തിരുവനന്തപുരം ∙ രാഷ്ട്രപതി
4 ദിവസത്തെ സന്ദർശനത്തിനായി ഇന്നു കേരളത്തിലെത്തും. വൈകിട്ട് 6.20നു തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും.
ഇന്നു രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ ഉച്ചയോടെ ശബരിമലയിൽ ദർശനം നടത്തും. വൈകിട്ടു ഗവർണർ തലസ്ഥാനത്തെ ഹോട്ടലിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.
23നു രാവിലെ 10.30നു രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ശിവഗിരിയിൽ ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷത്തിൽ സംബന്ധിച്ച്, വൈകിട്ടു 4.15നു ഡൽഹിക്കു തിരിക്കും.
രാഷ്ട്രപതി നാളെ ശബരിമലയിൽ; പമ്പയിൽനിന്ന് കെട്ടുനിറയ്ക്കും, ഉച്ചപൂജയ്ക്കു ശേഷം മലയിറക്കം
തിരുവനന്തപുരം/ശബരിമല ∙ നാളെ അയ്യപ്പദർശനത്തിനായി ശബരിമലയിൽ എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു മലകയറുന്നതു പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ചശേഷം.
ഗവർണർ രാജേന്ദ്ര ആർലേക്കറും പത്നി അനഘയും കെട്ടുനിറച്ചു ശബരിമലയിലേക്കു രാഷ്ട്രപതിയെ അനുഗമിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ തീരുമാനം മാറ്റി.
നാളെ രാവിലെ 10.20നു നിലയ്ക്കൽ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി അവിടെനിന്നു റോഡുമാർഗം പമ്പയിൽ എത്തും. പമ്പാ സ്നാനത്തിനു പകരം രാഷ്ട്രപതിക്കു കാൽകഴുകി ശുദ്ധി വരുത്തുന്നതിനായി ത്രിവേണി പാലത്തിനു സമീപം ജലസേചന വകുപ്പു പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനു പമ്പ ഗണപതികോവിലിൽ എത്തും.
11.10ന് ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിൽ പമ്പയിൽനിന്നു സന്നിധാനത്തേക്കു പുറപ്പെടും. 6 വാഹനങ്ങളുടെ അകമ്പടി ഉണ്ടാകും.
11.50നു സന്നിധാനത്ത് എത്തും. പതിനെട്ടാംപടി കയറി 12.20ന് അയ്യപ്പദർശനം നടത്തും.
ഉച്ചപൂജയും കണ്ടു തൊഴുതശേഷം ദേവസ്വം ഗെസ്റ്റ്ഹൗസിൽ വിശ്രമിക്കും. മൂന്നോടെ നിലയ്ക്കലിലേക്കു മടങ്ങി, 4.20നു ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തേക്കു തിരിക്കും.
തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ രാഷ്ട്രപതിക്കു ഗവർണർ ഒരുക്കുന്ന അത്താഴ വിരുന്നിലേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരും ഉൾപ്പെടെ നൂറ്റൻപതോളം പേർക്കു ക്ഷണമുണ്ട്.
മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ്ഗോപി തുടങ്ങിയവരും പങ്കെടുക്കും.
നാളെയും രാജ്ഭവനിലാണു രാഷ്ട്രപതിയുടെ താമസം. 23നു രാവിലെ 10.30നു മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്യും.
ഗവർണറെക്കൂടാതെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവരും പങ്കെടുക്കും.
11.55നു വർക്കലയ്ക്കു ഹെലികോപ്റ്ററിൽ പുറപ്പെടും. 12.50നു ശിവഗിരിയിൽ ശ്രീനാരായണഗുരു സമാധി ശതാബ്ദി ആചരണ ചടങ്ങിൽ മുഖ്യാതിഥിയാകും.
ശിവഗിരിയിലാണ് ഉച്ചഭക്ഷണം. 3.50നു പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി, 4.15നു കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും.
5.10നു ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക്. 6.20നു കുമരകം താജ് റിസോർട്ടിലെത്തുന്ന രാഷ്ട്രപതി അവിടെ താമസിക്കും.
24നു രാവിലെ 11നു കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്.
11.35നു കൊച്ചി നാവിക വിമാനത്താവളത്തിൽ സ്വീകരണം. റോഡ് മാർഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി, കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും.
1.10നു ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകിട്ട് 3.45നു നാവികസേനാ വിമാനത്താവളത്തിൽനിന്നു ഹെലികോപ്റ്ററിൽ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലെത്തി, 4.15നു പ്രത്യേക വിമാനത്തിൽ ഡൽഹിക്കു മടങ്ങും.
ശബരിമലയിൽ ഇന്നും നാളെയും നിയന്ത്രണം
രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും ശബരിമലയിൽ നിയന്ത്രണം.
ഇന്ന് 12,500 പേർക്കു മാത്രമാണു ദർശനത്തിനുള്ള വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്. സന്നിധാനത്തും പമ്പയിലും ഉള്ളവരെ ഒഴിപ്പിക്കും.
സന്നിധാനത്ത് ഉള്ളവരോട് ഉച്ചയ്ക്കു ശേഷം മലയിറങ്ങാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രപതി ദർശനത്തിന് എത്തുന്ന നാളെ ആർക്കും വെർച്വൽ ക്യു അനുവദിച്ചിട്ടില്ല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

