കാസർകോട്∙ ഇനിയൊരു യാത്രയ്ക്ക് പ്രഫ.വി.ഗോപിനാഥൻ കൂടെയില്ല. വീട്ടിൽ നിന്ന് പുലർച്ചെ എഴുന്നേറ്റ് പ്രഭാതനടത്തത്തിൽ ആരംഭിക്കുന്ന യാത്ര.
ജില്ലയിലെ സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി പരിപാടികളിൽ സജീവമായി പങ്കാളിയാവുകയും കുട്ടിത്തം വിടാത്ത മനസ്സുമായി പ്രകൃതിയിലേക്ക് കണ്ണുതുറന്ന് യാത്രകളിലലിയുകയും ചെയ്ത ഗോപിനാഥൻ വിട വാങ്ങിയതും ഒരു യാത്രയ്ക്കിടെയായത് ആകസ്മികം.
കാസർകോട് ട്രാവൽ ക്ലബ്ലിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലേക്ക് നടത്തിയ യാത്രയിൽ ആദ്യദിവസ യാത്രയുടെ അവലോകനം കഴിഞ്ഞ് നിലമ്പൂരിൽ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്നതായിരുന്നു ഗോപിനാഥൻ.
രാത്രി 12ന് ദേഹാസ്വാസ്ഥ്യം കാരണം വണ്ടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ പുലർച്ചെയാണ് ആ അപ്രതീക്ഷിത വിയോഗം കാസർകോട് ഞെട്ടലോടെ കേട്ടത്. 42 അംഗ സംഘമാണ് മലപ്പുറം യാത്രയിൽ ഉണ്ടായിരുന്നത്.
യാത്ര ഉപേക്ഷിച്ച് സംഘം നാട്ടിലേക്ക് മടങ്ങി.
കാസർകോട് ട്രാവൽ ക്ലബ് ചീഫ് ടൂർ ഡയറക്ടർ ആയിരുന്ന ഗോപിനാഥ് തന്നെയായിരുന്നു ടൂർ ഡയറക്ടർ. ഭാര്യ ശ്രീമതിയും കൂടെയുണ്ടായിരുന്നു പിറ്റേ ദിവസത്തെ യാത്രാ പരിപാടിയുടെ പ്ലാൻ തയാറാക്കി കിടന്നതായിരുന്നു ഗോപിനാഥൻ.
സ്വന്തം നിലയിലും കാസർകോട് ട്രാവൽ ക്ലബ് അംഗങ്ങളുമായി വിദേശങ്ങളിലുൾപ്പെടെ ഒട്ടേറെ യാത്ര ചെയ്തിട്ടുണ്ട്. ആദ്യം കാസർകോട് ഗവ.കോളജിലെ വിദ്യാർഥിയായി പിന്നീട് ജിയോളജി വിഭാഗം മേധാവിയും പ്രിൻസിപ്പലും കൊളീജിയറ്റ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുമായും ജോലി ചെയ്ത ഗോപിനാഥൻ പരിസ്ഥിതിയുമായി ബന്ധപ്പെട്ട
മേഖലയിൽ സജീവ പ്രവർത്തകനും വിവിധ സർക്കാർ സമിതികളിൽ അംഗവുമായിരുന്നു.
വിരമിച്ച ശേഷവും ആരോഗ്യ സ്ഥിതി കണക്കിലെടുക്കാതെ വിശ്രമമില്ലാതെ പൊതു രംഗത്ത് സജീവമായി. കാസർകോട് ഗവ.കോളജിന്റെ വികസനത്തിലും സുവർണ ജൂബിലി ആഘോഷത്തിലും പൂർവ വിദ്യാർഥി, അധ്യാപക കൂട്ടായ്മകളിലുമെല്ലാം വി.ഗോപിനാഥൻ നിറഞ്ഞുനിന്നിരുന്നു.
ദേശീയപാത വികസനത്തിലുൾപ്പെടെയുണ്ടായ അപാകതകൾ പത്രമാധ്യമങ്ങളിലൂടെയും മറ്റുമായി ചൂണ്ടിക്കാട്ടുകയും പരിസ്ഥിതി ആഘാത മുന്നറിയിപ്പുകൾ നൽകുന്നതിലും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞരെ ഉൾപ്പെടെ കാസർകോട് എത്തിച്ച് ശാസ്ത്ര വിഷയങ്ങളും പരിസ്ഥിതി വിഷയങ്ങളും ഉൾപ്പെടെയുള്ളവയിൽ ബോധവൽക്കരണം നടത്തുന്നതിലും ഗോപിനാഥൻ മുന്നിൽ നിന്നു പ്രവർത്തിച്ചിരുന്നു. കാസർകോട് പീപ്പിൾസ് ഫോറം പ്രസിഡന്റായ ഗോപിനാഥൻ അടുത്തിടെയാണ് വിദ്യാനഗർ പാലിയേറ്റീവ് കെയർ സ്ഥാപനത്തിന്റെ ചുമതല കൂടി ഏറ്റെടുത്തത്.
കേരള സ്റ്റേറ്റ് എൻവയൺമെന്റൽ ഇംപാക്ട് അസസ്സ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള സംസ്ഥാനതല വിദഗ്ധസമിതി അംഗം, സ്റ്റേറ്റ് എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റി എക്സി.അംഗം, വിവിധ യൂണിവേഴ്സിറ്റികളിൽ ജിയോളജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കണ്ണൂർ യൂണിവേഴ്സിറ്റി ജിയോളജി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, മഹാകവി പി സ്മാരക സമിതി സെക്രട്ടറി, വിദ്യാനഗർ ലയൺസ് ക്ലബ് പ്രസിഡന്റ്, വിദ്യാനഗർ ചിന്മയ കോളനി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, എൻഡോസൾഫാൻ ബന്ധപ്പെട്ട
സംസ്ഥാന പരിസ്ഥിതി കൗൺസിൽ അംഗം, മടിക്കൈ ഐഎച്ച്ആർഡി കോളജ് സ്ഥാപക പ്രിൻസിപ്പൽ, ത്രിവേണി ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ, പ്രഫ.ടി.സി.മാധവ പണിക്കർ എന്റോവ്മെന്റ് കമ്മിറ്റി സെക്രട്ടറി തുടങ്ങി ഒട്ടേറെ വിവിധ സ്ഥാപനങ്ങളിലും സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി സമിതികളിലും ഭാരവാഹിയായിരുന്നു.
നാനാ മേഖലകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1ന് കാസർകോട് ഗവ.കോളജിലും 2ന് വിദ്യാനഗർ ലയൺസ് ക്ലബ്ബിലും 3ന് വിദ്യാനഗറിലെ വസതിയിലും പൊതു ദർശനത്തിനു ശേഷം അഞ്ചരയോടെ പാറക്കട്ടയിലെ ശ്മശാനത്തിൽ സംസ്കാരം നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

