പേരാവൂർ ∙ മലയോരത്ത് മഴ തുടരുന്നതിനാൽ ടാപ്പിങ് തുടങ്ങാനാകാതെ റബർ കർഷകർ പ്രതിസന്ധിയിലായി. വരുമാന സ്രോതസ്സ് അടയുന്നതിന് ഒപ്പം കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് റബറിന് രോഗങ്ങൾ ബാധിച്ച് നശിക്കുന്നതും കർഷകരുടെ ദുരിതം വർധിപ്പിക്കുന്നു. ആറ് മാസമായി വില 180 മുതൽ 185 രൂപ വരെയായി നിലനിർത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ളത് 180 രൂപയാണ്. വില ഇതിലും താഴ്ന്നാൽ മാത്രമാണ് ഇൻസെന്റീവ് നൽകണം.
നിശ്ചയിക്കപ്പെട്ട അടിസ്ഥാന വില ലഭിക്കാതെ വന്നാൽ കർഷകന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇൻസെന്റീവ് നൽകേണ്ടതില്ലാത്ത വിധത്തിൽ വില പിടിച്ചുനിർത്തുകയാണ് സർക്കാർ.
എന്നാൽ അടിസ്ഥാന വില 250 ആക്കുമെന്ന അഞ്ച് വർഷം മുൻപ് നടത്തിയ പ്രഖ്യാപനം ഇനിയും സർക്കാർ ഓർക്കുന്നില്ല.
മഴ മാറിയതിനാൽ സെപ്റ്റംബർ മാസം മുതൽ ടാപ്പിങ് തുടങ്ങാൻ സാധിച്ചിരുന്നു. എന്നാൽ ഈ വർഷം ഒക്ടോബർ കഴിയുമ്പോഴും ടാപ്പിങ് ആരംഭിക്കാൻ കഴിയാത്ത വിധം മഴ ശക്തമായി തുടരുകയാണ്.
മേയ് മാസം മുതൽ മഴ പെയ്തു തുടങ്ങിയതിനാൽ സീസൺ കാലത്തും ടാപ്പിങ് മുടങ്ങി. ഏതാനും ദിവസത്തേക്ക് ആണെങ്കിലും 211 രൂപ വരെ വില കിട്ടി എന്നതൊഴിച്ചാൽ കർഷകന് നേട്ടമൊന്നും ഉണ്ടായില്ല.
എന്നാൽ ടാപ്പിങ് തൊഴിലാളികളുടെ കൂലി മുതൽ നേർ വളങ്ങളുടെ വില വരെ കർഷകരെ പ്രതിസന്ധിയിലാക്കും വിധം തുടരുകയാണ്.
ഒരു മരം വെട്ടുന്നത് 3 രൂപയാണ് കൂലി നൽകുന്നത്. ഒരു വർഷം ഒരു മരത്തിനായി ശരാശരി 425 രൂപ കൂലിയിനത്തിൽ ചെലവുണ്ട്. ഒരു വർഷം 120 ദിവസം വരെയാണ് റബർ ടാപ്പ് ചെയ്യാൻ സാധിക്കുന്നത് എങ്കിൽ ഈ വർഷം അത്രയും ദിവസം ടാപ്പിങ് നടത്താൻ സാധിക്കില്ല എന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
ഒരു റബർ മരത്തിൽ നിന്ന് കർഷകന് ലഭിക്കുന്നത് 850 രൂപ മുതൽ 1000 രൂപ വരെയാണ്. എന്നാൽ പല തരം കൂലികൾ, രാസവളം, കീടനാശിനി, തോട്ടം വൃത്തിയാക്കൽ എന്നിവയുടെ എല്ലാം ചെലവുകൾ കണക്കാക്കിയാൽ ടാപ്പിങ് നടത്താൻ പോലും കഴിയാത്ത അവസ്ഥയാണെന്നും കർഷകർ പറയുന്നു.
ആവശ്യത്തിന് ടാപ്പിങ് തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയും ഉണ്ട്.ഇതിനു പുറമേയാണ് മരങ്ങളെ ബാധിക്കുന്ന രോഗങ്ങൾ.
തുടർച്ചയായി ഇല കൊഴിച്ചിൽ ഉണ്ടാകുന്ന തോട്ടങ്ങളും ഉണ്ട്. പട്ടമരപ്പ്, ഇലപ്പുള്ളി, തടിയിൽ കുത്തൽ തുടങ്ങിയ രോഗങ്ങൾക്ക് പുറമേ വേര് ചീയൽ കൂടി റബർ കൃഷിയെ ബാധിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം മാത്രം ടാപ്പിങ് നടത്തിയിട്ടു പോലും പട്ടമരപ്പ് ബാധിക്കുന്നു.
ഇതിന് പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. ഇതെല്ലാം മറി കടന്നാലും തോട്ടത്തിലെ കാട് വയക്കി വൃത്തിയാക്കുന്നതിനും വലിയ കൂലി നൽകേണ്ടതായി വരുന്നു.
തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഇത്തരം മേഖലകളിൽ ലഭ്യമാക്കണം എന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
ടാപ്പിങ് തൊഴിലിൽ നിന്നുള്ള കൊഴിഞ്ഞു പോക്കും പുതിയതായി ടാപ്പിങ് രംഗത്തേക്ക് തൊഴിലാളികൾ കടന്നു വരാത്തതും കർഷകരുടെ പ്രതിസന്ധി വർധിപ്പിക്കുന്നു. ഭൂ നികുതി വർധിപ്പിച്ചതും കർഷകർക്ക് ഇരുട്ടടിയായി. കാലാവധി പൂർത്തിയായ തോട്ടങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റാൻ പോലും നിയമക്കുരുക്കുകളും തൊഴിൽ നിയമങ്ങളും തടസ്സമാകുന്നു എന്നാണ് പേരാവൂരിലെ കർഷകനും റബർ കർഷക സംഘം ഭാരവാഹിയുമായ ജോസ് വാഹാനിയിൽ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

