ചൈനയുമായുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കാൻ ഒരുവശത്ത് ശ്രമിക്കുന്ന യുഎസ്, മറുവശത്ത് യുദ്ധം ആളിക്കത്തിക്കാനും ശ്രമിക്കുന്നു! അപൂർവ ധാതുക്കളിൽ (റെയർ എർത്ത്) ചൈനയുടെ കുത്തകയ്ക്ക് വെല്ലുവിളി സൃഷ്ടിക്കാനായി ഓസ്ട്രേലിയൻ സർക്കാരുമായി 8.5 ബില്യൻ ഡോളറിന്റെ (ഏകദേശം 75,000 കോടി രൂപ) റെയർ എർത്ത് പദ്ധതിക്കരാർ ഒപ്പുവച്ച് ഡോണൾഡ് ട്രംപ്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി വൈറ്റ്ഹൗസിൽ ട്രംപ് കരാർ ഒപ്പിട്ടു.
ചൈനയെ ഒഴിവാക്കി റെയർ എർത്ത് വിതരണശൃംഖല സൃഷ്ടിക്കുകയാണ് ട്രംപിന്റെ ഉദ്ദേശ്യം. നിലവിൽ ലോകത്തിന്റെ റെയർ എർത്ത് വിതരണശൃംഖലയിൽ 95% വരെ ചൈനയുടെ സ്വന്തമാണ്.
പ്രതിരോധം, ഇലക്ട്രിക് വാഹന (ഇവി) നിർമാണം, സോളർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾക്ക് അനിവാര്യമാണ് റെയർ എർത്ത്. യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയുമൊക്കെ ഇതിനായി ഏറ്റവുമധികം ആശ്രയിക്കുന്നതും ചൈനയെയാണ്.
പുതിയ റെയർ എർത്ത് വിതരണ ശൃഖല സജ്ജമാക്കാനായി യുഎസ് കമ്പനികൾ ഓസ്ട്രേലിയയിൽ നിക്ഷേപം നടത്തും.
ഒരു പദ്ധതിയാകട്ടെ യുഎസും ഓസ്ട്രേലിയയും ജപ്പാനും ചേർന്നുള്ളതുമാണ്. പ്രതിവർഷം 100 മെട്രിക് ടൺ ശേഷിയുള്ള ഗാലിയം റിഫൈനറി ഉൾപ്പെടെയാണ് ‘കങ്കാരുക്കളുടെ’ നാട്ടിൽ യുഎസ് സജ്ജമാക്കുക.
അതേസമയം, ചൈന റെയർ എർത്തിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെങ്കിലോ വ്യാപാരക്കരാർ സംബന്ധിച്ച ചർച്ച പൊളിക്കാൻ ശ്രമിച്ചാലോ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിട്ടുണ്ട്.
നവംബർ ഒന്നുമുതൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 100% അധികത്തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ചൈന കടുംപിടിത്തം തുടർന്നാൽ ഇതു 155% ആക്കുമെന്നാണ് പുതിയ ഭീഷണി.
ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി വൈകാതെ ദക്ഷിണ കൊറിയയിൽ കൂടിക്കാഴ്ച നടത്താനാകുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്.
∙ യുഎസ് ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്സ് സൂചികകൾ നേരിയ നേട്ടത്തിലാണുള്ളത്. ഡൗ 0.1% ഉയർന്നു.
എസ് ആൻഡ് പി, നാസ്ഡാക് എന്നിവ കാര്യമായ മാറ്റമില്ലാതെ നിൽക്കുന്നു.
∙ ജപ്പാനിൽ തകയ്ചി ഭരണത്തിന് തിരിതെളിയുന്ന പശ്ചാത്തലത്തിൽ, ഓഹരി സൂചികയായ നിക്കേയ് 1.5% കുതിച്ച് വീണ്ടും റെക്കോർഡ് തകർത്തു.
∙ ചൈനീസ്, യൂറോപ്യൻ ഓഹരികളും പൊതുവേ നേട്ടത്തിലാണ്.
∙ ഇസ്രയേൽ-ഹമാസ്, യുക്രെയ്ൻ-റഷ്യ പോരിനും പരസ്പരം പഴിചാരലിനും അയവില്ലാത്തത് മുതലെടുത്ത് യൂറോപ്യൻ ഓഹരി വിപണികളിൽ പ്രതിരോധ ഓഹരികൾ (ഡിഫൻസ് സ്റ്റോക്ക്സ്) 8% വരെ കുതിച്ചുകയറി.
ഇന്ത്യയ്ക്ക് ഇന്ന് ‘മുഹൂർത്ത വ്യാപാരം’
ദീപാവലി ആഘോഷത്തോടും സംവത് 2082 വർഷാരംഭത്തോടും അനുബന്ധിച്ചുള്ള ‘മുഹൂർത്ത വ്യാപാരം’ ഇന്നു ഉച്ചയ്ക്ക് നടക്കും. കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വിപണി.
ഇന്നലെ സെൻസെക്സ് 411 പോയിന്റും (+0.49%) നിഫ്റ്റി 133 പോയിന്റും (+0.52%) ഉയർന്നിരുന്നു.
മുഹൂർത്ത വ്യാപാരത്തിൽ പ്രീ-ഓപ്പൺ സെഷൻ ഉച്ചയ്ക്ക് 1.30 മുതൽ 1.45 വരെയാണ്. തുടർന്നാണ് ഒരു മണിക്കൂർ നേരത്തേക്ക് സാധാരണ വ്യാപാരം.
ഓഹരി വാങ്ങൽ/വിൽക്കൽ ഇടപാടുകളിൽ അന്തിമമായി മാറ്റംവരുത്താൻ (ട്രേഡ് മോഡിഫിക്കേഷൻ) 2.55 വരെയും സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുക, നിക്ഷേപങ്ങൾ തുടങ്ങുക, വീടോ വാഹനങ്ങളോ വസ്ത്രങ്ങളോ ആഭരണങ്ങളോ മറ്റോ വാങ്ങുക എന്നിവയ്ക്കെല്ലാം ഐശ്വര്യപൂർണമായ ‘മുഹൂർത്തമായാണ്’ ഈ ഒരു മണിക്കൂറിനെ ഉത്തരേന്ത്യക്കാർ കാണുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ വൈകിട്ട് 6 മുതൽ 7 വരെയായിരുന്നു മുഹൂർത്ത വ്യാപാരം. ഇക്കുറി ഇത് ഉച്ചയ്ക്കാണെന്നതും അപൂർവതയാണ്.
2012 മുതൽ 2024 വരെയുള്ള 13 മുഹൂർത്ത വ്യാപാരങ്ങളിൽ 10ലും നേട്ടത്തിന്റെ മധുരം നുണഞ്ഞു.
2024ലെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 335.06 പോയിന്റ് (+0.42%) ഉയർന്ന് 79,724.12ലും നിഫ്റ്റി 99 പോയിന്റ് (+0.41%) നേട്ടവുമായി 24,304ലും എത്തിയിരുന്നു. നിലവിൽ സെൻസെക്സുള്ളത് 83,952ൽ ആണ്; നിഫ്റ്റി 25,709ലും.
∙ കേരളക്കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിട്ടിരുന്നു.
ലാഭം 59.1%, വരുമാനം 22.3% എന്നിങ്ങനെ കുറഞ്ഞു.
∙ ഫെഡറൽ ബാങ്ക് 5,000-6,000 കോടി രൂപയുടെ പ്രിഫറൻഷ്യൽ ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നതായി സൂചനയുണ്ട്. പുതിയ ഓഹരികൾ സൃഷ്ടിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ യോഗ്യരായ നിക്ഷേപകർക്ക് നൽകുന്നതാണ് പ്രിഫറൻഷ്യൽ ഓഹരി വിൽപന.
∙ യുഎസ് നിക്ഷേപക വമ്പനായ ബ്ലാക്ക്സ്റ്റോൺ ഫെഡറൽ ബാങ്കിന്റെ ഓഹരിവിൽപനയിൽ പങ്കെടുത്തേക്കും.
9.99% ഓഹരികളാകും ഫെഡറൽ ബാങ്ക് പ്രിഫറൻഷ്യൽ ഇഷ്യൂ വഴി വിറ്റഴിച്ചേക്കുക.
∙ സൗത്ത് ഇന്ത്യൻ ബാങ്കിൽ ആദിത്യ കുമാർ ഹൽവാസിയ ഓഹരിക്ക് 35.24 രൂപയ്ക്ക് വീതം 0.76% ഓഹരികൾ സ്വന്തമാക്കി. 70.83 കോടി രൂപയുടേതാണ് ഇടാപട്.
∙ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നലെ 16.11 ശതമാനമാണ് കുതിച്ചുകയറിയത്.
ഫെഡറൽ ബാങ്ക് ഓഹരി 7.31 ശതമാനവും.
എണ്ണയും സ്വർണവും
ഡിമാൻഡിൽ കവിഞ്ഞ സ്റ്റോക്ക് വിപണിയിലേക്ക് ഒഴുകുന്നതും യുഎസ്-ചൈനാപ്പോരിന് ശമനമില്ലാത്തതും എണ്ണവിലയെ താഴേക്ക് നയിക്കുന്നു. ബ്രെന്റ് വില 60 ഡോളറിലും ഡബ്ല്യുടിഐ വില 57 ഡോളറിലുമാണുള്ളത്.
∙ ഡോളറിന്റെയും യുഎസ് ബോണ്ടിന്റെയും തളർച്ച, ശമനമില്ലാത്ത ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാരയുദ്ധം എന്നിവയുടെ പശ്ചാത്തലത്തിൽ സ്വർണവില തിരിച്ചുകയറുന്നു.
രാജ്യാന്തരവില ഔൺസിന് 91 ഡോളർ ഉയർന്ന് 4,341 ഡോളറിലാണ് ഇന്നു രാവിലെയുള്ളത്. വില കൂടുന്ന ട്രെൻഡാണ് വിപണി കാട്ടുന്നതും.
കേരളത്തിൽ ഇന്നു വില ഉയർന്നേക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

