മുംബൈ ∙ ടാറ്റ സൺസിലെ ഭൂരിപക്ഷ ഓഹരി ഉടമകളായ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും ആജീവനാന്ത ട്രസ്റ്റിയായി വേണു ശ്രീനിവാസൻ നിയമിതനായി.
ട്രസ്റ്റിൽ ഷപൂർജി പല്ലോൻജി ഗ്രൂപ്പുമായുള്ള അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടയിലാണു ട്രസ്റ്റ് വൈസ് ചെയർമാൻ കൂടിയായ വേണു ശ്രീനിവാസന്റെ സേവന കാലയളവ് പരിധിയില്ലാതെ ദീർഘിപ്പിച്ചിരിക്കുന്നത്. ടിവിഎസ് മോട്ടർ കമ്പനിയുടെയും വാഹന ഘടക നിർമാതാക്കളായ ടിവിഎസ് ഹോൾഡിങ്സിന്റെയും ചെയർമാൻ ഇമെരിറ്റസ് ആണ് വേണു.
ചെയർമാൻ സ്ഥാനം വഹിക്കുന്ന നോയൽ ടാറ്റയുടെ സേവനകാലാവധി കഴിഞ്ഞ ജനുവരിയിൽ സമാന രീതിയിൽ ദീർഘിപ്പിച്ചിരുന്നു.
സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിനും സർ രത്തൻ ടാറ്റ ട്രസ്റ്റിനും കൂടി ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിൽ 52% ഓഹരികളാണുള്ളത്. സഹ ട്രസ്റ്റിയായ മെഹ്ലി മിസ്ത്രിയുടെ പുനർനിയമനവും വരുംദിവസങ്ങളിൽ ഇതേരീതിയിൽ പൂർത്തിയാവുമെന്നാണു പ്രതീക്ഷ.
ശ്രീനിവാസന്റെ പുനർനിയമനം അപ്രതീക്ഷിതമായിരുന്നില്ല.
ട്രസ്റ്റികൾക്കു കാലാവധിയില്ലാത്ത പുനർനിയമനം സാധ്യമാക്കുന്ന പ്രമേയം 2024 ഒക്ടോബർ 17ന് ഇരു ട്രസ്റ്റുകളും ഏകകണ്ഠമായി പാസാക്കിയിരുന്നു. ഏതെങ്കിലും ട്രസ്റ്റിക്കെതിരെ വോട്ട് ചെയ്യുന്ന ട്രസ്റ്റ് അംഗം ആ സ്ഥാനത്തു തുടരാൻ യോഗ്യരല്ലെന്നും പ്രമേയം വ്യക്തമാക്കിയിരുന്നു.
ഇതോടെ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിലെയും സർ രത്തൻ ടാറ്റ ട്രസ്റ്റിലെയും അംഗങ്ങൾ ആജീവനാന്തം തൽസ്ഥാനത്തു തുടരുമെന്ന് ഉറപ്പായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

