്കുന്ന അടിയ, പണിയ സമൂഹത്തിൽപെട്ട കുട്ടികൾ ആ സമൂഹത്തിനു മാത്രമല്ല, രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പ്രചോദനമാണ്.
വയനാട്ടിൽ നിന്നുള്ള ഭൂരിപക്ഷം കുട്ടികളും മറ്റൊരു ജില്ലയിലേക്കു മാറി പഠനം നടത്തേണ്ടി വരുമ്പോൾ വിദ്യാർഥികളിൽ കൊഴിഞ്ഞു പോക്കിനുള്ള സാധ്യതയുണ്ടെന്ന് പ്രിയങ്ക ഗാന്ധി കത്തിൽ ആശങ്ക അറിയിച്ചു.വിദ്യാർഥികൾക്ക് അവരുടെ താൽപര്യത്തിന് അനുസരിച്ച് ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉടൻ നിലവിലെ ഹോസ്റ്റലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അവിടെ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങൾ ഫലം കണ്ടു; ആശ്രമം സ്കൂളിൽ താൽക്കാലിക ശുചിമുറികൾ
തിരുനെല്ലി ∙ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ തിരുനെല്ലി മോഡൽ റസിഡൻസ് സ്കൂളിൽ (ഗവ. ആശ്രമം സ്കൂൾ) താൽക്കാലിക ശുചിമുറികൾ ഒരുക്കി. കലക്ടറുടെ നിർദേശപ്രകാരം ശുചിത്വ മിഷനാണ് 4 ബയോ ടോയ്ലറ്റുകൾ ലഭ്യമാക്കിയത്.മാനന്തവാടി നഗരസഭയുടെ കൈവശമുണ്ടായിരുന്ന ബയോ ടോയ്ലറ്റുകൾ ട്രൈബൽ ഡവലപ്മെന്റ് ഓഫിസ് മുഖേന തിരുനെല്ലിയിൽ എത്തിച്ചത്. ഇന്നലെ വൈകിട്ടോടെ ഇവ സ്ഥാപിച്ചു.
പ്രതിഷേധത്തെ തുടർന്നു 36 വിദ്യാർഥികളെ ഇന്നലെ കണിയാമ്പറ്റ എംആർഎസിലേക്ക് മാറ്റിയിരുന്നു. തിരുനെല്ലിയിൽ തുടരുന്ന വിദ്യാർഥികൾക്ക് മതിയായ സൗകര്യം ഒരുക്കി നൽകുന്നതിന്റെ ഭാഗമായാണ് താൽക്കാലിക ശുചിമുറികൾ ഒരുക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

