പിറവം∙ ടൗണിൽ തുടർച്ചയായി നേരിടുന്ന വൈദ്യുതി തകരാർ പരിഹരിക്കുന്നതിനു ഭൂഗർഭ കേബിളിലൂടെ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തിൽ ടൗണിലും പരിസരത്തുമായി 50 ഓളം ട്രാൻസ്ഫോമറുകളിൽ നിന്നുള്ള വിതരണമാണ് ഭൂഗർഭ കേബിളിലൂടെയാക്കുന്നത്.
യന്ത്ര സഹായത്തോടെ റോഡിന്റെ ഓരങ്ങൾ മാത്രം കുഴിച്ച് ഉന്നത നിലവാരത്തിലുള്ള കേബിൾ ലൈനുകൾ സ്ഥാപിക്കും. ഗതാഗത തടസ്സവും കുരുക്കും ഒഴിവാക്കുന്നതിനു രാത്രിയിലാണു ജോലികൾ.
ലൈനുകൾ പൂർത്തിയായതിനു ശേഷമാകും വൈദ്യുതി കടന്നു പോകുന്നതിനുള്ള കേബിളുകൾ വിന്യസിക്കുക.
പിറവം എംഎസ്എം ഐടിസി ജംക്ഷൻ ,പൊലീസ് സ്റ്റേഷൻ പരിസരം, പാഴൂർ, തോട്ടഭാഗം തുടങ്ങിയ പ്രദേശങ്ങളിലേക്കു പ്രയോജനം ലഭിക്കും. നിലവിൽ മുളക്കുളം, ഇലഞ്ഞി എന്നിവിടങ്ങളിലേക്കു വൈദ്യുതി പോകുന്ന ഫീഡറിൽ നിന്നു ടാപ്പ് ചെയ്താണു ടൗണിൽ വൈദ്യുതി വിതരണം ചെയ്യുന്നത്.
പാടശേഖരങ്ങൾക്കും കൃഷിയിടങ്ങൾക്കും മധ്യേ കടന്നു പോകുന്ന ലൈനിൽ മിക്കപ്പോഴും മരം വീണും മറ്റുമായി തകരാർ പതിവാണ്. തകരാർ പരിഹരിക്കുന്നതിനു ഫീഡർ ഓഫ് ചെയ്യുന്നതു ടൗണിൽ ഏറെ സമയം വൈദ്യുതി മുടക്കത്തിന് ഇടയാക്കും.
വൈദ്യുതി മുടങ്ങുന്ന ദിവസങ്ങൾ പതിവായിരുന്നു.
ഇതു ചെറുകിട വ്യവസായ സംരംഭകർക്കും ബേക്കറികൾക്കും ഹോട്ടലുകൾക്കും കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കി.
ഇക്കാര്യത്തിലെല്ലാം പ്രതിഷേധം ശക്തമായിരിക്കെയാണു ഭൂഗർഭ കേബിളിലൂടെ വൈദ്യുതി വിതരണത്തിനുള്ള പദ്ധതി ആരംഭിക്കുന്നത്. കക്കാട് സബ് സ്റ്റേഷനിൽ നിന്നു 13 കിലോമീറ്ററോളം ദൂരമാണു ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത്.
സ്വകാര്യ കമ്പനിക്കാണു മേൽനോട്ട ചുമതല.
കുഴിയെടുക്കൽ; പരാതി ഉയരുന്നു
പിറവം∙കെഎസ്ഇബിയുടെയും പിന്നാലെ സ്വകാര്യ കമ്പനിയുടെയും കേബിൾ വിന്യസിക്കാൻ റോഡ് കുഴിക്കുന്നതു ഗതാഗത തടസ്സമുണ്ടാക്കുന്നതായി പരാതി.
ദീർഘ ചതുരാകൃതിയിൽ റോഡിന്റെ ഓരം കുഴിച്ചതിനു ശേഷം യന്ത്രസഹായത്തോടെ മണ്ണു തുരന്നു നീക്കിയാണു കേബിൾ ലൈൻ കടത്തി വിടുന്നത്. ഇതിനു വേണ്ടി കുഴിച്ച ഭാഗം റിബൺ ഉപയോഗിച്ചു കെട്ടിത്തിരിക്കും.
രാത്രി മഴ ശക്തമായതോടെ ഇലഞ്ഞി റോഡ് ഉൾപ്പെടെ പലയിടത്തും കുഴിച്ച ഭാഗങ്ങളിൽ വാഹനം താഴ്ന്നു. കേബിളിനു വേണ്ടി കുഴിക്കുന്ന ഭാഗം അപകടാവസ്ഥ ഇല്ലാത്ത രീതിയിൽ നികത്തുന്നതിനു നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

