കൊച്ചി ∙ കലാസൃഷ്ടിയിൽ അസഭ്യ പ്രയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി 7 ലിനോകട്ട് ഗ്രാഫിക് പ്രിന്റുകൾ കീറിയെറിഞ്ഞു പ്രതിഷേധം. കേരള ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ കലാകേന്ദ്രത്തിൽ നടക്കുന്ന ‘അന്യവൽകൃത ഭൂമിശാസ്ത്രങ്ങൾ’ (എസ്ട്രേഞ്ച്ഡ് ജ്യോഗ്രഫീസ്) പ്രദർശനത്തിൽ ഓസ്ലോയിൽ നിന്നുള്ള ഫ്രഞ്ച് കലാകാരി ഹനാൻ ബെനംമാറിന്റെ കലാസൃഷ്ടിയിൽ അസഭ്യ പ്രയോഗങ്ങളുണ്ടെന്ന് ഉന്നയിച്ച് ആർട്ടിസ്റ്റ് പി.എച്ച്.ഹോചിമിനാണു പ്രദർശനത്തിന്റെ ഭാഗമായ പ്രിന്റുകൾ കീറിയത്.
കലാപ്രവർത്തകനായ സുധാംശു ഒപ്പമുണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഗാലറി അടയ്ക്കാറായ സമയമായതിനാൽ ഒരു സുരക്ഷാ ജീവനക്കാരനും മറ്റൊരാളും മാത്രമാണു ജോലിയിലുണ്ടായിരുന്നത്. കലാപ്രദർശനത്തിനായി മലയാളത്തിൽ മൊഴിമാറ്റിയ ‘ഗോ ഈറ്റ് യുവർ ഡാഡ്’ എന്ന സൃഷ്ടിയിലെ അസഭ്യ പ്രയോഗങ്ങൾക്കെതിരെ ഒരു വിഭാഗം കേരള ലളിതകലാ അക്കാദമിക്കെതിരെ തിരിഞ്ഞിരുന്നു.
18നാണു പ്രദർശനം തുടങ്ങിയത്. അസഭ്യ പ്രയോഗങ്ങൾക്കെതിരെ രണ്ടു ദിവസമായി കടുത്ത വിമർശനം ഉയർന്നിരുന്നു.
കലാസൃഷ്ടി കീറിയെറിഞ്ഞതിനെത്തുടർന്ന് അക്കാദമി ചെയർമാൻ, സെക്രട്ടറി എന്നിവർ ഉൾപ്പെടെയുള്ളവർ ഓൺലൈൻ യോഗം ചേർന്നു.
നിയമ നടപടിയുമായി മുന്നോട്ടു പോകണമെന്നാണു യോഗത്തിൽ പൊതുവായി ഉയർന്ന അഭിപ്രായം. സെൻട്രൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.
നിലവിൽ കേസെടുത്തിട്ടില്ല. വിയോജിപ്പുകളുണ്ടെങ്കിൽ പ്രകടിപ്പിക്കാമെന്നും ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും നീചപ്രവർത്തിയെ അപലപിക്കുന്നുവെന്നും ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് വ്യക്തമാക്കി.
സംഭവത്തിനു പിന്നാലെ പ്രദർശനത്തിന്റെ സംഘാടകരായ കേരള ലളിതകലാ അക്കാദമിക്ക് അനുകൂലമായും പ്രതികൂലമായും സമൂഹ മാധ്യമങ്ങളിലും ചർച്ചകൾ സജീവമായി. കലാസൃഷ്ടികൾ കീറിയെറിയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്.
സിസിടിവി ക്യാമറ ദൃശ്യങ്ങൾ അക്കാദമി ചെയർമാനും പങ്കുവച്ചു. നവംബർ 15 വരെയുള്ള പ്രദർശനം, പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തുടരുമോ എന്ന കാര്യം അക്കാദമി അധികൃതർ തീരുമാനിക്കും.
നോർവേയിലെ തീവ്രവലതുപക്ഷ വിഭാഗത്തിൽ നിന്നു നേരിട്ട വിദ്വേഷ പ്രസ്താവനകൾ ചേർത്ത് 2021ൽ സിൽക്കിൽ ചെയ്ത ‘ദ് നോർവീജിയൻ ആർടിസ്റ്റിക് കാനൻ’ ആണ് ഹനാന്റെ പ്രദർശനത്തിൽ പ്രധാനം. പ്രിന്റ് മേക്കിങ് രീതിയായ ലിനോകട്ട് ഉപയോഗിച്ചു റൈസ് പേപ്പറിൽ ഒരുക്കിയ ‘ഗോ ഈറ്റ് യുവർ ഡാഡി’ൽ അവർ നേരിട്ട വിവിധ അധിക്ഷേപ വാക്കുകളുടെ മലയാള തർമജയാണുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

