കണ്ണൂർ ∙ ദീപാവലിയോട് അനുബന്ധിച്ച് ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ വർധനവിനെത്തുടർന്ന് ട്രെയിനുകളിലും സ്റ്റേഷനുകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. മിക്ക ട്രെയിനുകളിലും കാലു കുത്താൻ ഇടമില്ലാത്ത സ്ഥിതിയായിരുന്നു.
കണ്ണൂരിൽ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് കൗണ്ടറുകളിലും കഴിഞ്ഞ ദിവസം മുതൽ തന്നെ തിരക്ക് ആരംഭിച്ചിരുന്നു. ശനിയാഴ്ച മുതൽ ഒരുമിച്ച് അവധി ലഭിച്ചതോടെ പ്രാദേശിക യാത്രക്കാരുടെ എണ്ണവും ദീർഘദൂര യാത്രക്കാരുടെ തിരക്കും ഒരുമിച്ച് വന്നതോടെ ട്രെയിൻ യാത്ര ദുരിത പൂർണമായി.
ദീപാവലി തലേന്നായ ഞായറാഴ്ച ട്രെയിനുകളിൽ നിന്നു തിരിയാൻ ഇടമില്ലാതെ ഹൃസ്വദൂര യാത്രക്കാർ ഉൾപ്പെടെ പ്രയാസപ്പെട്ടു.
മുൻ വർഷങ്ങളിൽ ദീപാവലിക്ക് കൂടുതൽ കോച്ചുകളോ സ്പെഷൽ ട്രെയിനുകളും അനുവദിക്കാറുണ്ടെങ്കിലും ഇത്തവണ അവഗണനയായിരുന്നു. നേത്രാവതി എക്സ്പ്രസിൽ പിറകിൽ രണ്ടും മുന്നിൽ ഒന്നര കോച്ചുകളും മാത്രമാണ് ഉണ്ടായിരുന്നത്.
മിക്ക സ്റ്റേഷനുകളിലും യാത്രക്കാർക്ക് ട്രെയിനുകളിൽ കയറാൻ പോലും സാധിച്ചില്ല. ഇതു കാരണം പലർക്കും യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടായി.ദിവസങ്ങൾക്ക് മുൻപേ തന്നെ ഇതര സംസ്ഥാനക്കാരുടെ തിരക്കിൽ ദീർഘദൂര യാത്രയ്ക്ക് റിസർവേഷൻ പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി.
ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വർധിച്ചതോടെ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ദീപാവലി തിരക്ക് ഇരട്ടിയാണെന്നാണ് വിലയിരുത്തൽ.
ഇത്തരം ആഘോഷ വേളകളിൽ സ്പെഷൽ ട്രെയിൻ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് അംഗം റഷീദ് കവ്വായി പറഞ്ഞു.ദീർഘദൂര യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പ്രാദേശിക യാത്രക്കാർക്ക് പ്രയാസം നേരിടുന്ന സ്ഥിതി വിശേഷമായിരുന്നു. കൊങ്കൺ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കാനുള്ള അടിയന്തര ഇടപെടലുണ്ടാവണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

